മലയാളത്തിന്റെ സ്വന്തം നടനായ ഫഹദ് ഫാസിൽ തമിഴ്,തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കേരളത്തിലുള്ളത് പോലെത്തന്നെ ആന്ധ്രയിലും, തെലുങ്കാനയിലും, തമിഴ്നാട്ടിലും ഫഹദ് ഫാസിലിന് ;ലക്ഷകണക്കിൽ ആരാധകരുണ്ട്. ഈ സാഹചര്യത്തിലാണ് തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനായ എസ്.എസ്.രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയ, ഫഹദ് ഫാസിലിനെ നായകനാക്കി രണ്ടു ചിത്രങ്ങൾ നിർമ്മിക്കുന്നത്. തൻ്റെ 'ആർക്ക മീഡിയ' എന്ന കമ്പനി മുഖേന നിർമ്മിക്കുന്ന ഈ ചിത്രങ്ങളിൽ ഒന്ന് സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകനായ ഷസാംഗ് എൽഡിയാണ്. 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇത് തെലുങ്ക്, മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ പുറത്തുവരും. ഈ വർഷം ജൂണിൽ ഇതിന്റെ ചിത്രീകരണം ആരംഭിക്കും; 2025ൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
രണ്ടാമത്തെ ചിത്രം മറ്റൊരു നവാഗത സംവിധായകനായ സിദ്ധാർത്ഥ നദിലയാണ് സംവിധാനം ചെയ്യുന്നത്. 'ആക്ഷൻ' എന്ന പേരിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രവും തെലുങ്ക്, മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ റിലീസാകും. ഈ ചിത്രത്തിന്റെ ചിത്രീകരണവും ഈ വർഷം തുടങ്ങുമത്രേ! ഈ രണ്ട് സിനിമകളും രാജമൗലിയുടെ മേൽനോട്ടത്തിലാണ് ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.