മലയാള സിനിമയിലെയും, തമിഴ് സിനിമയിലെയും പ്രിയ താരമായ ഭാവന 12 വർഷങ്ങൾക്ക് ശേഷം ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കാനിരിക്കുകയാണ്. ‘ദ് ഡോർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ഭാവനയുടെ സഹോദരൻ ജയദേവ് ആണ്. ഈ സിനിമ നിർമ്മിക്കുന്നത് ഭാവനയുടെ ഭർത്താവ് നവീൻ രാജനുമാണ്. ഭാവനയുടെ പിറന്നാൾ ദിനമായ ജൂൺ ആറിന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുകയും ചെയ്തു. കുറച്ചു കാലം കന്നഡ സിനിമയിൽ ബിസിയായിരുന്ന ഭാവന അഭിനയിച്ചു അവസാനമായി പുറത്തുവന്ന മലയാള ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു’യായിരുന്നു. ഇതിനെ തുടർന്നാണ് ഭാവന ഇപ്പോൾ തമിഴ് സിനിമയിൽ പ്രവേശിക്കുന്നത്. 2010-ൽ റിലീസായ, അജിത് നായകനായ 'അസൽ' എന്ന ചിത്രമാണ് ഭാവന അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ നവീൻ രാജനും, ഭാവനയും ചേർന്നാണ് ‘ദ് ഡോർ’ നിർമ്മിക്കുന്നത്. ഭാവനയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിൽ ഒരുങ്ങുന്ന സിനിമ മലയാളം, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലായിട്ടായിരിക്കും റിലീസിന് എത്തുക. ഈ ചിത്രത്തിൽ ഭാവനക്കൊപ്പം അഭിനയിക്കുന്ന മറ്റു താരങ്ങളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.