നായക നടന്മാർക്ക് എഴുപത് വയസ്സ് പ്രായമുണ്ടെങ്കിലും ഇരുപത് വയസ്സുള്ള നടിമാർക്കൊപ്പം ജോടിയായി യുഗ്മ ഗാനങ്ങൾ ആലപിക്കുകയും, അതിനെ തമിഴ് സിനിമാ ആരാധകർ അംഗീകരിക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി വളരെയധികം മാറിയിരിക്കുകയാണ്. മുതിർന്ന നടന്മാർ ഇപ്പോൾ അവരുടെ പ്രായത്തിന് അനുയോജ്യമായ വേഷങ്ങൾ മാത്രമാണ് തിരഞ്ഞെടുത്തു അഭിനയിക്കുന്നത്. അതുപോലെ നായികമാർ വിവാഹിതരായാൽ അവർക്ക് അനിയത്തി, ചേച്ചി, ഭാര്യ, അമ്മ തുടങ്ങിയ വേഷങ്ങളിൽ അഭിനയിക്കാനാണ് അവസരം നൽകാറുള്ളത്. എന്നാൽ നടിമാരുടെ കാര്യത്തിൽ ഇപ്പോൾ ചെറുതായി മാറ്റങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നുണ്ട്. എത്ര വയസ്സായാലും ചെറുപ്പം തോന്നിക്കുന്നതു മാതിരിയുള്ള അഴകും, സൗന്ദര്യവും ഉണ്ടെങ്കിൽ നായികയായി തന്നെ തുടരാം എന്നുള്ളതിന് ഒരു ഉദാഹരണ നടിയാണ് തൃഷ!
കഴിഞ്ഞ 21 വർഷങ്ങളായി തമിഴ് സിനിമയിൽ നായികയായി തന്നെ തുടർന്ന് അഭിനയിച്ച് വരുന്ന നടിയാണ് തൃഷ. 2002-ൽ പുറത്തിറങ്ങിയ 'മൗനം പേശിയതേ' എന്ന സിനിമാ മുഖേനയാണ് തൃഷ തമിഴ് സിനിമയിൽ നായകിയായി പ്രവേശിക്കുന്നത്. സൂര്യ, വിക്രം, അജിത്, വിജയ്, രജനികാന്ത്, കമൽഹാസൻ, ധനുഷ്, ജയം രവി തുടങ്ങി തമിഴ് സിനിമയിലെ മുൻനിര നടന്മാർക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുള്ള തൃഷയുടെ എല്ലാ ചിത്രങ്ങളും വിജയിച്ചിട്ടില്ലെങ്കിലും, രാശിയുള്ള ഒരു നടിയായാണ് തൃഷയെ കരുതുന്നത്. 2018-ൽ റിലീസായി സൂപ്പർഹിറ്റായ '96' എന്ന ചിത്രത്തിനെ തുടർന്ന് തൃഷയ്ക്ക് വന്ന അവസരങ്ങളെല്ലാം വമ്പൻ ചിത്രങ്ങളിലേക്കായിരുന്നു. 'പൊന്നിയിൻ സെൽവ'ന്റെ രണ്ടു ഭാഗങ്ങളിലും കുന്ധവൈ എന്ന പ്രധാന കഥാപാത്രം അവതരിപ്പിച്ച്, ഈ ചിത്രത്തിൽ അഭിനയിച്ച മറ്റൊരു താര സുന്ദരിയായ ഐശ്വര്യറായെക്കാട്ടിലും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിരുന്നു തൃഷ! ഇതിനു കാരണം തൃഷയുടെ സൗന്ദര്യവും, അഭിനയമികവുമായിരുന്നു. അങ്ങിനെയുള്ള തൃഷയുടെ അടുത്ത് വരാനിരിക്കുന്ന ചിത്രങ്ങളെല്ലാം പ്രതീക്ഷയുണർത്തുന്നവയാണ്.
അതിൽ ഒരു ചിത്രം ലോഗേഷ് കനഗരാജ്, വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങി വരുന്ന 'ലിയോ'യാണ്. തമിഴ് സിനിമയിൽ മാത്രമല്ലാതെ തെന്നിന്ത്യൻ സിനിമയിൽ തന്നെ ഒരുപാട് പ്രതീക്ഷകളോടെ ഒരുങ്ങി വരുന്ന ഈ സിനിമയെ തുടർന്ന് അജിത് നായകനാകുന്ന 'വിടാമുയർച്ചി' എന്ന സിനിമയിലും നായികയാകുന്നത് തൃഷയാണെന്നാണ് റിപ്പോർട്ട്. അതുപോലെ ധനുഷ് സംവിധാനം ചെയ്തു അഭിനയിക്കാനിരിക്കുന്ന ധനുഷിന്റെ 50-മത്തെ ചിത്രത്തിലും തൃഷയാണ് നായികയാകാൻ പോകുന്നത് എന്നാണു പറയപ്പെടുന്നത്. ഈ ചിത്രങ്ങൾ കൂടാതെ 'ദി റോഡ്' എന്ന തമിഴ് ചിത്രവും, ജിത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിവരുന്ന വരുന്ന 'രാം' എന്ന മലയാള ചിത്രവും റിലീസാകാനിരിക്കുന്നുണ്ട്.