NEWS

70-ാമത് ഫിലിംഫെയര്‍ അവാര്‍ഡ്സ് സൗത്ത് കൊച്ചിയില്‍: ദക്ഷിണേന്ത്യന്‍ സിനിമയുടെ കരുത്ത് തെളിയിച്ച് പുരസ്‌കാര നിശ; മമ്മൂട്ടിക്കും അല്ലു അര്‍ജുനും ശിവകാര്‍ത്തികേയനും മികച്ച നടന്‍ പുരസ്‌കാരം

News

കേരള ടൂറിസവുമായി സഹകരിച്ച് ചരിത്രത്തിലാദ്യമായി ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ 70-ാമത് ഫിലിംഫെയര്‍ അവാര്‍ഡ്സ് സൗത്ത് നിശ കൊച്ചിയില്‍ പ്രൗഢഗംഭീരമായി അരങ്ങേറി. 2024-ലെ മികച്ച പ്രതിഭകളെ ആദരിച്ച ഈ ചടങ്ങില്‍ മലയാളം തമിഴ് തെലുങ്ക് കന്നഡ സിനിമാ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തു. മലയാളത്തില്‍ ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. തന്റെ 16-ാമത് ഫിലിംഫെയര്‍ പുരസ്‌കാരമാണിതെന്നും സിനിമയെന്നത് ഒരു വലിയ ടീമിന്റെ അധ്വാനമാണെന്നും മമ്മൂട്ടി പറഞ്ഞു. മികച്ച നടന്‍ വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആസിഫ് അലി ബേസില്‍ ജോസഫ് എന്നിവരുമായി അദ്ദേഹം തന്റെ ട്രോഫി വേദിയില്‍ പങ്കുവെച്ചു. ആടുജീവിതം അഞ്ച് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി മികച്ച നേട്ടം കൈവരിച്ചു. പൃഥ്വിരാജ് (മികച്ച നടന്‍ ക്രിട്ടിക്സ്) റഫീഖ് അഹമ്മദ് (മികച്ച വരികള്‍) ജിതിന്‍ രാജ് (മികച്ച ഗായകന്‍) കെ ആര്‍ ഗോകുല്‍ (മികച്ച നവാഗത നടന്‍) സുനില്‍ കെ എസ് (മികച്ച ഛായാഗ്രഹണം) എന്നിവരാണ് ആടുജീവിതത്തിലൂടെ നേട്ടം കൈവരിച്ചത്. കിഷ്‌കിന്ധാകാണ്ഡം എന്ന ചിത്രം മികച്ച ചിത്രം (ക്രിട്ടിക്സ്) വിജയാരാഘവന്‍ (മികച്ച സഹനടന്‍) ഉള്‍പ്പെടെ നാല് പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടന്‍ ക്രിട്ടിക്സ് പുരസ്‌കാരം പൃഥ്വിരാജും ആസിഫ് അലിയും പങ്കിട്ടു. അഭിമന്യു എസ് തിലകന്‍ മേതില്‍ ദേവിക എന്നിവര്‍ മികച്ച നവാഗത താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

തെലുങ്ക് സിനിമാ വിഭാഗത്തില്‍ പുഷ്പ 2 ദി റൂള്‍ അഞ്ച് പുരസ്‌കാരങ്ങള്‍ നേടി മികച്ച ചിത്രമായി മാറി. അല്ലു അര്‍ജുന്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി തന്റെ ഹാട്രിക് നേട്ടം ആഘോഷിച്ചു. കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ മികച്ച സഹനടനായും സത്യഭാമയിലെ പ്രകടനത്തിന് കാജല്‍ അഗര്‍വാള്‍ മികച്ച നടി (ക്രിട്ടിക്സ്) പുരസ്‌കാരവും നേടി. തമിഴില്‍ എട്ട് പുരസ്‌കാരങ്ങളുമായി അമരന്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ശിവകാര്‍ത്തികേയന്‍ മികച്ച നടനായും സായ് പല്ലവി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജ്കുമാര്‍ പെരിയസാമി മികച്ച സംവിധായകനായി. മെയ്യഴഗന്‍ എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി മികച്ച നടന്‍ (ക്രിട്ടിക്സ്) പുരസ്‌കാരവും കാര്‍ത്തി മികച്ച സഹനടന്‍ പുരസ്‌കാരവും സ്വന്തമാക്കി. തങ്കലാനിലെ പ്രകടനത്തിന് പാര്‍വതി തിരുവോത്തും ലബ്ബര്‍ പന്തിന് സ്വാസികയും മികച്ച സഹനടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. കന്നഡയില്‍ ശാഖാഹാരി മികച്ച ചിത്രമായും ശ്രീമുരളി മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. അന്തരിച്ച നടന്‍ ശ്രീനിവാസനും പ്രശസ്ത സിനിമാ പ്രതിഭ ശ്രീകുമാരന്‍ തമ്പിക്കും ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.

വിഷ്ണു വാര്യര്‍, ആര്‍ ജെ മിഥുന്‍, രഞ്ജിനി ഹരിദാസ് എന്നിവര്‍ അവതാരകരായ ചടങ്ങ് കേരളത്തിന്റെ കലാപാരമ്പര്യം വിളിച്ചോതുന്ന കഥകളിയോടെയാണ് ആരംഭിച്ചത്. സാനിയ മല്‍ഹോത്ര, പ്രണിത സുഭാഷ് നിധി അഗര്‍വാള്‍ അപര്‍ണ ബാലമുരളി തൃഷ ഷെട്ടി എന്നിവരുടെ നൃത്തപ്രകടനങ്ങള്‍ ചടങ്ങിന്റെ മാറ്റുകൂട്ടി. ഫിലിംഫെയര്‍ അവാര്‍ഡ്സ് കൊച്ചിയിലെത്തിയത് കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാണെന്ന് ടൂറിസം സെക്രട്ടറി ബിജു കെ ഐഎഎസ് പറഞ്ഞു. തെന്നിന്ത്യന്‍ സിനിമയുടെ സര്‍ഗ്ഗാത്മകത ആഘോഷിക്കാനുള്ള മികച്ച വേദിയായി ഫിലിംഫെയര്‍ മാറിയെന്ന് വേള്‍ഡ് വൈഡ് മീഡിയ ഡയറക്ടര്‍ രോഹിത് ഗോപകുമാറും ഫിലിംഫെയര്‍ എഡിറ്റര്‍ ഇന്‍ ചീഫ് ജിതേഷ് പിള്ളയും കാമര്‍ ഫിലിം ഫാക്ടറി സ്ഥാപകന്‍ കാമര്‍ ഡിയും പറഞ്ഞു. ടിടികെ പ്രസ്റ്റീജ്, സെന്‍സോഡെന്റ്, ഡിഎസ്പി എന്നിവരുടെ സഹകരണത്തോടെയാണ് പുരസ്‌കാരനിശ സംഘടിപ്പിച്ചത്.


LATEST VIDEOS

Latest