'അച്ഛന്‍ അഭിനയിക്കാന്‍ തുടങ്ങിയത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴല്ലെ, ഞാനഭിനയിക്കുന്നത് ഏഴ് വയസ്സുള്ളപ്പോഴാണ്.
ഇത് ഒരു മകന്‍റെ അച്ഛനോടുള്ള സംഭാഷണമാണ്. മകന്‍റെ ഈ ചോദ്യത്തിന് മുന്നില്‍ അച്ഛനൊന്നും പറയാനായില്ല. ഇതെല്ലാം ജീവിതത്തെ മാറ്റിമറിക്കുന്ന മറിമായങ്ങളാകാം...
ഈ അച്ഛനും മകനും ഇപ്പോള്‍ അഭിനയരംഗത്തുണ്ട്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും മഴവില്‍ മനോരമയിലെ 'മറിമായം' എന്ന ഹാസ്യ പ്രോഗ്രാമാണ് ഇരുവരെയും അഭിനയരംഗത്ത് ശ്രദ്ധേയരാക്കിയത്.സ്തുതിയും മകന്‍ മുന്ന സ്തുതിയും.

'തട്ടീം മുട്ടീം' എന്ന നര്‍മ്മപ്രോഗ്രാമിലായിരുന്നു മുന്നയുടെ അഭിനയത്തിന്‍റെ തുടക്കം. അതിനുശേഷം 'മറിമായ'ത്തില്‍ പല എപ്പിസോഡുകളിലും വ്യത്യസ്ത വേഷങ്ങളില്‍ അഭിനയിച്ചു. മകനോടൊപ്പം അച്ഛനും അച്ഛനോടൊപ്പം മകനും അഭിനയിച്ചു. എന്നാല്‍, ഇതുവരെയും ജീവിതത്തിലെന്ന പോലെ അച്ഛനും മകനുമായി അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചിരിയോടെ സ്തുതി പറഞ്ഞു.
സിനിമയില്‍ ആദ്യം അഭിനയിക്കുന്നത് ഏത് സിനിമയിലാണ്?
കുഞ്ഞിരാമന്‍റെ കുപ്പായമായിരുന്നു ആദ്യത്തെ സിനിമ. ആ സിനിമയിലെ വേഷം എന്തായിരുന്നുവെന്ന് ചോദിച്ചാല്‍ എനിക്ക് മാത്രമേ അത് തിരിച്ചറിയാനും കാണാനും കഴിയൂ. അത്രമാത്രം ചെറിയ ഒരു വേഷം. പിന്നീട് 'പ്രീസ്റ്റ്' എന്ന സിനിമയില്‍ അഭിനയിച്ചു. ഒരു ക്വിസ് മാസ്റ്റര്‍. ഏകദേശം ഒരു മിനിട്ടോളം സ്ക്രീനിലുണ്ട്. എന്നെ വ്യക്തമായി കാണാന്‍ കഴിയുന്ന ഒരു റോളായിരുന്നു അത്. 'പഞ്ചായത്ത് ജെട്ടി'യായിരുന്നു പിന്നീട് ചെയ്ത സിനിമ. ഒരു പ്രൈവറ്റ് ബസ്സിലെ കണ്ടക്ടര്‍. ഇപ്പോള്‍ പുതിയതായി ഒരു സിനിമയില്‍ കൂടി അഭിനയിച്ചിട്ടുണ്ട്. ദുല്‍ഖര്‍ കമ്പനിക്കുവേണ്ടി ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം. നായികയായി അഭിനയിക്കുന്ന കല്യാണി പ്രിയദര്‍ശന്‍റെ ബാല്യകാലത്തിലെ കൂട്ടുകാരന്‍റെ അച്ഛനായിട്ടാണ് അഭിനയിച്ചത്.
മറിമായം പരമ്പരയുടെ അനുഭവങ്ങള്‍?
എന്‍റെയൊരു സുഹൃത്ത് വിവേകിന്‍റെ ഭാര്യ ധന്യശ്രീയുടെ ബന്ധുവാണ് മാധ്യമപ്രവര്‍ത്തകനായ വിവേക് മുഴുക്കുന്ന്. അദ്ദേഹം റെക്കമെന്‍റ് ചെയ്തതുവഴിയാണ് 'മറിമായ'ത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്. ഒരു ബസ്സിലെ കണ്ടക്ടറിനോട് ബാക്കി ചോദിക്കുന്ന തര്‍ക്കത്തില്‍ ബസ്സില്‍ നിന്നും ചവിട്ടി പുറത്താക്കുന്ന ഒരു രംഗം. അത് ഞാന്‍ ഭംഗിയായി ചെയ്തുവെന്ന് തോന്നുന്നു. അതേത്തുടര്‍ന്ന് എനിക്കൊരു ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട്. സ്തുതി അഭിപ്രായപ്പെട്ടു. 'മറിമായ'ത്തില്‍ എന്‍റെ കഥാപാത്രത്തിന്‍റെ പേര് സ്തുതി എന്നുതന്നെയാണ്.

വടകരയ്ക്കടുത്ത് കൈവേലിയിലെ വള്ളില്‍തറയാണ് എന്‍റെ സ്വദേശം. ഒരു പക്കാഗ്രാമം. ഇവിടെ ഞാന്‍ കണ്ടുപരിചയിച്ച കുറെ കഥാപാത്രങ്ങളുണ്ട്. പലതരത്തിലുള്ള മാനറിസമുള്ള ആളുകള്‍. അവരില്‍ മിക്കവരെയും ഞാനിപ്പോള്‍ 'മറിമായ'ത്തില്‍ അവതരിപ്പിച്ചുകഴിഞ്ഞു. അവരും നാട്ടിലെ എന്‍റെ സുഹൃത്തുക്കളുമായിട്ടുള്ള സൗഹൃദങ്ങളുമാണ് അഭിനയത്തില്‍ എനിക്കെപ്പോഴും കൈത്താങ്ങായിട്ടുള്ളതെന്നും സ്തുതി കൈവേലി ഓര്‍മ്മിപ്പിച്ചു.
മറിമായത്തിന്‍റെ ഡയറക്ടര്‍ മിഥുന്‍ സാറും കൂടെ അഭിനയിക്കുന്നവരും എല്ലാം വളരെ
നല്ല സപ്പോര്‍ട്ടാണ് തരുന്നത്.
മോന്‍ മുന്നയ്ക്കും അഭിനയത്തിനോട് വലിയ ക്രേസ് തന്നെയാണ്. മോന്‍ പറഞ്ഞത് പോലെ ഏഴ് വയസ്സുള്ളപ്പോള്‍ തന്നെ മൊബൈല്‍ ഫോണില്‍ ഷര്‍ട്ടുകള്‍ മാറ്റിമാറ്റി പല വേഷങ്ങളില്‍ പല കഥാപാത്രങ്ങളായി വന്ന് അഭിനയിക്കുന്നത് അവന്‍ തന്നെ ഷൂട്ട് ചെയ്തിട്ടുണ്ട്. ആ പ്രായത്തില്‍ എനിക്കും അത് അത്ഭുതമായി തോന്നിയിരുന്നു. അന്നേ മോന്‍ പറയുമായിരുന്നു ഞാന്‍ സിനിമയില്‍ അഭിനയിക്കുമെന്ന്.
പറഞ്ഞതുപോലെ തന്നെ മോനും സിനിമയിലഭിനയിച്ചു. ജോഷിമാത്യുവിന്‍റെ ദൈവത്തിന്‍കുന്ന് ആണ് ആദ്യചിത്രം. കുട്ടികള്‍ക്ക് പ്രാധാന്യമുള്ള ആ സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ വാഗമണ്ണില്‍ കഴിഞ്ഞതേയുള്ളൂ.