NEWS

കരിയറിൽ ഇത് ആദ്യമായി പോലീസ് വേഷത്തിൽ ധനുഷ്, സംവിധായകൻ ആരെന്നറിഞ്ഞോ ?

News

തമിഴ് സിനിമയിലെ 'തല'യായ അജിത്തിനെ നായകനാക്കി എച്ച്.വിനോദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'തുണിവ്'. 'നേർകൊണ്ട പാർവൈ', 'വലിമൈ' എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്തും, എച്ച്.വിനോധും വീണ്ടും ഒന്നിച്ചിരിക്കുന്ന ഈ ചിത്രം ജനവരി 12-ന് റിലീസാകാനിരിക്കുകയാണ്. ഈ ചിത്രത്തിനെ തുടർന്ന് എച്ച്.വിനോദ്, സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷാണ് നായകനായി അഭിനയിക്കുന്നത് എന്നുള്ള വിവരം മുൻപ് നൽകിയിരുന്നു. ഇപ്പോൾ ഈ ചിത്രം സംബന്ധമായി വേറെ ചില പുതിയ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതായത് എച്ച്.വിനോദ് അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരുക്കിയ ഒരു പോലീസ് കഥയാണത്രെ! ഇതിൽ ധനുഷ് പോലീസ് ഓഫീസറായിട്ടാണത്രെ അഭിനയിക്കുന്നത്. ധനുഷ് തന്റെ സിനിമാ കരിയറിൽ പോലീസ് വേഷത്തിൽ എത്തുന്നത് ഇത് ആദ്യമായാണ്.

തമിഴ് നാട്ടിൽ ചില വർഷങ്ങൾക്ക് മുൻപ് നടന്ന ചില കൊള്ള, കൊല സംഭവങ്ങളുടെ അടിസ്ഥാനത്തിൽ എച്ച്.വിനോദ് ഒരുക്കിയ ചിത്രമാണ് 'ധീരൻ അധികാരം ഒൻട്രു'. കാർത്തി പോലീസ് ഓഫീസറായി അഭിനയിച്ച ഈ ചിത്രം വമ്പൻ വിജയം നേടിയിരുന്നു. ഈ ചിത്രത്തിനെ തുടർന്ന്  എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രവും ഒരു പോലീസ്  ഉദ്യോഗസ്ഥൻ പറഞ്ഞ ചില സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന തിരക്കഥയാണത്രെ. ഈ ചിത്രത്തിന് വേണ്ടി ധനുഷ് നിറയെ ഹോം വർക്ക് ചെയ്യേണ്ടതുണ്ട് എന്നും,  അതിനാൽ ധനുഷ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന 'ക്യാപ്റ്റൻ മില്ലർ' എന്ന സിനിമയുടെ ചിത്രീകരണം മുഴുവനും കഴിഞ്ഞതിനു ശേഷമേ  ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുകയുള്ളുവത്രേ!

അതിനു മുൻപായി ധനുഷിന്റേതായി പുറത്തു വരാനിരിക്കുന്ന ചിത്രം 'വാത്തി'യാണ്. തമിഴിലും, തെലുങ്കിലുമായി ഒരുങ്ങിയിരിക്കുന്ന ഈ ചിത്രം ഫെബ്രുവരി 27-ന് റിലീസാകും എന്നാണു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്.


LATEST VIDEOS

Top News