NEWS

സ്വയം പണിയെടുത്ത് ബെസ്റ്റിലെത്തണം;സിനിമയ്ക്കൊപ്പം ഹക്കീം ഷാജഹാൻ കൂടിയിട്ട് പത്തുവർഷമാകുന്നു

News

എ.ബി.സി.ഡി എന്ന സിനിമയിലൂടെ ഹക്കീം ഷാജഹാൻ മലയാളസിനിമയുടെ ഓരം ചേരുമ്പോൾ അയാൾക്ക് ഉറപ്പുണ്ടായിരുന്നു തനിക്ക് ഇവിടെ സ്വന്തമായ സ്‌പേസ് കണ്ടെത്താൻ കഴിയുമെന്ന്. 

ഇൻഡസ്ട്രിയിൽ എത്തിപ്പെടുക എന്നത് ഇന്ന് കുറച്ചുകൂടെ ഈസിയാണ്. പക്ഷേ ഇവിടെ നിലനിൽക്കുക എന്നതുതന്നെയാണ് വലിയ ടാസ്‌ക്. കഴിഞ്ഞ പത്തുവർഷമായി ഞാൻ ഇവിടെയുണ്ടെന്നത് തന്നെയാണ് ഇനിയും മുന്നോട്ടുള്ള യാത്രയിൽ എനിക്കുള്ള ധൈര്യവും. എ.ബി.സി.ഡി എന്ന സിനിമയിലൂടെ ഹക്കീം ഷാജഹാൻ മലയാളസിനിമയുടെ ഓരം ചേരുമ്പോൾ അയാൾക്ക് ഉറപ്പുണ്ടായിരുന്നു തനിക്ക് ഇവിടെ സ്വന്തമായ സ്‌പേസ് കണ്ടെത്താൻ കഴിയുമെന്ന്. ആ ആത്മവിശ്വാസം തന്നെയായിരുന്നു ഹക്കീം എന്ന ആക്ടറുടെ ഇന്ധനവും. പ്രണയവിലാസം തീയേറ്ററുകളിൽ നിറഞ്ഞ കയ്യടിയോടെ മുന്നേറുമ്പോൾ വിനോദ് എന്ന കഥാപാത്രത്തിന് ജീവൻ നൽകി ഹക്കീം ഒരിക്കൽ കൂടി പ്രേക്ഷകമനം കവർന്നിരിക്കുകയാണ്. വിനോദിനെക്കുറിച്ചും സിനിമാജീവിതവിശേഷങ്ങളക്കുറിച്ചും ഹക്കീം സംസാരിച്ചുതുടങ്ങി.

വിനോദ് ഒരു  വിങ്ങലായി

മാർട്ടിൻ ചേട്ടന്റെ(മാർട്ടിൻ പ്രക്കാട്ട്) എ.ബി.സി.ഡിയിൽ ഒരു വേഷം ചെയ്താണ് എന്റെ കരിയർ തുടങ്ങുന്നത്. പിന്നീട് ചാർളിയിൽ ഞാൻ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി വർക്ക് ചെയ്തു. അന്ന് മുതലുള്ള പരിചയമുണ്ട് മാർട്ടിൻ ചേട്ടനുമായി. പിന്നീട് പല സിനിമകളിലും പരസ്യചിത്രങ്ങളിലും വർക്ക് ചെയ്യാൻ സാധിച്ചു. പ്രണയവിലാസം മാർട്ടിൻ ചേട്ടൻ ചെയ്യാൻ തീരുമാനിച്ചപ്പോഴാണ് എന്നെ അതിലേക്ക് സജസ്റ്റ് ചെയ്യുന്നത്. കഥ കേട്ടപ്പോൾ തന്നെ വിനോദിനെ എനിക്ക് കണക്ട് ചെയ്യാൻ കഴിഞ്ഞിരുന്നു. പ്രായമായ വിനോദ് ചെയ്യുമ്പോൾ എനിക്ക് കിട്ടാൻ പോകുന്ന എക്‌സ്‌പോഷർ വളരെ വലുതാകുമെന്ന് മാർട്ടിൻ ചേട്ടൻ നേരത്തെ പറഞ്ഞിരുന്നു. ജീവിതത്തിൽ പ്രണയങ്ങളും നഷ്ടപ്രണയവുമെല്ലാം അനുഭവിച്ചിട്ടുള്ള ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ കാലങ്ങളായി അയാളുടെ ഉള്ളിൽ നീറുന്ന ആ വേദന ആരേക്കാൾ കൂടുതൽ എനിക്ക് കാണാൻ കഴിഞ്ഞിരുന്നു. അയാളെ അത്രയധികം മനസ്സിലാക്കിയത് കൊണ്ടുതന്നെ ആ കഥാപാത്രം വളരെ നന്നായി ചെയ്യാൻ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു.

വിനോദിനുവേണ്ടി ചെയ്തത്

വിനോദിനെ പൂർണ്ണമായി മനസ്സിലാക്കുക എന്നതുതന്നെയാണ് ആദ്യം ചെയ്തത്. മാർട്ടിൻ ചേട്ടൻ എന്നോട് ചോദിച്ചിരുന്നു. പ്രായമായ വിനോദിന് എന്തൊക്കെ മാറ്റങ്ങളാണ് നീ കൊണ്ടുവരാൻ പോകുന്നതെന്ന്. വിനോദ്, അയാൾ തന്റെ ജീവിതത്തിന്റെ പകുതിയോളം ഓട്ടോയോടിച്ച ജീവിക്കുന്ന ഒരാളാണ്. ആ ഓട്ടോയിൽ അയാളെപ്പോലെ നീളമുള്ള ഒരാൾക്ക് തല ഇത്തിരി താഴ്ത്തിയാലേ നേരേ ഇരിക്കാൻ സാധിക്കുകയുള്ളൂ. വർഷങ്ങളായി അയാളുടെ ജീവിതത്തിന്റെ പകുതിയിലേറെ ഭാഗവും ഒരു ഓട്ടോയിലാണ്. അതുകൊണ്ടുതന്നെ അയാളുടെ ബോഡിയിൽ ഒരു കൂന് പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമായ കാര്യമായിരിക്കും. അത് അയാളുടെ നടത്തത്തിലും മാനറിസത്തിലും കൃത്യമായി പ്ലാൻ ചെയ്തുകൊണ്ട് വന്നിട്ടുണ്ട്. അതുപോലെ പഴയ കാലഘട്ടത്തിലെ വിനോദ് ഫുട്‌ബോൾ കളിക്കുമ്പോഴുള്ള ആത്മവിശ്വാസവും പിന്നീട് അയൾ പ്രായമാകുമ്പോൾ ഫുട്‌ബോൾ കളിക്കുമ്പോൾ ബോഡിയിൽ മൊത്തം ആത്മവിശ്വാസക്കുറവും കാണിക്കണം. അതെല്ലാം ശ്രദ്ധിച്ചുചെയ്താണ്, ആകെ മൂന്നുനാല് സെക്കന്റ് മാത്രമാണ് വിനോദ് ഏതൊക്കെ വഴിയിലൂടെ സഞ്ചരിച്ചുവെന്നും ഇപ്പോൾ അയാൾ ഏത് അവസ്ഥയിൽ നിൽക്കുന്നതെന്നും കൺവിൻസ് ചെയ്യിപ്പിക്കാനുള്ള സമയം. സംവിധായകൻ നിഖിലും എഴുത്തുകാരനുമായ സുനുവും ജ്യോതിഷും എല്ലാം വിനോദിനെ ഭംഗിയാക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്.

ഫ്രീഡം @ മിഡ്നൈറ്റ് തന്ന സന്തോഷം

ആകെ അറിയുന്ന പണി സിനിമ മാത്രമാണ്. അവിടെ അതിജീവിക്കുക എന്നതുതന്നെയാണ് ആകെയുള്ള ഒരു വഴി. കോവിഡ് വന്നു. മലയാള സിനിമ മാത്രമല്ല ലോകം മുഴുവൻ സ്റ്റക്കായി നിൽക്കുന്ന ഒരു അവസ്ഥ. നാളെ നമ്മൾ ജീവിച്ചിരിക്കുമോയെന്ന് പോലും അറിയാതെ മുന്നോട്ടുപോകുന്നു. ഡിപ്രഷന്റെ വക്കിൽ. ആ സമയത്താണ് ഫ്രീഡം @ മിഡ് നൈറ്റ് സംഭവിക്കുന്നത്. ഷാനും(ആർ.ജെ. ഷാൻ)  ഞാനുമായി അതിന്റെ കഥയെല്ലാം കീറിമുറിച്ച് ചർച്ച ചെയ്തിരുന്നു. അത് റിലീസാവുമ്പോൾ പോലും ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന് ചിന്തിച്ചിട്ടില്ല. 20 മില്യൺ കാഴ്ചക്കാർ കണ്ടു. ഇപ്പോഴും അത് കാണുന്നവരുണ്ട്. അത് മറ്റുഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടും ഒരുപാട് പേർ കണ്ടിട്ടുണ്ട്. ഒരുപാട് പേരിലേക്ക് എന്റെ മുഖം എത്തുന്നതിൽ ഫ്രീഡം@ മിഡ് നൈറ്റിന് വലിയ പങ്കുണ്ട്. ഇപ്പോൾ പ്രണയവിലാസത്തിന് കിട്ടിയ അതേ പ്രേക്ഷക അഭിപ്രായമായിരുന്നു ഫ്രീഡം @ മിഡ് നൈറ്റിലും ലഭിച്ചിരുന്നത്.

പത്തുവർഷം  സ്ട്രഗിളല്ല,പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു

കഴിഞ്ഞ പത്തുവർഷക്കാലം ഒരു നിസ്സാരമായി  ഞാൻ കാണുന്നില്ല. പക്ഷേ അതൊന്നും സ്ട്രഗിൾ അല്ല. ഞാൻ ഇവിടെ സിനിമയെ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നിലെ ആക്ടറെ കൂടുതൽ നവീകരിക്കുകയായിരുന്നു. ഇതൊരു പ്രോസസ്സാണ്. അത് ഞാൻ നന്നായി എൻജോയ് ചെയ്തിരുന്നു. സിനിമയെ കൂടുതൽ അറിയാനും ഓരോ കാര്യങ്ങളും സൂക്ഷ്മമായി പഠിക്കാനും വേണ്ടി സമയം ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. അസിസ്റ്റന്റ് ഡയറക്ടർ ആവുമ്പോഴും സിനിമ എന്ന മൂന്നക്ഷരം എന്താണ് സംഭവിപ്പിക്കുന്നതെന്ന് പഠിക്കണമെന്ന ആകാംക്ഷ തന്നെയായിരുന്നു. തിയേറ്റർ ചെയ്യുന്നത് എന്നിലെ ആക്ടറെ എങ്ങനെ പാകതപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ്. സ്‌ക്രിപ്റ്റുകൾ സ്വയം എഴുതിയും സംവിധാനം ചെയ്തു. ഞാൻ തന്നെ അഭിനയിച്ചും സ്റ്റേജിൽ പെർഫോം ചെയ്തു. അത് കണ്ടിട്ട് എന്നിലെ ആക്ടറെ തിരിച്ചറിഞ്ഞാണ് എനിക്ക് വന്ന നല്ല കഥാപാത്രങ്ങൾ മുഴുവനും. വിവേക് എന്റെ പെർഫോമൻസ് കണ്ടിട്ടാണ് ടീച്ചറിലേക്ക് കാസ്റ്റ് ചെയ്യുന്നത്. തമിഴിൽ ഏറെ പ്രശംസകൾ പിടിച്ചുപറ്റിയ കടൈസീലെ ബിരിയാണിയിലേക്ക് അവസരം വരുന്നതും എന്റെ തിയേറ്റർ പെർഫോമൻസ് കണ്ടിട്ടാണ്.

പുതിയ  പ്രതീക്ഷകൾ

ഇപ്പോൾ കർണ്ണാടകയിൽ ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിലാണ്. വലിയ ഒരു സിനിമയിൽ നല്ലൊരു വേഷമാണ് ചെയ്യുന്നത്. ഏറെ പ്രതീക്ഷയോടെ കാണുന്ന ഒരു പ്രോജക്ട്. സിനിമ അനൗൺസ് ചെയ്തതുകൊണ്ട് കൂടുതലൊന്നും പറയാൻ കഴിയില്ല. അതുപോലെ വെട്രിമാരൻ സാർ നിർമ്മിക്കുന്ന മറ്റൊരു ചിത്രത്തിൽ അഭിനയിച്ചു. അതിലും പ്രധാനപ്പെട്ട ഒരു വേഷമാണ് ചെയ്തത്. അതായിരിക്കും എന്റെ അടുത്ത റിലീസായി എത്തുന്നത്.


LATEST VIDEOS

Interviews