Wednesday, 18 November 2026 | 02:03 PM

Exclusive

എല്ലാവരുടെയും 'നാനാ ജി' ഇനി ഓർമ്മ; മലയാളത്തിൽ അഭിനയിക്കാനുള്ള മോഹമൊടുങ്ങി; നാനാ പടേക്കർ വിടവാങ്ങി

സുരേഷ് വണ്ടന്നൂർ 09 October 2026 06:15 AM
എല്ലാവരുടെയും 'നാനാ ജി' ഇനി ഓർമ്മ; മലയാളത്തിൽ അഭിനയിക്കാനുള്ള മോഹമൊടുങ്ങി; നാനാ പടേക്കർ വിടവാങ്ങി

Highlights

 മലയാള സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങവേയാണ് വിഖ്യാത നടൻ നാനാ പടേക്കറുടെ അപ്രതീക്ഷിത വിയോഗം.

 


​1951 - 2026 മലയാള സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങവേയാണ് വിഖ്യാത നടൻ നാനാ പടേക്കറുടെ അപ്രതീക്ഷിത വിയോഗം.

​വിശ്വനാഥ് പടേക്കറിൽ നിന്ന് നാനാ പടേക്കറിലേക്ക് നല്ല ദൂരം വരും. എന്നാൽ എല്ലാവർക്കും അദ്ദേഹം 'നാനാ ജി'യായി. തന്റേതായ അഭിനയശൈലികൊണ്ടും സംഭാഷണ ചാതുരികൊണ്ടും ശ്രദ്ധേയനായ നാനാ പടേക്കർ വിഖ്യാത ഹിന്ദി - മറാത്തി നടനും സംവിധായകനുമായി അരങ്ങുവാണു. നാനാ പടേക്കർ അപ്രതീക്ഷിതമായി വിടപറയുമ്പോൾ നാലുദിവസം മുൻപ് പറഞ്ഞ വാക്കുകൾ ചർച്ചയായി മാറുന്നു: "നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല". തന്റെ മരണം അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നുവോ?

​നാടകവേദിയിലൂടെ കടന്നുവന്ന നാനാ പടേക്കറിനു അഞ്ചു പതിറ്റാണ്ടിലേറെ നീണ്ടതാണ് സിനിമായാത്ര. 1978ൽ മുജഫർ അലി സംവിധാനം ചെയ്ത 'ഗമൻ' എന്ന ചിത്രത്തിലൂടെ സിനിമാപ്രവേശം. കഥാപാത്രം ചെറുതെങ്കിലും അവതരിപ്പിക്കുന്ന രീതി വലുതായിരുന്നു.

​ശക്തമായ കഥാപാത്രങ്ങളും ദേശീയ പുരസ്കാരങ്ങളും

​1989ൽ വിദു വിനോദ് ചോപ്രയുടെ 'പരിന്ദ'യിൽ അവതരിപ്പിച്ച 'അണ്ണാ' എന്ന അധോലോക നായകൻ ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തനായ വില്ലൻ കഥാപാത്രങ്ങളിൽ ഒന്നായി. നോട്ടവും ശബ്ദവും നിശബ്ദതയും എല്ലാം അഭിനയത്തിന്റെ പ്രത്യേകതയായി മാറി. അണ്ണായുടെ പ്രകടനത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. സംഭാഷണങ്ങൾ കൃത്യമായി പറയുന്ന ശൈലിയും മുഖഭാവങ്ങളിലെ നിയന്ത്രണവും പെട്ടെന്നുള്ള വികാരവിസ്ഫോടനവും വേറിട്ടൊരു അഭിനയതലം തന്നെ ഒരുക്കി. 1991ൽ 'പ്രഹാർ: ദ ഫൈനൽ അറ്റാക്ക്' സൈനിക പശ്ചാത്തലത്തിൽ ഒരുക്കി നായകനായി അഭിനയിച്ചതിനൊപ്പം സംവിധാനം, തിരക്കഥ, സംഭാഷണം എന്നിവയിലും പങ്കാളിയായി അദ്ദേഹം വിസ്മയിപ്പിച്ചു.

​വെറും 'ആഗ്രിമാൻ' വേഷങ്ങൾ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റേത്. മൂന്നു വർഷത്തിനുശേഷം വന്ന 'ക്രാന്തിവീർ' എന്ന ചിത്രത്തിലെ പ്രതാപ് നാരായൺ തിലകിന് സാധാരണക്കാരന്റെ ശബ്ദമുണ്ടായിരുന്നു. കോപം നാനാ പടേക്കറുടെ അഭിനയത്തിലെ പ്രധാന ഘടകമായിരുന്നെങ്കിലും, ആ കോപത്തിനുള്ളിൽ ഒരു മുറിവുണ്ടായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 'അങ്കാർ', 'തിരംഗ', 'അഗ്നിസാക്ഷി', 'ഖാമോഷി: ദ മ്യൂസിക്കൽ', 'യശ്വന്ത്' തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ മാസ്റ്റർപീസുകളാണ്. 'അഗ്നിസാക്ഷി'യിലെ പ്രകടനത്തിന് മൂന്നാമത്തെ ദേശീയ പുരസ്കാരവും ലഭിച്ചു. 'അപഹരൺ', 'രാജ്‌നീതി' തുടങ്ങിയ ചിത്രങ്ങളിൽ കണ്ട നാനാ പടേക്കർ അല്ല 'വെൽക്കം' സിനിമയിൽ കണ്ടത്. 'അണ്ണാ'യെ പോലെ അധോലോക നായകനായിരുന്നെങ്കിലും അതേ ശബ്ദവും അതേ തീവ്രതയും അദ്ദേഹം കോമഡിയായി ഉപയോഗിച്ചു.

​അവസാന നാളിലും സജീവം

​മറാത്തി നാടകവും സിനിമയുമാണ് അദ്ദേഹത്തിന്റെ കലാജീവിതത്തിന്റെ അടിത്തറ. 2016ൽ പുറത്തിറങ്ങിയ 'നട്ട് സമ്രാട്ട്' എന്ന ചിത്രത്തിൽ ഗണപത് ബെൽവൽക്കർ എന്ന കഥാപാത്രമായി എത്തി. അപ്പോൾ കഥാപാത്രത്തിന്റെ നിശബ്ദത പോലും സംസാരിച്ചു. കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി അതു മാറുകയും ചെയ്തു. അവസാന കാലത്തും നാനാ പടേക്കർ അഭിനയത്തിൽ സജീവമായിരുന്നു. പോയവർഷം 'ഹൗസ് ഫുൾ 5'ൽ ധഗ്ഡു ഹുൽഗുണ്ടായി അഭിനയിച്ചു.

​ഈ വർഷം ഷാഹീദ് കപൂറിന്റെ 'ഒ റോമിയോ'യിൽ ഡി.സി.പി ഇസ്‌മയിൽ ഖാനായി. അനിൽ കപൂറിന്റെ 'സുബേദാറി'ലും ശ്രദ്ധേയ കഥാപാത്രമായി എത്തി. 2026 മാർച്ചിൽ ഒ.ടി.ടി റിലീസായി എത്തിയ 'സുബേദാർ' ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. സൈനിക വേഷങ്ങളിൽ ഏറെ തിളങ്ങിയ നാനാ പടേക്കറുടെ അവസാന ചിത്രത്തിനും പട്ടാളത്തിന്റെ പേര് എന്നത് യാദൃശ്ചികതയായി. ബോളിവുഡിലെ പഴയകാല താരങ്ങളെപ്പോലെ അവസരങ്ങളില്ലാത്ത സ്ഥിതി അദ്ദേഹം ഒരിക്കലും നേരിട്ടില്ല. പുതിയകാല താരങ്ങൾക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു. ആ കർമ്മപഥത്തിൽ നിന്നാണ് ഇപ്പോൾ മടക്കം.

​മലയാളത്തിൽ അഭിനയമോഹം ബാക്കിയാക്കി...

​മലയാള സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം അദ്ദേഹം അഗാധമായി കാത്തുസൂക്ഷിച്ചിരുന്നു. നാനാ പടേക്കർ, വിനായകൻ, ഐ.എം. വിജയൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു മലയാള സംവിധായകൻ വിശ്വൻ വിശ്വനാഥൻ. ഈ സിനിമയുമായി ബന്ധപ്പെട്ട് നാനാ പടേക്കറെ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നതായി വിശ്വൻ വിശ്വനാഥൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

​'അപ്പവും വീഞ്ഞും', 'ഡോക്ടർ പേഷ്യന്റ്', 'ഔട്ട് ഒഫ് സിലബസ്' എന്നീ സിനിമകളുടെ സംവിധായകനാണ് വിശ്വൻ വിശ്വനാഥൻ. ആ ദുരന്തവാർത്ത അറിഞ്ഞപ്പോൾ താൻ ഞെട്ടിത്തകർന്നുപോയെന്ന് അദ്ദേഹം കുറിച്ചു.
​"വിട നാനാ ജി. നമ്മൾ സ്വർഗത്തിലോ നരകത്തിലോ വച്ച് സിനിമ ചെയ്യും. ഉറപ്പ്." -വിശ്വൻ വിശ്വനാഥന്റെ കുറിപ്പ് ഈ വരികളോടെ അവസാനിക്കുന്നു.

 

 

Tags
nana patekar