ഓരോ വെള്ളിയാഴ്ചകള്‍ക്കായി കുഞ്ഞ് ആദം കാത്തിരിക്കും. അത് വാപ്പച്ചി(ഉമ്മയുടെ അച്ഛന്‍) പുറത്തുപോയി വരുമ്പോള്‍ കൊണ്ടുവരുന്ന സിനിമ കാസറ്റുകള്‍ക്കുവേണ്ടിയാണ്. ഒരാഴ്ച പിന്നെ വീട്ടില്‍ ആ പടം ഓടും. ടി.വിയുടെ ഏറ്റവും അടുത്തിരുന്ന് ആദം അത് കാണും. ആ കുഞ്ഞു ആദമിന്‍റെ കണ്ണുകളില്‍ തിളക്കം ഉണ്ടായിരുന്നു. ആദമിന് ഓര്‍മ്മയില്ലാത്ത പ്രായത്തില്‍ ടെലിവിഷനുകളില്‍ ആടിത്തിമിര്‍ക്കുന്ന ഓരോ കഥാപാത്രങ്ങളെയും കാണാന്‍ ആകാംക്ഷയോടെ ടി.വിയുടെ പുറകിലെ ചെറിയ ദ്വാരങ്ങള്‍ വഴി നോക്കിയിരുന്നത്രേ. ആ കുഞ്ഞിന്‍റെ അതേ കൗതുകത്തോടെയാണ് ആദം സാബിക് എന്ന നടന്‍ ഇന്നും സിനിമയെ നോക്കിക്കാണുന്നത്. പൂമാനമേ.. എന്ന പാട്ടുകേള്‍ക്കുമ്പോള്‍ ഇപ്പോള്‍ മനസ്സിലേക്ക് ഓടി എത്തുന്ന പ്രണയാതുരമായ ആ മുഖം ആദം സാബിക്കിന്‍റേതാണ്. തന്‍റെ സ്വപ്നങ്ങള്‍ എത്തിപ്പിടിച്ച സന്തോഷത്തില്‍ ആദം സംസാരിച്ചുതുടങ്ങി...
അലക്സാണ്ടറിന്‍റെ സമ്മാനമാണ് ഈ സ്നേഹം
പുറത്തിറങ്ങുമ്പോള്‍ പ്രായഭേദമന്യേ പലയിടങ്ങളില്‍ നിന്നുള്ള ആള്‍ക്കാരുടെ സ്നേഹം എനിക്ക് കിട്ടുന്നു. അതൊരിക്കലും ആദം എന്ന എനിക്ക് കിട്ടുന്ന സ്നേഹമല്ല. മറിച്ച് സുജയെ സ്നേഹിച്ച പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ അലക്സാണ്ടറിനോടുള്ള സ്നേഹമാണ്. പലരും എന്‍റെ പേര് പോലും ചോദിക്കാതെ അലക്സാണ്ടര്‍ എന്ന പേരില്‍ എന്നെ വിളിക്കുന്നു. ആദ്യസിനിമ തന്നെ ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാവാന്‍ കഴിയുക. അതില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രം എല്ലാവരും സ്വീകരിക്കുന്നു. ഓസ്ലറില്‍ ഞങ്ങളെല്ലാവരും ഉള്‍പ്പെട്ട ഫ്ളാഷ് ബാക്ക് വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. അതില്‍ ഞങ്ങളില്‍ ആരെങ്കിലും മോശമായി പെര്‍ഫോം ചെയ്തിരുന്നേല്‍ അത് കണക്ട് ആവാന്‍ സാധിക്കില്ലായിരുന്നു. ഫ്ളാഷ് ബാക്ക് വളരെ പെട്ടെന്ന് തീര്‍ന്നുപോയല്ലോയെന്ന് പലരും പറഞ്ഞു. അത് കേട്ടപ്പോള്‍ സന്തോഷം തോന്നി.