വിജയ്, വെങ്കട്ട് പ്രഭു കൂട്ടുകെട്ടിൽ ഒരുങ്ങി ഈയിടെ റിലീസായി വമ്പൻ വിജയം നേടിയ ചിത്രമാണ് 'GOAT'. സെപ്റ്റംബർ 5-ന് റിലീസായ ഈ ചിത്രം 450 കോടിയിലധികം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം 100 കോടിയിലധികം ഷെയർ ലഭിച്ചു എന്നുള്ള റിപ്പോർട്ടും ഉണ്ട്. ഈയവസരത്തിലാണ് സൂപ്പർസ്റ്റാർ രജനികാന്ത് 'GOAT' ചിത്രം കണ്ട് വെങ്കട്ട് പ്രഭുവിനെ പ്രശംസിച്ചത്. ഇതിന് നന്ദി പറയുവാനായി വെങ്കട്ട് പ്രഭു രജനികാന്തുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അപ്പോൾ വെങ്കട്ട് പ്രഭു രജനികാന്തിന്റെ അടുക്കൽ ഒരു കഥയുടെ ഔട്ട് ലൈൻ പറഞ്ഞു എന്നും ആ ഔട്ട് ലൈൻ രജിനികാന്തിന് വളരെ ഇഷ്ടപ്പെട്ടു എന്നും, ലൈക്ക പ്രൊഡക്ഷൻസുമായി കൂട്ടുചേർന്ന് ഈ ചിത്രം ഒരുക്കാം എന്നും രജനികാന്ത് പറഞ്ഞതായുള്ള വാർത്തയാണ് ഇപ്പോൾ കോളിവുഡിൽ വൈറലായി കൊണ്ടിരിക്കുകയാണ്. 'GOAT'-ന് ശേഷം വെങ്കട്ട് പ്രഭു ശിവകാർത്തികേയനെ നായകനാക്കി ചിത്രം ഒരുക്കുന്നതായാണ് വാർത്തകൾ പുറത്തു വന്നിരുന്നത്. എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോകിക രഖ്യാപനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഈയവസരത്തിലാണ് രജനികാന്ത്, വെങ്കട്ട് പ്രഭു കൂട്ടുകെട്ടിൽ ഒരു ചിത്രം ഒരുങ്ങുന്നു എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. അതേ സമയം രജനികാന്ത് ഇപ്പോൾ ലോഗേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന 'കൂലി' എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞതിന് ശേഷം 'ജയിലർ' രണ്ടാം ഭാഗത്തിലും അഭിനയിക്കാനിരിക്കുകയാണ് രജനികാന്ത്. അങ്ങിനെയെങ്കിൽ വെങ്കട്ട് പ്രഭുമായുള്ള ചിത്രം സാധ്യമാവുകയാണെങ്കിൽ 'കൂലി', 'ജയിലർ' രണ്ടാം ഭാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമായിരിക്കും രജനികാന്ത് വെങ്കട്ട് പ്രഭു ഒരുക്കുന്ന ചിത്രത്തിന് കാൾ ഷീറ്റ്സ് നൽകുക!