അഭിനയസാഗരത്തിൽ മുങ്ങിത്തപ്പി അഭിനയമുത്തുമായി പൊങ്ങി മലയാള സിനിമയുടെ തിലകചാർത്തായി മാറിയ നടനതിലകം മാഞ്ഞിട്ട് ഇന്ന് 12 സംവൽസരങ്ങൾ.1935 ൽ ജൂലൈ 15 ന് കേശവന്ടെയും, ദേവയാനിയുടെയും മകനായി പത്തനം തിട്ട ആയിരൂരിൽ ആണ് സുരേന്ദ്രനാഥ തിലകൻ എന്ന തിലകൻ ജനിച്ചത്. സെയിന്റ് ലൂയിസ് സ്കൂൾ, കൊല്ലം എസ്. എൻ. കോളേജ് എന്നിവിടങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം.കോളേജ് വിദ്യാഭ്യാസകാലത്ത് എസ്. എൻ. കോളേജ് നെ പ്രതിനിധീകരിച്ചു ഡൽഹിയിൽ നാടകം അഭിനയിച്ചത്തിന് ജവഹർലാൽ നെഹ്‌റു അദ്ദേഹത്തെ അഭിനന്ദിച്ചു. പഠനത്തിന് ശേഷം പട്ടാളത്തിൽ ചേർന്നു. തിരികെ മടങ്ങി വന്ന് പി. ജെ. ആന്റണിയുടെ നാടകട്രൂപ്പിൽ ചേർന്ന് നല്ലൊരു നടനായി മാറി. പി. ജെ. ആന്റണി സംവിധാനം ചെയ്ത പെരിയാർ എന്ന സിനിമയിൽ ആദ്യമായി വേഷമിട്ടു. തുടർന്ന് 1979 ൽ ഉൾക്കടൽ, പിന്നീട് യവനിക, ഒടുവിൽ കിട്ടിയ വാർത്ത, യാത്ര, പഞ്ചാഗ്നി, തനിയാവർത്തനം, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, നാടോടികാറ്റ്, കിരീടം, ചെങ്കോൽ, മൂന്നാം പക്കം, സ്ഫടികം, സന്ദേശം, കണ്ണെഴുതി പൊട്ടും തൊട്ട്, ഉസ്താദ് ഹോട്ടൽ തുടങ്ങി 300 ഓളം സിനിമകളിൽ അഭിനയിച്ചു. മികച്ച 2 ആമത്തെ നടനുള്ള അവാർഡ് നിരവധി തവണ ഈ മഹാനടന് ലഭിച്ചു. പെരുന്തച്ചൻ എന്ന സിനിമയ്ക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.ഇന്ത്യ ഗവണ്മെന്റ് അദ്ദേഹം മലയാളസിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്തു അദ്ദേഹത്തിന് പദ്മശ്രീ നൽകി ആദരിച്ചു.2012 സെപ്റ്റംബർ 24 ന് മലയാളസിനിയുടെ പെരുന്തച്ചൻ എന്നറിയപ്പെടുന്ന തിലകൻ തന്ടെ 77ആം വയസ്സിൽ അന്തരിച്ചു.വക്കംമനോജ്,സിനിമ ഗവേഷകൻ