NEWS

പാളിപ്പോയ ആദ്യചിത്രം: തകര്‍ത്തുവാരിയ തിരിച്ചുവരവ് -ഫഹദ് ഫാസില്‍

News

 

ദ്യസിനിമ പരാജയപ്പെട്ടതിനുശേഷം അമേരിക്കയിലേക്ക് പഠനത്തിനായി പുറപ്പെട്ടു. 8 വര്‍ഷത്തോളമാണ് അമേരിക്കയില്‍ ജീവിച്ചത്. അതിനുശേഷം കേരളത്തിലേക്ക് എത്തിയപ്പോള്‍ ഒരു ജോലി അത്യാവശ്യമായി വന്നു. എന്‍ജീനിയറിംഗ് പാതിവഴിയില്‍ ഉപേക്ഷിച്ചായിരുന്നു ഫിലോസഫിയില്‍ ഡിഗ്രി ചെയ്യുന്നത്. കേരളത്തില്‍ എത്തിയപ്പോള്‍ സുഹൃത് വലയങ്ങള്‍ എല്ലാം സിനിമയില്‍ ഉള്ളവരാണ്. അവരുമായി കൂടുതല്‍ ഇടപഴകാന്‍ തുടങ്ങിയപ്പോഴാണ് സിനിമയുടെ എഴുത്തുപണികളില്‍ ഭാഗമാകാന്‍ തുടങ്ങിയത്. അങ്ങനെയാണ് ആദ്യമായി അവസരങ്ങള്‍ ലഭിക്കുന്നത്. അതിനുശേഷം ആണ് 22 എഫ്.കെ, ഡയമണ്ട് നെക്ലൈസ്, ചാപ്പ കുരിശ് എന്നീ സിനിമകള്‍ സംഭവിച്ചത്. 

100 കോടി ക്ലബ്ബില്‍ കയറുന്നതല്ല പ്രേക്ഷകരെ രസിപ്പിക്കുക എന്നതാണ് മുന്‍തൂക്കം എന്നും അതൊരിക്കലും സിനിമയില്‍ മാറില്ലെന്നും ഒരിക്കല്‍ നടന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
കഴിവുള്ള ഒരുപാട് നടന്മാരെ ഇന്‍ഡസ്ട്രിക്ക് നല്‍കിയ വ്യക്തിയാണ് സംവിധായകന്‍ ഫാസില്‍. അദ്ദേഹത്തിന് ഒരിക്കലും തെറ്റുപറ്റിയിട്ടില്ലെന്ന് തെളിയിക്കണമെന്നും സിനിമയിലേക്ക് വീണ്ടും തിരികെ എത്തണമെന്ന് തോന്നിയത് അങ്ങനെയായിരുന്നുവെന്നും ഫഹദ് അഭിമുഖത്തിലൂടെ പറഞ്ഞിട്ടുണ്ട്. 

ഫാസില്‍ തന്നെയാണ് ഫഹദിന്‍റെ ഉള്ളിലെ നടനെ ആദ്യമായി മനസ്സിലാക്കിയെടുത്തത്. അദ്ദേഹവും സുഹൃത്തും തമ്മിലുള്ള സംഭാഷണത്തിനിടയ്ക്കാണ് ഫഹദിലെ അഭിനയത്തിന്‍റെ റിഥത്തിന് വളരെ പ്രത്യേകതയുണ്ടെന്ന് പറയുന്നത്. പതിനെട്ടാം വയസ്സിലായിരുന്നു ആദ്യത്തെ ഓഡിഷന്‍. അഭിനയം കൃത്രിമമാണെന്നും ഓര്‍ഗാനിക്കായി സംഭവിക്കണമെന്നും വാപ്പച്ചിയായിരുന്നു പറഞ്ഞുതന്നത്. പിന്നീട് ആ റിഥത്തിന് വേണ്ടിയായിരുന്നു വര്‍ക്ക് ചെയ്തത്. ശേഷം മൂന്ന് സംസ്ഥാന അവാര്‍ഡുകളും ഒരു ദേശീയ അവാര്‍ഡും സംഭവിച്ചു.

2024 ല്‍ ഫഹദിന്‍റേതായി റിലീസ് ചെയ്ത 'ആവേശം' ബോക്സ്ഓഫീസില്‍ വലിയ വിജയമായിരുന്നു. രംഗന്‍ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമായിരുന്നു ഫഹദ് പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ചവച്ചത്. പിന്നാലെ ഇതരഭാഷ ആവേശം ചര്‍ച്ച ചെയ്യപ്പെട്ടു. തെലുങ്ക് ചിത്രം പുഷ്പ ടുവിലും ഫഹദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. രജനികാന്തിനൊപ്പം വേട്ടയ്യനിലും പ്രധാന കഥാപാത്രമായാണ് ഫഹദ് എത്തിയത്. ബോളിവുഡ് ഹിറ്റ് സംവിധായകരില്‍ ഒരാളായ ഇമ്തിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഫഹദ് ബോളിവുഡ്ഡിലും സാന്നിധ്യം അറിയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന് പിന്നാലെ ഫഹദ് ഫാസില്‍ വടിവേലു ടീം വീണ്ടും ഒരുമിക്കുന്ന മാരീശന്‍ എന്ന ചിത്രവും വേറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. മാരീശന്‍ റോഡ് കോമഡി വിഭാഗത്തില്‍ കഥ പറയുന്ന ചിത്രമാണ്. രജനികാന്തും അമിതാഭ്ബച്ചനും മഞ്ജുവാര്യരും ഉള്‍പ്പെടെ വലിയ താരനിരയിലുള്ള വേട്ടയ്യനില്‍ ഏറെ കയ്യടി നേടിയ കഥാപാത്രമായിരുന്നു ഫഹദ് ഫാസിലിന്‍റെ പാട്രിക്.

2017 ല്‍ പുറത്തിറങ്ങിയ ശിവകാര്‍ത്തികേയന്‍ നായകനായ വേലൈക്കാരന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലൂടെ ആയിരുന്നു തമിഴിലേക്ക് ഫഹദ് അരങ്ങേറ്റം നടത്തിയത്. പിന്നീട് സൂപ്പര്‍ ഡീലക്സ്, വിക്രം, മാമന്നന്‍, വേട്ടയ്ക്കാര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. മാമന്നനിലെ രത്നവേലു എന്ന വില്ലന്‍ കഥാപാത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു തമിഴ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. അതുപോലെ തെലുങ്കില്‍ അല്ലു അര്‍ജ്ജുനിന് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പുഷ്പ, പുഷ്പ 2 വിലെ പോലീസ് വില്ലന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. 200 കോടി ക്ലബ്ബിലെത്തിയ ചിത്രത്തിന്‍റെ ജൈത്രയാത്ര ലോകശ്രദ്ധ നേടിക്കഴിഞ്ഞു.

അണിയറയില്‍ ഒരുങ്ങുന്നത്

ഓടും കുതിര ചാടും കുതിര, കരാട്ടെ ചന്ദ്രന്‍, ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍, മാരീശന്‍, ഓക്സിജന്‍ തുടങ്ങിയവയാണ് റിലീസിന് ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍. അമല്‍നീരദ് സംവിധാനം ചെയ്ത ബോഗൈന്‍ വില്ലയാണ് ഫഹദിന്‍റെ ഒടുവിലത്തെ മലയാള ചിത്രം. ചിത്രത്തില്‍ ഡേവിഡ് കോശി ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. തെലുങ്ക്, മലയാളം ഭാഷകളില്‍ നിര്‍മ്മിക്കുന്ന ഓക്സിജന്‍, ഡോണ്ട് ദി ട്രബിള്‍ ചിത്രങ്ങള്‍ തമിഴ്, കന്നട ഭാഷകളില്‍ മൊഴിമാറ്റം ചെയ്ത് പ്രദര്‍ശനത്തിന് എത്തും. ഡോണ്ട് ട്രബിള്‍ ദ് ട്രെബിള്‍ ജൂണിലും ഓക്സിജന്‍ 2025 ലും റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

 


LATEST VIDEOS

Interviews