അജുവിന്റെ മുറിയില്‍ എത്തിയ തന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവച്ചിട്ടുണ്ട്
ചെകുത്താനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലക്കെതിരെ പൊലീസ് കേസെടുത്തു. ചെകുത്താൻ എന്ന പേരിൽ വീഡിയോകൾ ചെയ്യുന്ന യുട്യൂബർ അജു അലക്‌സിനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദറിന്റെ പരാതിയിലാണ് പൊലീസ് നടപടി. ബാലയും കണ്ടാലറിയാവുന്ന മൂന്നുപേരുമാണ് തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ.
ഇന്നലെ വൈകിട്ട് ആറു മണിക്കായിരുന്നു സംഭവം. സമൂഹമാധ്യമങ്ങളിൽ ആറാട്ട് അണ്ണൻ എന്നു വിളിപ്പേരുള്ള സന്തോഷ് വർക്കിയെയും കൊണ്ടാണ് ബാലയും മൂന്നു പേരും ഫ്‌ളാറ്റിൽ എത്തിയതെന്ന് അജു അലക്‌സ് പറയുന്നു. സംഭവത്തിൽ ബാലയെ കണ്ട് മൊഴി രേഖപ്പെടുത്തും.
താനുൾപ്പെടെയുള്ളവരെ ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയതിൽ പ്രതിഷേധിക്കാനാണ് അജുവിന്റെ ഫ്‌ളാറ്റിലെത്തിയതെന്ന് ബാല വിശദീകരിക്കുന്നു. അജു അലക്‌സ് വീഡിയോകളിൽ ഉപയോഗിക്കുന്ന മോശം ഭാഷയ്‌ക്കെതിരായ തന്റെ പ്രതികരണമാണ് ഇതെന്നാണ് ബാല പറയുന്നത്. അജുവിന്റെ മുറിയിൽ എത്തിയ തന്റെ വീഡിയോയും സോഷ്യൽ മീഡിയയിലൂടെ ബാല പങ്കുവച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തതെന്നും ബാല പറയുന്നു.