തമിഴ്നാട്ടിലെ 'അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം' രാഷ്ട്രീയ പാർട്ടിയിലെ ഒരു പ്രമുഖ വ്യക്തിയാണ് എ. വി.രാജു. ഇദ്ദേഹം നടി തൃഷയെ കുറിച്ച് സംസാരിച്ച ഒരു വിഷയം ഇപ്പോൾ കോളിവുഡിൽ മാത്രമല്ല തമിഴ്‌നാട്ടിൽ തന്നെ വളരെ ചർച്ചയായിരിക്കുകയാണ്. 2017-ൽ A.D.M.K (അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) പാർട്ടിയിലുണ്ടായ പിളർപ്പിനെത്തുടർന്ന് പാർട്ടി എം.എൽ.എ.മാർ കൂറുമാറാതിരിക്കാൻ തമിഴ്നാട് മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ തോഴിയായ ശശികലയുടെ നിയന്ത്രണത്തിൽ ചെന്നൈ മഹാബലിപുരത്തിനടുത്തുള്ള കൂവത്തൂരിലെ ഒരു ആഡംബര ഹോട്ടലിൽ പാർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എ.വി. രാജു സംസാരിച്ച ഒരു വീഡിയോ ഇന്നലെ പുറത്തുവരികയുണ്ടായി. അതിൽ നടി തൃഷയെ വളരെ മോശമായ രീതിയിൽ അപകീർത്തികരമായി സംസാരിച്ച വിഷയം സോഷ്യൽ മീഡിയയിൽ വൈറലാകുകയും വിവാദം സൃഷ്ടിക്കുകയും ചെയ്തു. അവിടെ താമസിച്ചിരുന്ന ചില എം.എൽ.എ.മാർ നടി തൃഷ ഉൾപ്പെടെയുള്ള ചില നടിമാരെ ആവശ്യപ്പെടുകയും അതിന് വേണ്ട ഏർപ്പാടുകൾ നടൻ കരുണാസാണ് ചെയ്തത് എന്നുമാണ് എ.വി. രാജു ആ വീഡിയോയിൽ പറഞ്ഞിരുന്നത്.
ഈ വിഡിയോ വൈറലായതും സംവിധായകനും നടനുമായ ചേരൻ, നടി കസ്തൂരി തുടങ്ങിയവർ ഇതിനെ അപലപിച്ചു. ചേരൻ ശക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ 'ഒരു പിന്തുണയുമില്ലാതെ പൊതുവേദിയിൽ സിനിമാ മേഖലയെ അപകീർത്തിപ്പെടുത്തിയ ഇയാൾക്കെതിരെ നിയമവും, പോലീസും ഉചിതമായ നടപടി സ്വീകരിക്കണം. അഭിനേതാക്കളുടെ സംഘടനയും ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' എന്നാണു കുറിച്ചിരുന്നത്.
നടി കസ്തൂരി പോസ്റ്റ് ചെയ്ത വീഡിയോയിൽ, ``അടുത്തിടെ, പൊതുസ്ഥലത്ത് സിനിമാ നടിമാർക്കെതിരെ അസഭ്യമായ ഭാഷ ഉപയോഗിക്കുന്നത് വർധിച്ചുവരികയാണ്. വായും, നാവും ഉണ്ടെങ്കിൽ വായിൽ വരുന്നതു പോലെയെല്ലാം സംസാരിക്കാമോ? കാണാത്തത് കണ്ടതുപോലെ എങ്ങനെ സംസാരിക്കും? എ.വി.രാജുവിന് പാർട്ടിക്കുള്ളിൽ പ്രശ്‌നമുണ്ടാകാം, അതിന് നടിമാരെ കുറിച്ച് മോശമായി സംസാരിക്കാമോ? അപകീർത്തികരമായി സംസാരിച്ച രാജുവിനെതിരെ നിയമ ടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'' എന്നാണു കസ്തൂരി അതിൽ പറഞ്ഞിരിക്കുന്നത്.
തൻ്റെ എക്‌സ് പേജിൽ ഈ വിഷയത്തെ അപലപിച്ചുകൊണ്ട് നടി തൃഷ ഇങ്ങിനെയാണ് പ്രതികരിച്ചിരിക്കുന്നത്. ''വീണ്ടും വീണ്ടും ശ്രദ്ധ നേടാനായി ഏത് തലത്തിലേക്കും കൂപ്പു കുത്തുന്നവരെ കാണുന്നത് തന്നെ വെറുപ്പുളവാക്കുന്നു. ഇക്കാര്യത്തിൽ എന്റെ വക്കീൽ മുഖേന ഞാൻ തക്കതായ നിയമനടപടി സ്വീകരിക്കും'' എന്നാണ് കുറിച്ചിരിക്കുന്നത്.ഈ വിഷയം സംബന്ധമായി മറ്റുചിലരും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ നടീ നടന്മാരുടെ സംഘടനയായ 'നടികർ സംഘം' ഇതുവരെ ഇതേ കുറിച്ച് യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ല.