'കൂലി'ക്ക് ശേഷം രജിനികാന്തിന്റേതായി അടുത്ത് പുറത്തുവരാനിരിക്കുന്ന ചിത്രം 'ജയിലർ-2' ആണ്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്തുവരുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോൾ തകൃതിയായി പുരോഗമിക്കുകയാണ്. ആദ്യ ഭാഗത്തിൽ അഭിനയിച്ച രമ്യകൃഷ്ണൻ, മിർണ മേനോൻ, തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ ആദ്യ ഭാഗത്തിൽ അതിഥി വേഷങ്ങളിൽ അഭിനയിച്ച ശിവരാജ് കുമാർ, മോഹൻലാൽ എന്നിവരും ഈ ഭാഗത്തിൽ ഉണ്ടാവുമെന്നാണ് പറയപ്പെടുന്നത്.
തമിഴിൽ ഇപ്പോൾ അധിക തിരക്കുള്ള നടന്മാരിൽ ഒരാളായ എസ്.ജെ.സൂര്യയും ഇതിനകം ഈ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നതായുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് പിന്നാലെ പ്രശസ്ത ബോളിവുഡ് നടിയായ വിദ്യാബാലനും ഈ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നു എന്നുള്ള മറ്റൊരു പുതിയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. വിദ്യ ബാലൻ ഇതിന് മുൻപ് അജിത്ത് നായകനായ 'നേർക്കൊണ്ട പാർവൈ'യിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. താരം രജിനികാന്തിനൊപ്പം അഭിനയിക്കുന്നത് ഇത് ആദ്യമായാണ്.