പുതിയ ചിത്രം സെൽഫിയുടെ പ്രമോഷന്റെ ഭാഗമായി ഗിന്നസ് റെക്കോർഡിട്ട് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. സെൽഫി എടുത്താണ് താരം റെക്കോർഡ് കുറിച്ചത്. മൂന്നു മിനിറ്റിൽ ആരാധകർക്കൊപ്പം 184 സെൽഫിയാണ് താരം പകർത്തിയത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്.
രണ്ട് നിരയായി വരി നിന്നാണ് ആരാധകർ താരത്തിന്റെ അതിവേഗ സെൽഫിയിൽ ഭാഗമായത്. സ്റ്റേജിൽ ഫോണുമായി നിൽക്കുന്ന താരം ഓരോ നിരയിൽ ഉള്ളവരുടെ അടുത്ത് മാറിമാറി സെൽഫി എടുത്തു. 2015ൽ ലണ്ടനിൽ വച്ച് മൂന്ന് മിനിറ്റിൽ 105 സെൽഫിയെടുത്ത ഡ്വെയ്ൻ ജോൺസന്റെ റെക്കോർഡാണ് അക്ഷയ് കുമാർ മറികടന്നത്. ആരാധകർക്കൊപ്പം നിന്നാണ് താരം ഗിന്നസ് റെക്കോർഡ് സ്വീകരിച്ചത്. തൻറെ കരിയറിലുടനീളം കൂടെ നിന്നവർക്കായി ഇത് സമർപ്പിക്കുന്നുവെന്ന് താരം കുറിച്ചു.
‘എന്റെ ഇതുവരെയുള്ള നേട്ടങ്ങളും ജീവിതത്തിൽ ഇവിടെയെത്തിയതുമെല്ലാം എൻറെ ആരാധകരുടെ നിരുപാധിക സ്നേഹം കൊണ്ടാണ്. എൻറെ കരിയറിലുടനീളം കൂടെ നിന്നവർക്കായി ഞാനിത് സമർപ്പിക്കുന്നു. ആരാധകരുടെ സഹായത്തോടെ മൂന്നു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ സെൽഫിയെടുത്തതിനുള്ള ഗിന്നസ് റെക്കോർഡ് ഞങ്ങൾ സ്വന്തമാക്കി. എല്ലാവർക്കും നന്ദി. ഇത് വളരെ സവിശേഷമാണ്. എക്കാലത്തും ഇത് ഞാൻ ഓർമിക്കും.- റെക്കോർഡ് സെൽഫി പെർഫോർമൻസിന്റെ വിഡിയോ പങ്കുവച്ച് താരം കുറിച്ചു.
നാളെയാണ് സെൽഫി റിലീസിന് എത്തുന്നത്. സൂപ്പർഹിറ്റായ മലയാള ചിത്രം ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്കാണ് സെൽഫി. അക്ഷയ് കുമാറിനൊപ്പം ഇമ്രാൻ ഹാഷ്മിയും മുഖ്യ കഥാപാത്രമായി എത്തുന്നു. കരൺ ജോഹറിനൊപ്പം ചേർന്ന് പൃഥ്വിരാജാണ് ചിത്രം നിർമിക്കുന്നത്.