ഇത് മടങ്ങുന്ന ചെക്കല്ല. തരുന്നത് ഗോവിന്ദ് സാബുമല്ല, സുധീര്‍.... സുധീര്‍ മിശ്ര.. നായകന്മാര്‍ക്ക് മാത്രം തിയേറ്ററില്‍ കയ്യടി കിട്ടിയിരുന്ന അക്കാലത്ത് വില്ലന്‍ ടച്ചുള്ള ഈ മാസ് ഡയലോഗിന് നല്ല വരവേല്‍പ്പാണ് ലഭിച്ചത്. വെള്ളിത്തിരയില്‍ സുപരിചിതനായ നടനാണ് ഡയലോഗ് പറയുന്നതെങ്കിലും എന്തോ പ്രേക്ഷകര്‍ക്ക് ഒരു ആവേശമായിരുന്നു. ആ ചെറുപ്പക്കാരനെ കണ്ടപ്പോള്‍, വിഖ്യാത സംവിധായകന്‍ ലോഹിതദാസ് തയ്യാറാക്കിയ ജോക്കര്‍ എന്ന ചിത്രത്തിലെ വില്ലനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അതെ, കോഴിക്കോട്ടുകാരുടെ സ്വന്തം നിഷാന്ത് സാഗറായിരുന്നു അന്ന് സുധീര്‍മിശ്രയായി നിറഞ്ഞാടിയത്. നിഷാന്തിന്‍റെ ആദ്യചിത്രമാണ് ജോക്കര്‍ എന്നാണ് പലരും അന്ന് കരുതിയിരുന്നത്. എന്നാല്‍ അതിനും മുമ്പേ ചിത്രീകരണം പൂര്‍ത്തിയായ ബിജു വര്‍ക്കി സംവിധാനം ചെയ്ത ദേവദാസി(1999) ആയിരുന്നു നിഷാന്തിന്‍റെ ആദ്യചിത്രം. പക്ഷേ, ബഹുഭൂരിപക്ഷം വരുന്ന സാമാന്യ ജനങ്ങളും നിഷാന്തിനെ ആദ്യമായി തിരിച്ചറിയുന്നത് ജോക്കറിലൂടെയാണ് എന്നുമാത്രം.
ലോഹിതദാസ് എന്ന പ്രതിഭയുടെ ചിത്രമായതുകൊണ്ടുതന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് ജോക്കറിനെ സ്വീകരിച്ചത്. നടന്‍ ദിലീപിന്‍റെ കരിയറില്‍ ബ്രേക്ക് ത്രൂ ആയ ചിത്രം കൂടിയായിരുന്നു അത്. അവതരണം കൊണ്ടും പ്രമേയം കൊണ്ടും വ്യത്യസ്തത പുലര്‍ത്തിയ ജോക്കര്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇതില്‍ നായകന്‍ ദിലീപ് ആയിരുന്നെങ്കിലും നായകനൊപ്പം നല്ല പ്രാധാന്യമുള്ള വേഷമായിരുന്നു നിഷാന്തിനും ലഭിച്ചത്. ഹാഫ് മലയാളിയായ ഒരു സര്‍ക്കസ് കലാകാരനായി എത്തിയ നിഷാന്ത് തന്‍റെ സ്വതസിദ്ധമായ മാനറിസം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തു.
ജോക്കറിലെ പെര്‍ഫോമന്‍സ് കണ്ട പലരും അന്നേ നിഷാന്തിനോട് പറഞ്ഞു- നിനക്ക് മലയാള സിനിമയില്‍ ഒരു ഭാവിയുണ്ട്. തുടര്‍ന്നുള്ള നാളുകളില്‍ ആ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഒരുപിടി നല്ല വേഷങ്ങള്‍ നിഷാന്തിനെത്തേടിയെത്തുകയും ചെയ്തു. അതില്‍ ശ്രദ്ധിക്കപ്പെട്ടത് 2002 ല്‍ പുറത്തിറങ്ങിയ മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ഫാന്‍റം പൈലി ആയിരുന്നു. മമ്മൂട്ടിയുടെ അനുജനായിട്ടായിരുന്നു നിഷാന്തിന്‍റെ പെര്‍ഫോമന്‍സ്. ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നെങ്കിലും അതില്‍ നിഷാന്ത് പാടി അഭിനയിച്ച വിരല്‍തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ.. എന്ന ഗാനം ഡ്യൂപ്പര്‍ ഹിറ്റായിരുന്നു.
ഫാന്‍റത്തില്‍ മമ്മൂട്ടിയുടെ അനുജനായിട്ടാണ് നിഷാന്ത് വേഷമിട്ടതെങ്കിലും അതൊരു ചെറിയ റോള്‍ മാത്രമായിരുന്നു. അധികം വൈകാതെ പുറത്തിറങ്ങിയ ജയരാജ് ചിത്രം തിളക്കത്തില്‍ നിഷാന്തിന് കുറച്ചുകൂടി സ്ക്രീന്‍ പ്രസന്‍സ് ലഭിച്ചു. അതിലെ ഗോപിക്കുട്ടന്‍ എന്ന നെഗറ്റീവ് ഷേഡ് കഥാപാത്രത്തിലൂടെ അത്യാവശ്യം മികച്ച പ്രകടനമാണ് നിഷാന്ത് കാഴ്ചവച്ചത്. പക്ഷേ ദൗര്‍ഭാഗ്യത്തിന്‍റെ ഒരു എലമെന്‍റ് അപ്പോഴും നിഷാന്തിനെ പിന്തുടരുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തുടര്‍ന്നുള്ള നാളുകളില്‍ ശ്രദ്ധിക്കപ്പെടുന്ന റോളുകളൊന്നും നിഷാന്തിനെ തേടിയെത്തിയില്ല.
പക്ഷേ, വെള്ളിത്തിരയില്‍ വരവറിയിച്ച അന്ന് മുതല്‍ എല്ലാ കൊല്ലങ്ങളിലും നിഷാന്ത് മിനിമം ഒരു ചിത്രത്തിലെങ്കിലും പ്രത്യക്ഷപ്പെടുന്നുണ്ട് എന്നത് അദ്ദേഹത്തിന്‍റെ കരിയര്‍ ഗ്രാഫ് പരിശോധിച്ചാല്‍ മനസ്സിലാകും. കോവിഡ് പിടിമുറുക്കിയ 2020 ല്‍ ഒഴികെ എല്ലാക്കൊല്ലവും നിഷാന്ത് ഒരു സീനിലെങ്കിലും വന്നുപോകുന്ന ഒരു ചിത്രമെങ്കിലും നമ്മുടെ തീയേറ്ററുകളില്‍ എത്തിയിട്ടുണ്ടാകും. പക്ഷേ, എന്നിട്ടും നിഷാന്തിലെ നടനെ എക്സ്പ്ലോര്‍ ചെയ്യുന്ന തരത്തില്‍ ഒന്നും ഉരുത്തിരിഞ്ഞുവന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്.
മലയാള സിനിമയ്ക്കൊപ്പം നിഷാന്ത് സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 25 കൊല്ലം പിന്നിടുകയാണ്. പക്ഷേ, സുധീര്‍ മിശ്രയ്ക്ക് ശേഷം റിമാര്‍ക്കബിള്‍ എന്ന് പറയാവുന്ന ഒരു വേഷവും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. ഈ 25 കൊല്ലക്കാലയളവില്‍ ശ്രദ്ധിക്കപ്പെട്ട ചില വേഷങ്ങള്‍ നിഷാന്തിന് ലഭിച്ചുവെങ്കിലും അവയൊക്കെയും നിഷാന്ത് അല്ലെങ്കില്‍ മറ്റൊരു താരം അഭിനയിച്ചാലും തരക്കേടാകില്ല എന്ന തരത്തിലുള്ളവ തന്നെയാണ്. നിഷാന്തിന് മാത്രം സാധിക്കുന്നത് എന്ന് പറയാനാകുന്ന വേഷങ്ങളൊന്നും ലഭിച്ചിട്ടില്ല എന്ന് സാരം. ഇപ്പറഞ്ഞതിലൂടെ നിഷാന്തിനെ ഇകഴ്ത്തിക്കാട്ടാനല്ല ശ്രമിക്കുന്നത്. നിഷാന്ത് എന്ന നടന്‍റെ ഉള്ളിന്‍റെയുള്ളില്‍ ഒരു സ്പാര്‍ക്കുണ്ട്. അത് ഉപയോഗിക്കുവാന്‍ അണിയറക്കാര്‍ക്ക് സാധിച്ചിട്ടില്ല എന്നതാണ് ഇവിടെ സുവ്യക്തമാക്കുന്നത്.
ഭാഗ്യക്കേടിന്‍റെ എലമെന്‍റ് വേട്ടയാടുന്ന ആദ്യനടനൊന്നുമല്ല നിഷാന്ത്. അദ്ദേഹത്തിന് മുമ്പും ശേഷവും മലയാളസിനിമയുടെ ഭാഗമായ പലരും ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ, അവരില്‍ പലര്‍ക്കും കഷ്ടകാലം എന്നൊന്ന് കഴിഞ്ഞ് നല്ല കാലം തേടി വന്നിട്ടുണ്ട്. വിശ്വാസങ്ങളുടെ കച്ചിത്തുരുമ്പില്‍ കയറിക്കൂടി ഭാഗ്യസാന്നിദ്ധ്യമെന്നോണം ലേബല്‍ ചെയ്യപ്പെട്ട് പല സിനിമകളിലും തലകാണിച്ചുപോകുന്ന ചില താരങ്ങള്‍ പോലും ഇന്നും മലയാള സിനിമയില്‍ സജീവമാണ്. അവരെക്കാളൊക്കെ എത്രയോ മുകളിലാണ് നിഷാന്ത് എന്ന നടന്‍. 2023 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ആര്‍.ഡി.എക്സിലെ ഡേവിസ് നിഷാന്തിന് പുത്തന്‍ പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നെങ്കിലും ഇന്നും ഒരു ബ്രേക്ക് ത്രൂ നിഷാന്തിന് തീണ്ടാപ്പാട് അകലെയാണ്.
അനീഷ് മോഹനചന്ദ്രന്‍