NEWS

ഒരു ഡിഫറന്‍റ് യക്ഷി

News

ഭ്രമയുഗത്തിലെ യക്ഷിയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു..?

അതെ.. സിനിമ കണ്ടതിനുശേഷം ഒരുപാടുപേര്‍ അഭിപ്രായം പറയുന്നുണ്ട്. ഒരുപാട് അധികം കമന്‍റുകളും മറ്റും കിട്ടി.

ഭ്രമയുഗത്തില്‍ ഇതുവരെ കാണാത്ത മമ്മൂക്കയെയാണ് പ്രേക്ഷകര്‍ കണ്ടത്?

മമ്മുക്കയ്ക്ക് എങ്ങനെയാണ് ഇത്തരം റോളുകള്‍ അനായാസം ചെയ്യാന്‍ കഴിയുന്നത് എന്ന് ഞാന്‍ ഓര്‍ത്തുപോകുന്നു. ഈയൊരു റോള്‍ ചെയ്യാന്‍ മലയാളത്തില്‍ വേറെ നടനില്ല. മമ്മൂക്ക അത്രത്തോളം ഭംഗിയായി ഈ റോള്‍ ചെയ്തു. ഇനിയും ഇതുപോലെ ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തട്ടെ.

സിനിമയില്‍ ഒരേയൊരു സ്ത്രീ കഥാപാത്രം മാത്രമേയുള്ളൂ. അതുതന്നെത്തേടിയെത്തി എന്ന് മനസ്സിലാക്കിയപ്പോള്‍?

വാസ്തവത്തില്‍ ഞാന്‍ ഇങ്ങനെയൊരു റോള്‍ ചെയ്യണമെന്ന് ഒരുപാടാഗ്രഹിച്ചിരുന്നു. ഒരു സ്ക്രീന്‍ ടെസ്റ്റ് പോലും ഇല്ലാതെയാണ് ഞാന്‍ ഇത്രയും വലിയ സിനിമയുടെ ഭാഗമായത്. പക്ഷേ ആ ഒരു കഥാപാത്രം പ്രേക്ഷകര്‍ കാണുന്ന വിധത്തിലാക്കാന്‍ ഞാനൊരുപാട് പ്രയത്നിച്ചിട്ടുണ്ട്.

ഒരുപാട് വര്‍ഷത്തിനുശേഷം മലയാളത്തില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഇറങ്ങുകയാണ്. പ്രേക്ഷകര്‍ അത് ഏറ്റെടുക്കുമെന്ന് തോന്നിയോ?

പ്രേക്ഷകര്‍ക്ക് അതൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായി അനുഭവപ്പെടില്ല. കാരണം സിനിമ മുഴുവന്‍ ചിത്രീകരിച്ചിരിക്കുന്നത് ആ ഒരുവിധത്തിലാണ്. ടെസ്റ്റ് ഷൂട്ട് നടത്തിയപ്പോള്‍ ചിത്രം കളറില്‍ എടുക്കുന്നതിനെപ്പറ്റി ഡയറക്ടര്‍ക്ക് ആലോചിക്കാന്‍ പോലുമായില്ല. അത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെയെടുക്കേണ്ട ചിത്രമാണ്.

മമ്മൂക്ക സെറ്റില്‍ എങ്ങനെയാണ്?

മമ്മുക്ക വളരെ നോര്‍മലായാണ് എല്ലാവരോടും ഇടപഴകുക. കൂടെ അഭിനയിക്കുന്ന വ്യക്തിയെ കംഫര്‍ട്ടബിളാക്കും. ഒരു വലിയ നടന്‍റെ കൂടെയാണ് അഭിനയിക്കുന്നത് എന്ന ഒരു ഫീലുണ്ടാകില്ല. മമ്മൂക്ക വരുമ്പോള്‍ തന്നെ ഈ ഇടം ഭയങ്കര എനര്‍ജെറ്റിക് ആകും.
ഭ്രമയുഗം, മലൈക്കോട്ടൈ വാലിബന്‍ എന്നീ സിനിമകള്‍ ഇറങ്ങിയപ്പോള്‍ മലയാള സിനിമയില്‍ മഹാനടന്മാര്‍ തിരിച്ചുവന്നു. എന്ന രീതിയിലുള്ള കമന്‍റുകള്‍ ഒക്കെ കേട്ടു. 

അതിനോട് എങ്ങനെ പ്രതികരിക്കുന്നു?

നായകന്മാരുടെ തിരിച്ചുവരവാണ് എന്നൊന്നും തോന്നിയിട്ടില്ല. മലയാള സിനിമയില്‍ പുതിയ രീതിയിലുള്ള സിനിമകള്‍ വരുന്നു എന്ന് മാത്രമേ തോന്നിയിട്ടുള്ളൂ.

കമ്മട്ടിപ്പാലത്തില്‍ നിന്നും ഭ്രമയുഗത്തിലേക്ക് വന്നപ്പോള്‍ സ്വന്തം ആക്ടിംഗിലുണ്ടായ മാറ്റത്തെ എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്?

ഇത്രവര്‍ഷം കൊണ്ട് എനിക്ക് കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞു. പിന്നെ പുതിയ ആളുകളെ കൂടുതല്‍ പരിചയപ്പെടാന്‍ സാധിച്ചു.

ഭ്രമയുഗത്തിലെ മ്യൂസിക്കിനെപ്പറ്റി...?

ആ സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ് അതിലെ മ്യൂസിക.് ക്രിസ്റ്റോ സേവിയര്‍ അത് നല്ല രീതിയില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.

ഒരു കഥാപാത്രത്തിനുവേണ്ടി ചൂസ് ചെയ്യപ്പെടുമ്പോള്‍ ആദ്യം തോന്നുന്നതെന്താണ്?

ഒരേസമയം ടെന്‍ഷനും, കൗതുകവും തോന്നും. സംവിധായകന്‍ അവര്‍ക്ക് വേണ്ടത് എന്തെന്ന് നമ്മള്‍ക്ക് ബോധ്യപ്പെടുത്തിത്തരുമ്പോള്‍ അതൊരു വലിയ ഉത്തരവാദിത്തമായി അനുഭവപ്പെടും. അതേ ഉത്തരവാദിത്തബോധത്തോടുകൂടിയാണ് ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നതും. അഭിനയിക്കുന്നതും.

ഇനിയും ഒരുപാട് സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ കിട്ടുകയാണെങ്കില്‍ സ്വീകരിക്കുമോ?

തീര്‍ച്ചയായും. ആ കഥാപാത്രത്തിന് ഒരു കഥയുണ്ട്. അത് നമ്മള്‍ പരമാവധി ഉള്‍ക്കൊണ്ട് വേണം അഭിനയിക്കേണ്ടത്.


LATEST VIDEOS

Interviews