തന്റെ തൂലികത്തുമ്പിൽ നിന്നും മലയാളിയുടെ ഹൃദയത്തിന്റെ അഭ്രപാളിയിലേക്ക് അവർക്കിടയിൽ നിന്നും തന്നെ കണ്ടെടുത്ത കഥാപാത്രങ്ങളെ അതി തീവ്രമായി സന്നിവേശിപ്പിച്ച ലോഹിതദാസ് നടന്നകന്നിട്ട് പതിന്നാല് വർഷങ്ങൾ. മലയാള സിനിമയിൽ പലരും എഴുതിയ ഒത്തിരി കഥാപാത്രങ്ങൾ കടന്നു വന്നു എങ്കിലും സേതുമാധവനേയും, അച്ചൂട്ടിയേയും, വിദ്യാധരനേയും ഭാനുവിനേയുമെല്ലാം മറികടന്നു തെളിമയോടെ നിൽക്കുന്ന ആരും ഉണ്ടായിട്ടില്ല. ലോഹിയെന്ന പ്രതിഭയുടെ മനസ്സിന്റെ മൂശയിൽ ഉരുക്കി ഒഴിച്ച് ആ പൊള്ളലിൽ നിന്നും ഒരുക്കിയെടുത്തവയായിരുന്നു അവരെല്ലാം.
കടപ്പുറത്ത് നിന്ന് അമരത്തിലെ മുത്തിനെ കണ്ടെടുക്കുമ്പോൾ ഒരു ശബരിമല യാത്രയിൽ യാദൃശ്ചികമായി റോഡിന് കുറുകെ ചാടി കടന്നു പോയ പുലിയിൽ നിന്നും മൃഗയയിലെ വേട്ടക്കാരൻ വാറുണ്ണിയിലേക്ക് എത്തുന്നു. ചാലക്കുടിയിലെ ഒരു ഗുണ്ടയിൽ നിന്നും കിരീടത്തിലെ സേതുമാധവൻ, ചായക്കടയിൽ നിന്നും മഹായാനത്തിലെ രാജമ്മ.അങ്ങിനെ നമ്മുടെ ജീവിത പരിസരങ്ങളിൽ നിന്നും തന്നെയാണ് ലോഹിതദാസ് തന്റെ കഥാപാത്രങ്ങളെ കണ്ടെടുത്തത്. നമ്മൾ കണ്ടും അടുത്തിടപഴകിയ വരുമായ ആളുകളാണ് ചായക്കടക്കാരിയും ചെത്തുകാരൻ ദാസപ്പനും എല്ലാം എന്നതിനാൽ വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമായി ജീവിക്കുവാൻ പ്രേക്ഷകർ തുടങ്ങുന്നു. ആ സിനിമകൾ കഴിഞ്ഞ് വീട്ടിൽ എത്തിയാലും ചില കഥാ സന്ദർഭങ്ങൾ അലോസരപ്പെടുത്തുന്നു.
പരാജയപ്പെട്ട പ്രണയങ്ങളുടെ വിജയം.
പ്രണയത്തിന്റെ രീതിശാസ്ത്രങ്ങൾ ഏറെ മാറിയ കാലത്ത് നിന്ന് ലോഹിതദാസ് ചിത്രങ്ങളിലെ പ്രണയത്തെ നോക്കിക്കാണുമ്പോൾ അൽഭുതമോ അപരിചിതത്വമോ തോന്നും. ഒരു ഫോട്ടോ കണ്ടാൽ പോലും പ്രൊപ്പോസ് ചെയ്യുന്ന തലമുറയുടെ നാളുകളിൽ സ്കൂൾ കാലം മുതൽവർഷങ്ങളോളം മനസ്സിൽ കൊണ്ടുനടക്കുന്ന പ്രണയം വെളിപ്പെടുത്താതെ ജീവിക്കുന്നവർ ഇന്നും ഉണ്ട് എന്നതാണ് യാദാർത്ഥ്യം.
പ്രണയങ്ങൾ വിവാഹത്തിൽ എത്തുന്ന പ്രിയദർശൻ സിനിമകൾ തകർത്താടിയ കാലത്ത് പരാജയപ്പെട്ട പ്രണയങ്ങളുടെ നീണ്ട നിരയായിരുന്നു ലോഹിതദാസ് ചിത്രങ്ങളിൽ വിവാഹത്തോടെ പ്രണയം ഇല്ലാതാകുന്നു വിരഹമാണ് പ്രണയത്തെ അമരത്തത്തോടെ എന്നും നില നിർത്തുന്നത് എന്ന ഫിലോസഫി യായിരുന്നിരിക്കാം അദ്ദേഹം പിന്തുടർന്നത്. പത്മരാജന്റെ ലോല പോലെ പുള്ളുവത്തി സരോജിനിയും ഒരു വിഭാഗം മലയാളി പ്രണയിനിമാരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. .
സ്നേഹ രാഹിത്യം മൂലം ഉണ്ടാകുന്ന ഡിപ്രഷൻ പ്രതിഭകളുടെ ജീവിതത്തിൽ പതിവാണ്. ലോഹിതദാസ് അതിനെ മുറിച്ച് കടന്നപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് അമ്പതോളം മികച്ച തിരക്കഥകളും, സംവിധാനം ചെയ്ത ഏതാനും ചിത്രങ്ങളും.ഓർമ്മകളിലേക്ക് മഴയിലൂടെ നടന്ന് പോയ ആ രൂപം ഓരോ മലയാളിയുടേയും മനസ്സിൽ ബാക്കിയാക്കിയത് നൊമ്പരങ്ങളും സ്നേഹത്തിന്റെ മഹത്വവുമാണ്.