പഠിക്കുന്ന കാലത്തുതന്നെ സിനിമയോടും ഫോട്ടോഗ്രാഫിയോടും ഒരു പ്രത്യേക ഇഷ്ടം തന്നെയായിരുന്നു സാലു കെ. തോമസിന്. പിതാവിന് സ്വന്തമായി ഒരു സ്റ്റുഡിയോയുണ്ടായിരുന്നു. അച്ഛന്‍ ഫോട്ടോഗ്രാഫറായിരുന്നതുകൊണ്ട് കൂടിയാകാം സാലുതോമസിന് ഛായാഗ്രഹണ കലയില്‍ താല്‍പ്പര്യമുണ്ടായി തുടങ്ങിയത്.
ഒടുവില്‍ മനസ്സിലെ ആഗ്രഹം പോലെതന്നെ സാധിച്ചു. കല്‍ക്കട്ടയിലെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫോട്ടോഗ്രാഫിയെക്കുറിച്ച് പഠിക്കാന്‍ പോയി.
സിനിമയോട് അഭിനിവേശമുണ്ടായിരുന്നതുകൊണ്ട് സംവിധായകന്‍ ജിയോ ബേബിയുടെ ആദ്യ സിനിമയായ 'രണ്ട് പെണ്‍കുട്ടി'കളില്‍ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിരുന്നു.
കാതല്‍, ശ്രീധന്യ കേറ്ററിംഗ് സര്‍വ്വീസ്, ഫോര്‍ ഇയേഴ്സ്, പരാക്രമം, ഹിന്ദി സിനിമയായ കര്‍ണ്ണ.... തുടങ്ങിയ സിനിമകളുടെയെല്ലാം ക്യാമറാമാന്‍ സാലു കെ. തോമസ് ആയിരുന്നു. ഏറ്റവും പുതിയ സിനിമ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ദാവീദാണ്. ദാവീദിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നതിനിടയിലാണ് സാലു കെ. തോമസ് 'നാന'ക്കുവേണ്ടി അഭിമുഖം നല്‍കിയത്.
ദാവീദിനുശേഷം ഞാന്‍ ക്യാമറാമാനായി പ്രവര്‍ത്തിക്കുന്നത് തമിഴ്രംഗത്താണെന്നും അതൊരു വെബ്സീരീസായിരിക്കുമെന്നും സാലു കെ. തോമസ് പറഞ്ഞു.
ഫോട്ടോഗ്രാഫിയില്‍ പുതിയ ട്രെന്‍റ് എന്താണ്?
ഓരോ സിനിമയുടെയും സ്ക്രിപ്റ്റിന് അനുസരിച്ചാണ് ക്യാമറയുടെ മൂവ്മെന്‍റായാലും ലെറ്ററിംഗ് ആയാലും സിനിമാട്ടോഗ്രാഫിയുടെ ലാംഗ്വേജ് സെറ്റ് ചെയ്യുന്നത്. സ്ക്രിപ്റ്റ് പൂര്‍ണ്ണമായി വായിച്ചിട്ട് നരേഷന്‍ കേട്ടിട്ടാണ് ലൈറ്റിംഗിനെക്കുറിച്ചൊക്കെ തീരുമാനിക്കുക. സ്ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ അറിയാം, ഓരോ സീനിലുമുള്ള ഇമോഷന്‍ വര്‍ക്ക് ചെയ്യേണ്ടത് എങ്ങനെയെന്ന്. അങ്ങനെ അതിന്‍റെയൊരു ലാംഗ്വേജ് സെറ്റ് ചെയ്ത് അതിനനുസരിച്ച് ലൈറ്റിംഗും കളേഴ്സും മൂമെന്‍റ്സും ചെയ്യും. അതെല്ലാം ഡയറക്ടര്‍, സ്ക്രിപ്റ്റ് റൈറ്റര്‍ എന്നിവരുമായി ചേര്‍ന്ന് അവരുടെയും കൂടി അഭിപ്രായങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് പതിവ്.
മുന്‍കാലത്ത് എച്ച്.എം.ഐ ലൈറ്റുമൊക്കെയായിരുന്നുവല്ലോ ഷൂട്ടിംഗിന് ഉപയോഗിച്ചിരുന്നത്. അത് വലിയ ഭാരമുള്ളതും വളരെ ചൂടുകൂടിയതുമായിരുന്നു അല്ലെ..?
അതെ. ഇപ്പോള്‍ ആ ലൈറ്റ്സൊന്നും ആരും ഉപയോഗിക്കുന്നില്ല. ലേറ്റസ്റ്റായി വന്ന എല്‍.ഇ.ഡി ലൈറ്റുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. വെയിറ്റില്ല, ചൂടില്ല, നല്ല പ്രകാശവുമാണ്. മുന്‍പൊക്കെ HMI ലൈറ്റുകള്‍ക്ക് മുന്നില്‍ ആര്‍ട്ടിസ്റ്റുകള്‍ നിന്ന് അഭിനയിക്കുമ്പോള്‍ ചൂടുകാരണം നന്നായി വിയര്‍ക്കുമായിരുന്നു. എല്‍.ഇ.ഡി ടെക്നോളജിക്ക് അങ്ങനെയൊരു ഗുണമുണ്ടാകുമെങ്കിലും പഴയ HMI, 5KV ലൈറ്റിനുമൊക്കെയുള്ള ക്വാളിറ്റി ഇപ്പോഴും എല്‍.ഇ.ഡി ലൈറ്റുകള്‍ക്കില്ല. അങ്ങനെയൊരു കുഴപ്പമുണ്ട്. ഞാന്‍ എന്‍റെ 'കാതല്‍' സിനിമയ്ക്കുവേണ്ടി കുറച്ച് പഴയ ലൈറ്റുകള്‍ ഉപയോഗിച്ചിട്ടുമുണ്ട്.
പുതിയ സംവിധായകര്‍ക്കൊപ്പമെന്നപോലെ പല സംവിധായകര്‍ക്കൊപ്പവും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് സാലു കെ. തോമസ് അഭിപ്രായപ്പെട്ടു.