മഞ്ഞുമ്മല്‍ ബോയ്സില്‍ സുഭാഷിന്‍റെ അമ്മവേഷവും എമ്പുരാനിലെ സ്വപ്നതുല്യമായ വേഷവും... -റിനി ഉദയകുമാര്‍
മലയാളത്തിലെ ഏറ്റവും വലിയ സിനിമ പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കി ഇന്ന് തീയേറ്ററുകളെ ഇളക്കിമറിച്ചപ്പോള്‍ ചിത്രത്തിലെ സുപ്രധാനരംഗത്ത് പ്രത്യക്ഷപ്പെട്ട റിനി ഉദയകുമാര്‍ ഇത് സ്വപ്നതുല്യമെന്ന് പറയുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മഞ്ഞുമ്മല്‍ ബോയ്സിലെ പ്രധാന സ്ത്രീ കഥാപാത്രമായിരുന്നു റിനി. വലിയ സിനിമകളുടെ ഭാഗമാവുമ്പോള്‍ നമ്മള്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഒരുപാട് പേരിലേക്കെത്തും. എമ്പുരാനിലെ വേഷം സര്‍പ്രൈസായിരുന്നു. ആ വലിയ സിനിമയുടെ ചെറിയ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. സിനിമ കണ്ട് ഒരുപാട് പേര്‍ വിളിച്ചു സന്തോഷം അറിയിച്ചു.

എമ്പുരാന്‍റെ ഭാഗമായത് എങ്ങനെയായിരുന്നു?
ലൂസിഫര്‍ തീയേറ്ററില്‍ കാണുമ്പോള്‍ ഞാന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ എത്തുമെന്ന് പോലും ചിന്തിച്ചിട്ടില്ല. അന്ന് കണ്ട സ്റ്റീഫന്‍ നെടുമ്പള്ളിയോടും പ്രിയദര്‍ശിനി രാംദാസിനോടും ജിതിന്‍ രാംദാസിനോടുമെല്ലാം വല്ലാത്തൊരു ഇഷ്ടം തോന്നിയിരുന്നു. അതിലുപരി ഒരുപാട് ഇഷ്ടപ്പെടുന്ന നടന്‍ പൃഥ്വിരാജ് സംവിധായകനാകുന്ന കൗതുകവും. അന്ന് ലൂസിഫര്‍ കണ്ടപ്പോള്‍ ഇങ്ങനെയൊരു സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അതിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍ എത്തുമ്പോള്‍ അതില്‍ ഒരു പരമപ്രധാനപ്പെട്ട രംഗത്തില്‍ എന്‍റെ മുഖം തെളിയുന്നു. സ്വപ്നമല്ലാതെ എന്താണ് ഇതിനെ പറയുക? അന്ന് ആഗ്രഹിച്ചത് ഇന്ന് നടന്നിരിക്കുന്നു. ലൂസിഫറിനേക്കാള്‍ ഏറ്റവും വലിയ സിനിമയുടെ ഭാഗമായി മാറാന്‍ കഴിഞ്ഞു.
സാധാരണ ഞാന്‍ ഏതൊരു സിനിമയുടെ ഭാഗമാവുമ്പോഴും അടുത്ത് നില്‍ക്കുന്നവര്‍ അറിയാറുണ്ട്. ചിലപ്പോള്‍ സോഷ്യല്‍മീഡിയ വഴിയും അല്ലെങ്കില്‍ ഞാനായും പറയാറുണ്ട്. പക്ഷേ എമ്പുരാന്‍റെ ഭാഗമായ കാര്യം അധികം ആര്‍ക്കും അറിയില്ലായിരുന്നു. ഇന്ന് സിനിമയില്‍ പെട്ടെന്ന് എന്നെ കണ്ടപ്പോള്‍ ശരിക്കും എല്ലാവരും ഞെട്ടിയിട്ട് എനിക്ക് മെസ്സേജുകള്‍ അയയ്ക്കുന്നു, വിളിക്കുന്നു. പ്രതീക്ഷിക്കാതെ കണ്ട സന്തോഷം എല്ലാവരും വിളിച്ചുപറഞ്ഞപ്പോള്‍ സന്തോഷം തോന്നി. അതൊരു പുതിയ അനുഭവമായിരുന്നു. എമ്പുരാന്‍റെ ചീഫ് അസോസിയേറ്റ് വാവയാണ് ആദ്യം കണക്ട് ചെയ്യുന്നത്. ഇങ്ങനെയൊരു വേഷമുണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്‍റെ ഫോട്ടോസ് അയച്ചുകൊടുത്തുവെങ്കിലും അവര്‍ക്ക് കുറച്ചുകൂടെ പ്രായം തോന്നിക്കുന്ന ഒരാളാണ് വേണ്ടതെന്ന് പറഞ്ഞു. ആദ്യം കേട്ടപ്പോള്‍ നിരാശ തോന്നിയിരുന്നു. അപ്പോള്‍ ഓസ്ലറിലെ ക്യാരക്ടര്‍ പോസ്റ്റര്‍ അയച്ചുകൊടുത്തു. അത് കണ്ടപ്പോള്‍ അവര്‍ കണ്‍വിന്‍സിങ്ങായി. അങ്ങനെയാണ് ആ വേഷം കിട്ടുന്നത്. മൂന്നുപേര്‍ ചേര്‍ന്നാണ് മേക്കപ്പ് ചെയ്തുതന്നത്. അവരുടെ വര്‍ക്ക് അത്രയധികം നല്ലതായിരുന്നു. അതാണ് ഈ വേഷം എല്ലാവരും ശ്രദ്ധിക്കാനും കാരണമായത്.
പൃഥ്വിരാജ് എന്ന സംവിധായകന്‍
പേഴ്സണലി ഒരുപാട് ഇഷ്ടവും ബഹുമാനവുമുള്ള ഒരാളാണ് പൃഥ്വി. ഇതിന് മുമ്പ് ജനഗണമന എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട് പൃഥ്വിയ്ക്കൊപ്പം അഭിനയിക്കാന്‍ ആണെങ്കിലും വലിയ സന്തോഷമാണ്. വളരെ തന്മയത്വത്തോടെയുള്ള അഭിനയവും സംവിധാനവും, എല്ലാവരെയും വളരെ കംഫര്‍ട്ടാക്കി ഒരു സീനിനെ ഏറ്റവും മനോഹരമാക്കി കൊണ്ടുവരാനുള്ള ഒരു മാജിക് പൃഥ്വിക്കുണ്ട്.

മഞ്ഞുമ്മലിലെ അമ്മ എത്രത്തോളം പ്രിയപ്പെട്ടതാണ്?
മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം എനിക്ക് കൂടുതല്‍ വിസിബിലിറ്റി തന്നതെന്ന് പറയാം. ക്ലൈമാക്സ് സീനില്‍ കുട്ടനെ കെട്ടിപ്പിടിച്ചുകരയുന്ന സീനിനെക്കുറിച്ച് ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ പലരും സംസാരിക്കുന്നത് കാണുമ്പോള്‍ സന്തോഷമാണ്. അത്രയും ആള്‍ക്കാരിലേക്ക് എത്തിയ ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു സ്ത്രീ കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞു. ചിദു ആ സീന്‍ പറഞ്ഞുതന്നിട്ട് ചേച്ചിയാണെങ്കില്‍ അവിടെ എങ്ങനെയാണ് പെരുമാറുക എന്ന് പറഞ്ഞാണ് ചെയ്തത്. അതുകൊണ്ടുതന്നെ ഉള്ളില്‍ നിന്നാണ് ആ കഥാപാത്രം ചെയ്തത്. അതിന്‍റെ ആ റിസള്‍ട്ട് തന്നെയാണ് സീനിന് കിട്ടിയ പ്രശംസയും.
മക്കള്‍ തന്നതാണ് ഇപ്പോഴത്തെ ജീവിതം
മകള്‍ അഭിരാമിയും മകന്‍ അമലും തന്നതാണ് ഇപ്പോഴത്തെ എന്‍റെ ജീവിതം. രണ്ടുപേരും സിനിമ സംബന്ധമായ കാര്യങ്ങള്‍ ചെയ്യുന്നവരായതുകൊണ്ട് പരിചിതമായ സ്പേസ് തന്നെയായിരുന്നു ആ ഇടം. പക്ഷേ ജീവിതത്തില്‍ ഒരിക്കല്‍ പോലും അഭിനയിക്കുമെന്ന് പോലും ചിന്തിക്കാത്ത ഞാന്‍ ഇന്നിത്ര വലിയ പ്രോജക്ടുകളുടെ ഭാഗമായി നില്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ പിന്തുണയാണ് അവര്‍ തന്ന ധൈര്യമാണ്.

പുതിയ പ്രോജക്ടുകള്‍
ഇഷ്കിനുശേഷം അനുരാജ് മോഹന്‍ സംവിധാനം ചെയ്യുന്ന നരിവേട്ടയില്‍ ടോവിനോയുടെ അമ്മ വേഷം ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട വേഷമാണ്. ടോവിനോയെ കൂടാതെ സുരാജും പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. സേതുനാഥ് പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ആഭ്യന്തരകുറ്റവാളിയില്‍ ഒരു വേഷം ചെയ്തിട്ടുണ്ട് ഒപ്പം ആശാന്‍, അവറാച്ചന്‍ ആന്‍ഡ് സണ്‍സ് തുടങ്ങിയ ചിത്രങ്ങളാണ് ഇനി റിലീസിനുള്ളത്. ആര്‍.ഡി.എക്സ് സംവിധായകന്‍ നഹാസിന്‍റെ പുതിയ പ്രോജക്ട് ആം ഗെയിം എന്ന ചിത്രത്തിലേക്ക് കാള്‍ വന്നിട്ടുണ്ട്.