100 കോടിയുടെ തിളക്കത്തിൽ ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’. വെറും 10 ദിനം കൊണ്ട് ചിത്രം നൂറുകോടി ക്ലബ്ബിലെത്തിയ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ. മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ദിവസത്തിൽ 100 കോടി ക്ലബ്ബിൽ എത്തിയ ചിത്രങ്ങളുടെ പട്ടികയിലേക്കാണ് ‘2018 ‘കടന്നിരിക്കുന്നത്. എട്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബിലെത്തിയ ലൂസിഫറാണ് പട്ടികയിൽ ഒന്നാമത് , രണ്ടാം സ്ഥാനമാണ് ‘2018’ സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമകൾ തുടർച്ചയായ പരാജയങ്ങൾ നേരിടുന്ന ഈ കാലഘട്ടത്തിലാണ് വലിയ പ്രമോഷൻ പോലുമില്ലാതെ ചിത്രം വിരലിലെണ്ണാവുന്ന ദിനങ്ങൾ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. ചിത്രത്തിൻറെ വലിയ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് ഓരോ അണിയറ പ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
കേരളത്തിൽ നിന്നുമാത്രം ചിത്രം 45 കോടിയിലേറെയാണ് കളക്ഷൻ നേടിയെടുത്തത്. ഒരാഴ്ച കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം തമിഴ്,തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ കൂടി പ്രദർശനം ആരംഭിച്ചതോടെ പത്ത് ദിനം കൊണ്ട് 100 കോടി ക്ലബ്ബിലേക്ക് അതിവേഗത്തിൽ; ചിത്രത്തിൻറെ കളക്ഷൻ കുതിച്ചു കയറുകയായിരുന്നു.
ജൂഡ് ആന്തണി ജോസഫ് എന്ന സംവിധായകൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു ‘2018’ നേടിയെടുത്തുകൊണ്ടിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിലും ഇതുപോലെ തന്നെ കളക്ഷൻ തുടർന്നാൽ ഇതുവരെയുള്ള സകലകാല റെക്കോർഡുകളെ തകർത്തെറിഞ്ഞ് മലയാള സിനിമ ലോൿത്തെ ഏറ്റവും വലിയ വിജയചിത്രം ആയിമാറും.
'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്റെതാണ് സഹതിരക്കഥ. അഖിൽ ജോർജ്ജാണ് ഛായാഗ്രാഹകൻ. ചമൻ ചാക്കോ ചിത്രസംയോജനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നോബിൻ പോളും സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത '2018' എന്ന വർഷവും ആ വർഷത്തിൽ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകർക്ക് മുന്നിൽ ഒരു നേർക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ദൃഷ്യാവിഷ്ക്കരിച്ചിരിക്കുന്നത്.
പ്രൊഡക്ഷൻ ഡിസൈനർ : മോഹൻദാസ്, ലൈൻ പ്രൊഡ്യൂസർ : ഗോപകുമാർ ജികെ, പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയക്ടർ : സൈലക്സ് അബ്രഹാം, വസ്ത്രാലങ്കാരം: സമീറ സനീഷ്, പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് : സിനറ്റ് & ഫസലുൾ ഹഖ്, വി എഫ് എക്സ് : മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്, ഡിസൈൻസ് : യെല്ലോടൂത്.