തമിഴിൽ 2018ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായ ചിത്രമാണ് '96'. പ്രേംകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിജയ്സേതുപതിയും, തൃഷയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പ്രണയപരാജയത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം തെലുങ്കിൽ ശർവാനന്ദിനെയും, സാമന്തയെയും നായകൻ നായകിയാക്കി പ്രേംകുമാർ തന്നെ 'ജാനു' എന്ന പേരിൽ റീമേക്ക് ചെയ്തിരുന്നു. എന്നാൽ 'ജാനു' അവിടെ പ്രതീക്ഷിച്ച വിജയം നേടാനായില്ല. '96' എന്ന ചിത്രത്തിന് ശേഷം പ്രേംകുമാർ ഇപ്പോൾ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'മെയ്യഴകൻ'. കാർത്തിയും, അരവിന്ദ് സാമിയും പ്രധാന കഹാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം അടുത്തുതന്നെ റിലീസാകാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രേംകുമാർ '96' ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതായുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്. '96' രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായെന്നും വിജയ് സേതുപതിയുടെ ഭാര്യയോട് ഇക്കഥ പറഞ്ഞപ്പോൾ അവർക്ക് അത് വളരെ ഇഷ്ടമായെന്നും, വിജയ് സേതുപതിയും, തൃഷയും വീണ്ടും ഈ ചിത്രത്തിൽ ഒന്നിക്കുമെന്നും പ്രേംകുമാർ പറഞ്ഞിട്ടുണ്ട്. അതിനാൽ ചെറുപ്പക്കാരുടെ ഹൃദയങ്ങളിൽ ചലനം സൃഷ്ട്ടിച്ച '96'-ന്റെ രണ്ടാം ഭാഗം ഉടനെ പ്രതീക്ഷിക്കാം.