നല്ല ഒരു സെക്സ് സീനില്ല, ഭക്ഷണവും വളരെ മോശം; നോളന്റെ 'ദി ഒഡീസി'ക്ക് എമിലി വിൽസന്റെ കടുത്ത വിമർശനം
Highlights
"ഹോമറിന്റെ സങ്കീർണത സിനിമയിൽ നഷ്ടപ്പെട്ടു"
മാറ്റ് ഡാമൻ നായകനായി ക്രിസ്റ്റഫർ നോളൻ ഒരുക്കിയ ദി ഒഡീസി സിനിമയെ ശക്തമായി വിമർശിച്ച് ഹോമറിന്റെ ഒഡീസിയുടെ ഇംഗ്ലീഷ് വിവർത്തക എമിലി വിൽസൺ. ലണ്ടൻ റിവ്യൂ ഓഫ് ബുക്സിൽ പ്രസിദ്ധീകരിച്ച നിരൂപണത്തിലാണ് സിനിമ യഥാർത്ഥ ഇതിഹാസകാവ്യത്തിന്റെ ആത്മാവിനെയും ആഴത്തെയും പൂർണമായി പകർത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് അവർ വിലയിരുത്തിയത്.
ഹോമറിന്റെ ഒഡീസിയെ ലളിതമായ ഒരു ആക്ഷൻ സിനിമയാക്കി ചുരുക്കിയെന്നാണ് എമിലിയുടെ വിമർശനം. യഥാർത്ഥ കൃതിയിലെ സങ്കീർണതയും മാനസിക-വൈകാരിക തലങ്ങളും സിനിമയിൽ കാണാനില്ലെന്നും ഒഡീസിയസിനെ ഏകമാനനായ ആക്ഷൻ നായകനായി അവതരിപ്പിച്ചെന്നും അവർ ആരോപിച്ചു. "സങ്കീർണനായ ഒരു മനുഷ്യനെക്കുറിച്ചുള്ള കഥയല്ല ഇത്; ആക്ഷൻ ഹീറോയെക്കുറിച്ചുള്ള ഒരു ലളിതമായ സിനിമ മാത്രമാണ്," എന്നാണ് അവരുടെ വിലയിരുത്തൽ.
ഒഡീസിയസിന്റെ ഭാര്യയായ പെനെലോപ്പിയുടെ കഥാപാത്രത്തിന് അർഹിക്കുന്ന പ്രാധാന്യം ചിത്രത്തിൽ നൽകിയിട്ടില്ലെന്നും എമിലി ചൂണ്ടിക്കാട്ടി. ഇരുപത് വർഷക്കാലം വീടും രാജ്യവും പ്രതിസന്ധികളും കൈകാര്യം ചെയ്യുന്ന ശക്തയായ സ്ത്രീയുടെ കഥയെന്ന നിലയിൽ ഒഡീസിക്ക് ഉള്ള പ്രാധാന്യം നോളന്റെ പതിപ്പിൽ മങ്ങിപ്പോയെന്നാണ് അവരുടെ അഭിപ്രായം. നല്ല ഒരു സെക്സ് സീനില്ല. കഥാപാത്രങ്ങൾ കഴിക്കുന്ന ഭക്ഷണംപോലും മോശമായാണ് കാണിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.
തിരക്കഥയെയും ആഖ്യാനരീതിയെയും കുറിച്ചും അവർ രൂക്ഷ വിമർശനം ഉന്നയിച്ചു. കഥാപാത്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് വിശ്വസനീയമായ പ്രേരണകളില്ലെന്നും മനഃശാസ്ത്രപരമോ രാഷ്ട്രീയപരമോ വൈകാരികമോ ആയ ആഴം സിനിമയിൽ അനുഭവപ്പെടുന്നില്ലെന്നും അവർ പറഞ്ഞു. നോളന്റെ ആഖ്യാനശൈലി വെറും സാങ്കേതിക ഗിമ്മിക്കായി മാറിയെന്നും അവർ കുറ്റപ്പെടുത്തി.
സിനിമയിലെ മറ്റ് അവതരണങ്ങളെയും എമിലി പരിഹസിച്ചു. ഹോമറിന്റെ കാവ്യത്തെ മഹത്താക്കുന്ന സമയം, ഓർമ, ചരിത്രം, യുദ്ധം, കുടുംബബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ വേണ്ടത്ര പ്രതിഫലിക്കുന്നില്ലെന്നും, ഭക്ഷണരംഗങ്ങൾ പോലും ആകർഷകമല്ലെന്നും, മികച്ച പ്രണയരംഗങ്ങൾ പോലും ചിത്രത്തിലില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
ഹോമറിന്റെ ദി ഒഡീസിയുടെ ആദ്യ വനിതാ ഇംഗ്ലീഷ് വിവർത്തകയായ എമിലി വിൽസന്റെ വിവർത്തനത്തെ തന്റെ ചിത്രത്തിന് പ്രചോദനമായി നോളൻ മുമ്പ് പലവട്ടം വിശേഷിപ്പിച്ചിരുന്നു. അതേ സിനിമയ്ക്കെതിരെയാണ് ഇപ്പോൾ അവർ പരസ്യമായി രംഗത്തെത്തിയത്.
അതേസമയം, കടുത്ത വിമർശനങ്ങൾക്കിടയിലും ദി ഒഡീസിയുടെ റിലീസ് സാഹിത്യലോകത്തിന് വലിയ സംഭവമാണെന്ന് എമിലി സമ്മതിച്ചു. സിനിമയിലൂടെ കൂടുതൽ ആളുകൾ ഇതിഹാസകാവ്യത്തിലേക്ക് എത്തുന്നുണ്ടെന്നും, തന്റെ വിവർത്തനം ഉൾപ്പെടെയുള്ള പുസ്തകങ്ങളുടെ വിൽപന വർധിച്ചതായും അവർ പറഞ്ഞു. സർവകലാശാലകളിലെ സാഹിത്യം, ഭാഷ, ചരിത്രം തുടങ്ങിയ വിഷയങ്ങളുടെ പ്രാധാന്യം നിലനിർത്താൻ ഇത്തരം സിനിമകൾ സഹായകമാകുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.