1986-ൽ പുറത്തുവന്ന 'വിക്രം' എന്ന സിനിമയിൽ കമൽഹാസന് വില്ലനായി പ്രശസ്ത ബോളിവുഡ് നടനായ അംജത്ഖാനാണു അഭിനയിച്ചിരുന്നത്. അതുപോലെ രജനികാന്ത് നായകനായ 'കാലാ' എന്ന ചിത്രത്തിൽ രജനിക്ക് വില്ലനായി മറ്റൊരു പ്രശസ്ത ബോളിവുഡ് നടനായ നാനാ പടേക്കർ ആയിരുന്നു വില്ലൻ. അടുത്തുതന്നെ റിലീസാകാനായിരിക്കുന്ന വിജയ്‌യുടെ 'ലിയോ'യിൽ മറ്റൊരു ബോളിവുഡ് സ്റ്റാറായ സഞ്ജയ് ദത്ത്, രജനിയുടെ 'ജയിലറി'ൽ ജാക്കി ഷെറാഫ് എന്നിവരാണ് വില്ലനായി എത്തുന്നത്. ഈ സാഹചര്യത്തിലാണ് വേറൊരു ഹിന്ദി താരം കൂടി തമിഴ് സിനിമയിൽ വില്ലനായി പ്രവേശിക്കാനിരിക്കുന്നത്. ആ താരം ബോബി ഡിയോൾ ആണ്.
'സിരുത്തൈ' ശിവ സംവിധാനം ചെയ്യുന്ന സൂര്യയുടെ ബിഗ് ബഡ്ജറ്റ് ചിത്രമായ 'ഗംഗുവ'യിലാണ് ബോബി ഡിയോൾ സൂര്യക്ക് വില്ലനായി അവതാരമെടുക്കുന്നത്. ഏകദേശം 350 കോടി ബഡ്ജറ്റിൽ തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ 'സ്റ്റുഡിയോ ഗ്രീൻ' ഒരുക്കിവരുന്ന ചിത്രമാണ് 'ഗംഗുവ'. 1500 വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കഥയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ സൂര്യ 5 വ്യത്യസ്‌ത കഥാപാത്രങ്ങളിൽ വരുമെന്നാണ് റിപ്പോർട്ട്. ശരീരഭാഷയിലും, രൂപത്തിലും വ്യത്യസ്തമായ ഒരു വില്ലനെയാണത്രെ ബോബി ഡിയോൾ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഓഗസ്റ്റിൽ ബാങ്കോക്കിൽ നക്കുന്ന ചിത്രീകരണത്തിൽ താരം ജോയിൻ ചെയ്യുമെന്നാണ് പറയപ്പെടുന്നത്. സൂര്യയുടെ ജന്മദിനത്തിനോടനുബന്ധിച്ചു പുറത്തുവന്ന 'ഗംഗുവ'യുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.