തമിഴ് സിനിമയിലെ സൂപ്പർസ്റ്റാറായ രജനികാന്ത് ലക്ഷകണക്കിന് ആരാധകർ ഉള്ള താരമാണ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ സിനിമകൾ റിലീസാകുന്ന ദിവസം ആ താരങ്ങളുടെ കട്ട് ഔട്ട്കൾക്ക് പൂമാലകൾ ചാർത്തുന്നതും, പാലഭിഷേകം ചെയ്യുന്നതും, രക്തം കൊണ്ട് തിലകമിടുന്നതുമെല്ലാം തമിഴ്നാട്ടിൽ കാലം കാലമായി നടന്നു വരുന്ന കാര്യങ്ങളാണ്. അതുപോലെ താരാരാധന മൂത്ത് ഒരു ആരാധകൻ നടി കുശ്ബുവിന് അമ്പലം നിർമ്മിച്ചതും തമിഴ്നാട്ടിൽ നടന്ന ഒരു കാര്യമാണ്. ഇപ്പോൾ അതുപോലെ സൂപ്പർസ്റ്റാർ രജിനികാന്തിന്റെ ഒരു കടുത്ത ആരാധകനായ കാർത്തിക് രജനികാന്തിന്റെ കരിങ്കൽ ശില ഉണ്ടാക്കി തന്റെ വീട്ടിൽ പ്രതിഷ്ഠയും നടത്തിയിരിക്കുകയാണ്.
തമിഴ്നാട്ടിലുള്ള മധുര ജില്ലയിലെ തിരുമംഗലം സ്വദേശിയായ കാർത്തിക്കാണ് ഈ കാര്യം ചെയ്തിരിക്കുന്നത്. ഇദ്ദേഹം മുൻ അർദ്ധസൈനികനാണ്. നിലവിൽ മാട്രിമോണിയൽ ഇൻഫർമേഷൻ സെന്റർ നടത്തിവരികയാണ്. രജനിയുടെ കടുത്ത ആരാധകനായ ഇദ്ദേഹം രജനിയുടെ ആദ്യത്തെ ചിത്രമായ 'അപൂർവ രാഗങ്ങൾ' മുതൽ ഇപ്പോൾ റിലീസായ 'ജയിലർ' വരെയുള്ള എല്ലാ ചിത്രങ്ങളുടെയും പോസ്റ്ററുകൾ ശേഖരിച്ച് തന്റെ വീട്ടിൽ സൂക്ഷിച്ച് വരുന്നുണ്ടത്രേ! ഈ സാഹചര്യത്തിലാണ് നാമക്കൽ ജില്ലയിലെ രാശിപുരത്ത് നിന്നും 250 കിലോ ഭാരമുള്ള രജനിയുടെ കരിങ്കൽ പ്രതിമ ഉണ്ടാക്കി അതിനെ തന്റെ വീട്ടിൽ പ്രതിഷ്ഠിച്ചു പൂജയും, ഹോമവും, അഭിഷേകവും എല്ലാം നടത്തിയിരിക്കുന്നത്. ഈ ചടങ്ങിൽ കാർത്തിക്കിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാം പങ്കെടുക്കുകയും ചെയ്തിരുന്നുവത്രെ! ഈ വാർത്ത ഇപ്പോൾ സമൂഹമാധ്യമണങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.