മലയാള സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ രണ്ടുപേരുകള്‍ ഒഴിവാക്കാന്‍ സാധിക്കില്ല. മോഹന്‍ലാലും മമ്മൂട്ടിയും. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെക്കാലമായി മലയാള സിനിമയുടെ മുഖച്ഛായ തന്നെയായി തുടരുന്ന രണ്ട് മഹാനടന്മാര്‍. പല തലമുറകള്‍ക്കു പ്രിയപ്പെട്ട താരങ്ങളായി മാറിയവര്‍. ഒരാള്‍ അഭിനയത്തിന്‍റെ സ്വാഭാവികതയിലൂടെ പ്രേക്ഷകരെ കീഴടക്കിയപ്പോള്‍ മറ്റൊരാള്‍ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ പരിധികളെ വികസിപ്പിച്ചു. അഭിനയത്തിന്‍റെ പൂര്‍ണ്ണത തേടുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയും, അഭിനയം അനായാസമാക്കുന്ന കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലും.
മലയാളികള്‍ക്ക് ഇവരുടെ കൂട്ടുകെട്ട് ഒരു വികാരമാണ്. സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക് അവരുടെ ഇഷ്ടനായകര്‍ ഒരുമിച്ച് തിരശ്ശീലയില്‍ പ്രത്യക്ഷപ്പെടുന്നത് കാണാന്‍ എന്നും വലിയ ആവേശമുണ്ട്. അതുകൊണ്ടുതന്നെ ഏറെക്കാലമായി ഒരു ചോദ്യം ആരാധകരുടെ ഇടയില്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും ഒരുമിച്ച് ഒരു സിനിമയില്‍ എപ്പോള്‍ പ്രത്യക്ഷപ്പെടും? മലയാളത്തിന്‍റെ മഹാനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' എന്ന സിനിമ ഈ പ്രതീക്ഷകള്‍ക്ക് വിരാമമിടുന്നു. 2026 ഏപ്രില്‍ 23 നാണ് ഇരുവരും ഒന്നിക്കുന്ന ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്.
മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍വച്ച് ഏറ്റവും വലിയ ബജറ്റിലാണ് 'പേട്രിയറ്റ്' ഒരുങ്ങുന്നത്. പത്തിലധികം ഷെഡ്യൂളുകളിലായി ഒരു വര്‍ഷത്തിലധികം നീണ്ട നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വര്‍ഷം ആദ്യം പൂര്‍ത്തിയായത്. മലയാളത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും പേട്രിയറ്റിന് ലഭിച്ചു. പതിനെട്ട് വര്‍ഷത്തിനുശേഷമാണ് മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നത്. ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല.
മോളിവുഡ്ഡിലെ ലാലും മമ്മൂക്കയും
നെഗറ്റീവ് വേഷങ്ങളില്‍ നിന്നാരംഭിച്ച് പിന്നീട് നായക വേഷങ്ങളിലേക്കെത്തിയ മോഹന്‍ലാല്‍ വളരെ വേഗത്തില്‍ തന്നെ മലയാള സിനിമയുടെ മുന്‍നിര താരമായി മാറി. സ്വാഭാവിക അഭിനയമാണ് മോഹന്‍ലാലിന് ഒരു പ്രത്യേക സ്ഥാനം നല്‍കിയത്. വമ്പന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രങ്ങളും പരീക്ഷണാത്മകമായ കഥാപാത്രങ്ങളും ഒരുപോലെ ചെയ്യാന്‍ കഴിയുന്ന നടനാണ് അദ്ദേഹം. പ്രേക്ഷകര്‍ക്ക് പരിചിതമായ മാസ് കഥാപാത്രങ്ങള്‍ക്കൊപ്പം നിശബ്ദമായ വികാരങ്ങളുള്ള കഥാപാത്രങ്ങളും അതേ ഭംഗിയില്‍ അവതരിപ്പിക്കാനുള്ള കഴിവാണ് മോഹന്‍ലാലിനെ വ്യത്യസ്തനാക്കുന്നത്.
മറ്റൊരു വശത്ത്, മമ്മൂട്ടിയുടെ സിനിമായാത്രയും അതേപോലെതന്നെ അതുല്യമാണ്. ശക്തമായ കഥാപാത്രങ്ങള്‍, ഗൗരവമുള്ള അഭിനയശൈലി, തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ എന്നിവയൊക്കെയാണ് മമ്മൂട്ടിയുടെ സിനിമകളുടെ മുഖമുദ്ര. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മമ്മൂട്ടി തന്‍റെ കരിയറില്‍ ഒരു പുതിയ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് പലരും പറയുന്നു. യുവസംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച് വ്യത്യസ്ത കഥകളെ തിരഞ്ഞെടുത്തുകൊണ്ടുള്ള സിനിമകളാണ് അദ്ദേഹം കൂടുതല്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ പുതിയ സിനിമകള്‍ പ്രേക്ഷകരിലും വിമര്‍ശകരിലും ഒരുപോലെ ശ്രദ്ധ നേടുന്നുണ്ട്. മലയാളസിനിമയില്‍ ഒരു നടന്‍ എത്രത്തോളം ദൈര്‍ഘ്യമേറിയ കരിയര്‍ നിലനിര്‍ത്താന്‍ കഴിയും എന്നതിന് മികച്ച ഉദാഹരണമാണ് മമ്മൂട്ടി.
ഇഷ്ടഹീറോകള്‍ ഒരുമിക്കുമ്പോള്‍
ഒരു സിനിമാ പ്രേക്ഷകനായി ചിന്തിച്ചാല്‍, നമ്മള്‍ ഇഷ്ടപ്പെടുന്ന രണ്ട് വലിയ താരങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്ന ഒരു സിനിമ കാണുന്നത് ഒരു പ്രത്യേക അനുഭവമാണ്. സാധാരണയായി ആരാധകര്‍ ഓരോരുത്തരും അവരുടെ ഇഷ്ടതാരങ്ങളെ പിന്തുണയ്ക്കാറുണ്ട്. എന്നാല്‍ ആ താരങ്ങള്‍ ഒരുമിച്ച് ഒരു സിനിമയില്‍ എത്തുമ്പോള്‍, ആരാധകരുടെ ആവേശം ഇരട്ടിയാകും.
മലയാള സിനിമയില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമകള്‍ വളറെ കുറവാണ്. എന്നാല്‍ അങ്ങനെ സംഭവിച്ചപ്പോഴൊക്കെ അത് ഒരു വലിയ സിനിമാസംഭവമായി മാറിയിട്ടുണ്ട്. കാരണം രണ്ട് മഹാനടന്മാരുടെ അഭിനയവും ഒരേ ഫ്രെയിമില്‍ കാണാന്‍ കഴിയുന്നതുതന്നെ ഒരു പ്രത്യേക ആകര്‍ഷണമാണ്. രണ്ടുപേരും നായകന്മാരായി അവസാനമായി വലിയ വിജയങ്ങള്‍ നേടിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് 1998 ല്‍ പുറത്തിറങ്ങിയ 'ഹരികൃഷ്ണന്‍സ്.' ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസില്‍ തരംഗമായിരുന്നു.
ഹരി എന്നും കൃഷ്ണന്‍ എന്നും പേരുള്ള രണ്ട് വക്കീല്‍ സുഹൃത്തുക്കളായി മമ്മൂട്ടിയും മോഹന്‍ലാലും എത്തിയപ്പോള്‍ അത് ആഘോഷമായി മാറി. സിനിമയുടെ ക്ലൈമാക്സ് പോലും രണ്ടുതാരങ്ങളുടെയും ആരാധകരെ തൃപ്തിപ്പെടുത്താനായി രണ്ട് രീതിയിലാണ് ചിത്രീകരിച്ചിരുന്നത് എന്നത് ചരിത്രം. മീര എന്ന നായിക ആരെ തിരഞ്ഞെടുക്കും എന്ന ആകാംക്ഷ നിലനിര്‍ത്തിക്കൊണ്ട് ഷൂട്ട് ചെയ്ത ആ ഭാഗം മലയാള സിനിമയിലെ വലിയൊരു കൗതുകമായിരുന്നു.
'ഹരികൃഷ്ണന്‍'സിനുശേഷം ജോഷി സംവിധാനം ചെയ്ത 'ട്വന്‍റി ട്വന്‍റി' എന്ന ചിത്രത്തില്‍ ഇരുവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. താരസംഘടനയായ 'അമ്മ'യുടെ നേതൃത്വത്തില്‍ ഒരുങ്ങിയ ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. എങ്കിലും ഒരു മുഴുനീള കോമ്പോ എന്ന നിലയില്‍ പ്രേക്ഷകര്‍ ഇന്നും ഹരികൃഷ്ണന്‍സിലെ ആ കെമിസ്ട്രിയാണ് ഓര്‍ത്തെടുക്കാറുള്ളത്.
പേട്രിയറ്റ്: വലിയ പ്രതീക്ഷകള്‍
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' ഒരു സ്പൈ ആക്ഷന്‍ ത്രില്ലറാണെന്നാണ് സൂചനകള്‍. നയന്‍താര, ഫഹദ്ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
മഹാനടന്മാര്‍ രണ്ടുപേരും തങ്ങളുടെ അഭിനയജീവിതത്തിന്‍റെ പക്വതയാര്‍ന്ന ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍, സ്ക്രീനില്‍ അവര്‍ തമ്മിലുള്ള ആ കെമിസ്ട്രിയും പെര്‍ഫോമന്‍സും കാണാന്‍ ആരാധകര്‍ കാത്തിരിക്കുന്നു. സങ്കീര്‍ണ്ണമായ കഥകള്‍ മനോഹരമായി പറയുന്ന മഹേഷ് നാരായണന്‍ ഇവര്‍ക്കായി എന്ത് മാന്ത്രികതയാകും ഒരുക്കിയിരിക്കുക എന്ന ജിജ്ഞാസയുണ്ട്. ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന ഈ ചിത്രം മലയാള സിനിമയുടെ വിപണി ആഗോളതലത്തില്‍ കൂടുതല്‍ വിപുലീകരിക്കാന്‍ സഹായിക്കും.
മലയാള സിനിമയുടെ സുവര്‍ണ്ണകാലം തിരികെ വരികയാണെന്ന് ഉറപ്പിക്കുന്ന പ്രഖ്യാപനമാണ് 'പേട്രിയറ്റ്.' മമ്മൂട്ടിയും മോഹന്‍ലാലും ഒരു സ്ക്രീനില്‍ നില്‍ക്കുന്ന കാഴ്ച മലയാളിക്ക് വെറുമൊരു ദൃശ്യാനുഭവമല്ല, മറിച്ച് തലമുറകളുടെ സ്മരണ പുതുക്കല്‍ കൂടിയാണ്.