താരങ്ങളുടെ പ്രതിഫലം തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്. പക്ഷേ അവര്‍ക്ക് ചെയ്യാവുന്ന മറ്റുചില കാര്യങ്ങള്‍ കൂടിയുണ്ട്. അത്തരം വിഷയങ്ങള്‍ അഡ്രസ് ചെയ്യപ്പെട്ടാല്‍ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളൂ. നിര്‍മ്മാതാക്കളെ ഒറ്റുന്ന ചില നിര്‍മ്മാതാക്കള്‍ ചില താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിപ്പുണ്ട്. ഇവിടെ ഗുണപരമായ മാറ്റങ്ങള്‍ പലതും സംഭവിക്കുന്നുണ്ട്. നല്ല നാളുകള്‍ വരും, നല്ല സിനിമകള്‍ സൃഷ്ടിക്കപ്പെടും. പക്ഷേ അതിനായി നാം ചില കാര്യങ്ങള്‍ കണ്ണുതുറന്നുതന്നെ കാണണം. അല്ലാതെ കണ്ണടച്ച് ഇരുട്ടാക്കുകയല്ല വേണ്ടത്- നടിയും നിര്‍മ്മാതാവുമായ സാന്ദ്രാതോമസ് തന്‍റെ നിലപാട് വ്യക്തമാക്കുന്നു. മലയാള സിനിമാമേഖല നിലവില്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ആനുകാലിക സിനിമാ സംഭവവികാസങ്ങളെക്കുറിച്ചും 'നാന'യോട് സംസാരിക്കുകയായിരുന്നു അവര്‍
നിര്‍മ്മാതാക്കളുടെ ഇടയിലും അഭിപ്രായവൈരുദ്ധ്യങ്ങള്‍ കാണുന്നുണ്ടല്ലോ?
സുരേഷേട്ടനെപ്പോലെ ഒരു മുതിര്‍ന്ന നിര്‍മ്മാതാവ് ഉന്നയിച്ച 90 ശതമാനം വിഷയങ്ങളും ന്യായവും സത്യസന്ധവുമാണ്. അതിനോട് ഞാന്‍ യോജിക്കുന്നു. പക്ഷേ, അത്തരം കാര്യങ്ങള്‍ അസോസിയേഷനുള്ളില്‍ ചര്‍ച്ച ചെയ്ത് കൂട്ടായ ഒരു തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കണമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. പിന്നെ മറ്റൊരു പ്രൊഡ്യൂസറുടെ പ്രോജക്ടിന്‍റെ ബജറ്റൊക്കെ അങ്ങനെയങ്ങ് പരസ്യപ്പെടുത്തിയതും ശരിയായില്ല.
പക്ഷേ, എല്ലാം അസോസിയേഷനുള്ളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്?
അത് തെറ്റാണ്. കഴിഞ്ഞ ആഗസ്റ്റിലാണ് അവസാന ജനറല്‍ ബോഡി ചേര്‍ന്നത്. അതില്‍ ഞാന്‍ ത്രൂഔട്ട് പങ്കെടുത്തിരുന്നു. അതില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടേയില്ല. പിന്നെ എല്ലാം കൈവിട്ടുപോയ ശേഷമാണ് ഇപ്പോള്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് കത്തയച്ചിരിക്കുന്നത്. ഇനി നമ്മള്‍ പരസ്പരം ചെളിവാരി എറിഞ്ഞിട്ട് കാര്യമില്ല. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. എന്നൊക്കെയാണ് അതില്‍ പറയുന്നത്. വൈകിവന്ന ആ വിവേകം നേരത്തെ എല്ലാവരും ഒത്തൊരുമയോടെ ആലോചിച്ച് തീരുമാനിക്കണമായിരുന്നു എന്നത് മാത്രമാണ് എനിക്ക് പറയാനുള്ളത്. അക്കാര്യം ഞാന്‍ അസോസിയേഷന് കത്തായി നല്‍കുകയും ചെയ്തിട്ടുണ്ട്.
സുരേഷ്കുമാര്‍ ഏകപക്ഷീയമായി സമരപ്രഖ്യാപനം നടത്തുകയായിരുന്നു എന്നാണോ താങ്കള്‍ പറയുന്നത്?
എന്ന് പറയുന്നില്ല. ഇവര്‍ ഒരു കമ്മിറ്റി കൂടി അങ്ങ് തീരുമാനിച്ചതായിരിക്കാം. പക്ഷേ, അക്കാര്യം ഒരു ജനറല്‍ ബോഡി വിളിച്ചുകൂട്ടി എല്ലാവരുമായി ആലോചിച്ച് തീരുമാനിക്കണമായിരുന്നു. കാരണം, സിനിമാസമരം എന്നൊക്കെ പറയുന്നത് എത്രപേരുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന കാര്യമാണ്.
പ്രൊഡ്യൂസര്‍മാര്‍ കാലത്തിനനുസരിച്ച് മാറാത്തതാണ് പ്രശ്നകാരണം എന്നൊരുവാദം കേള്‍ക്കുന്നു. ശരിയാണോ?
ഒരിക്കലുമില്ല. പ്രൊഡ്യൂസര്‍മാരുടെ ചിന്താഗതിയും കാഴ്ചപ്പാടുമൊക്കെ കാലത്തിനനുസരിച്ച് മാറുന്നുണ്ട്. പണ്ടത്തെപ്പോലെ മുതലാളി വിളിപോലും ഇപ്പോഴില്ല. അതൊന്നും ആവശ്യവുമല്ല. പണം മുടക്കുന്നയാള്‍ക്ക് അത് തിരികെ ലഭിക്കാന്‍ അനുകൂലമായ സാഹചര്യം വേണം. അതിനായി എല്ലാവരും സഹകരിക്കണം എന്നുമാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. കോടികള്‍ മുടക്കി എടുത്ത ചിത്രത്തിന്‍റെ പ്രൊമോഷനായി അതിലെ അഭിനേതാക്കളെ വിളിക്കുമ്പോള്‍ പലരും വരാന്‍ വിസമ്മതിക്കുന്നു. ഒന്നാലോചിച്ച് നോക്കിയാല്‍ സിനിമ വിജയിക്കേണ്ടത് നിര്‍മ്മാതാവിന്‍റെ മാത്രം ആവശ്യമായി മാറുകയാണിവിടെ. അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോള്‍ ഞാന്‍ കരഞ്ഞുപോയിട്ടുണ്ട്.