ചെറുപ്പം മുതല്‍ ക്യാമറ പരിചയമുള്ളതുകൊണ്ട് സിനിമയില്‍ എത്തിയപ്പോള്‍ വലിയ പേടിയൊന്നും ഉണ്ടായില്ല. പക്ഷേ എന്റെ പേരന്റ്‌സിന് നല്ല രീതിയില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. മുന്‍പ് ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി മുഴുനീള കഥാപാത്രം ചെയ്യുന്നു. പക്ഷേ ഫസ്റ്റ് ഷോട്ട് കഴിഞ്ഞപ്പോള്‍ സംവിധായകന്‍ അവരോട് പറഞ്ഞു. ഇവന്‍ അടിപൊളിയാണെന്ന്. അത് കേട്ടപ്പോഴാണ് അവര്‍ക്കും ആത്മവിശ്വാസം വന്നത്. രേഖാചിത്രത്തിനുശേഷം അടുത്ത ഹിറ്റ് സര്‍ക്കീട്ടുമായി ആസിഫ് അലി എത്തിയപ്പോള്‍ അതില്‍ ജപ്പു എന്ന കഥാപാത്രം ചെയ്ത കുട്ടിത്താരത്തെയാണ് പ്രേക്ഷകര്‍ തിരക്കിയത്. തന്റെ സര്‍ക്കീട്ട് വിഷയങ്ങള്‍ ഒര്‍ഹാന്‍ ഹൈദര്‍ പങ്കുവയ്ക്കുന്നു.
വികൃതിയുള്ള കുട്ടിയെ തേടി വന്ന ഓഡിഷന്‍
വികൃതിയുള്ള കുട്ടികളെ ക്ഷണിക്കുന്നു എന്ന ഓഡിഷന്‍ കാള്‍ കണ്ട് ഉമ്മയാണ് എന്റെയും ഏട്ടന്റെയും വീഡിയോകളും പ്രൊഫൈലും അയച്ചുകൊടുത്തത്. പ്രായപരിധിയും ഹൈറ്റുമെല്ലാം നോക്കുന്നതുകൊണ്ട് ഞാനാണ് സെലക്ടായത്. ഓഡിഷന് എന്നെപ്പോലെ ഒരുപാട് കുട്ടികള്‍ ഉണ്ടായിരുന്നു. ഓഡിഷന്‍ കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചുപോയി. പോവുന്ന വഴി ഒന്നുകൂടെ വരാമോയെന്ന് ചോദിച്ചു വീണ്ടും ടീം വിളിച്ചു. എന്നിട്ടു കുറച്ചുകാര്യങ്ങളെല്ലാം ചെയ്തുനോക്കിപ്പിച്ചു. അപ്പോള്‍ ലുക്കിലെല്ലാം ചെറിയ മാറ്റം വരുത്തി.

കണ്ണടയെല്ലാം വച്ചായിരുന്നു ചെയ്തുനോക്കിപ്പിച്ചത്. അതുകഴിഞ്ഞു ഓക്കെയാണെന്ന് പറഞ്ഞെങ്കിലും, ഒരുപാട് കുട്ടികള്‍ ഇനിയും ഉണ്ട്. അതുകൊണ്ട് നോക്കി പറയാമെന്നായിരുന്നു പറഞ്ഞിരുന്നു. പിന്നീട് രണ്ടാഴ്ച കഴിഞ്ഞ് ടീം കുറച്ച് സീനുകള്‍ അയച്ച്, അത് ചെയ്തു വീഡിയോ അയയ്ക്കാന്‍ പറഞ്ഞു. അതും ഞങ്ങള്‍ അയച്ചുകൊടുത്തു. അപ്പോഴും കണ്‍ഫേം ആവാന്‍ ആയിട്ടില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. പിന്നീട് നേരിട്ട് ഒരു ഓഡിഷനും കൂടെ ഉണ്ടായി. അപ്പോഴാണ് സിനിമയുമായി ബന്ധപ്പെട്ട സീനുകള്‍ ചെയ്യിപ്പിച്ചത്. അതിനുശേഷം പാസ്‌പോര്‍ട്ട് ഉണ്ടോയെന്ന് ചോദിച്ചുവിളിച്ചിരുന്നു. ഫൈനലിസ്റ്റായി എനിക്കൊപ്പം മറ്റൊരു കുട്ടികൂടെ ഉണ്ട്, അതുകൊണ്ട് ഉറപ്പിക്കാറായില്ലെന്ന് പറഞ്ഞിരുന്നു. പക്ഷേ ഞങ്ങള്‍ പാസ്‌പോര്‍ട്ട് എല്ലാം എടുത്തുവച്ചു. ഞങ്ങള്‍ മൈസൂരിലേക്ക് ഫാമിലിയായി പോയിരുന്നു. മൈസൂര്‍ പാലസില്‍ നില്‍ക്കുമ്പോഴായിരുന്നു അവിടുന്നു കാള്‍ വന്നു കണ്‍ഫര്‍മേഷന്‍ പറയുന്നത്. അത് കേട്ടപ്പോള്‍ ഭയങ്കര ഹാപ്പിയായി.
ജപ്പു ഞാനല്ല
ജപ്പു എന്ന കഥാപാത്രം ഹൈപ്പര്‍ ആക്ടീവായ ഒരാളാണ്. പക്ഷേ ഞാന്‍ അത്രയും ഹൈപ്പറല്ല, പക്ഷേ സ്മാര്‍ട്ടാണ്. സംവിധായകന്‍ പറഞ്ഞുതരുന്നതനുസരിച്ച് ചെയ്യുകയാണ് ചെയ്തത്. ഡയലോഗുകളൊന്നും നേരത്തെ പഠിച്ചിരുന്നില്ല. ഓരോ സീന്‍ എടുക്കുന്നതിന് മുന്‍പ് ഇതാണ് സാഹചര്യം എന്നുപറയും. ജപ്പു ഈ സമയത്ത് ഇങ്ങനെയാണ് ചെയ്യുന്നതെന്നും പറഞ്ഞുതരും.

ആസിഫിക്കയുടെ ഫാനാണ്
മുന്‍പ് ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും, സര്‍ക്കീട്ട് തിയേറ്ററുകളിലേക്ക് എത്തുന്നുവെന്നത് വളരെ സ്‌പെഷ്യലായ കാര്യമാണ്. ഇത്തരത്തില്‍ മുഴുനീള കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞു. പോസ്റ്ററുകളിലെല്ലാം ആസിഫിക്കയ്‌ക്കൊപ്പം എന്റെ മുഖവും കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്. ആസിഫിക്കയുടെ സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും ഞാന്‍ അത്ര ഫാനൊന്നുമായിരുന്നില്ല. പക്ഷേ അദ്ദേഹത്തിനൊപ്പം അഭിനയിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ കട്ട ഫാനായി. സിനിമയുടെ പകുതി പോര്‍ഷനില്‍ മുഴുവനും ഞാനും ആസിഫിക്കയും ഒരുമിച്ചാണ്. ഞങ്ങള്‍ പെട്ടെന്നുതന്നെ ഫ്രണ്ട്‌സായി. അതുകൊണ്ട് അഭിനയിക്കാനും ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. ആസിഫിക്കയുടെ മോന്റെ പേര് പോലും എന്നെ മാറ്റി വിളിച്ചിരുന്നു. ആസിഫിക്കയുടെ അമിഗോസ് അടിഗോസിലെ കഥാപാത്രം ഇഷ്ടമാണ്.
പേടി തോന്നിയില്ല
എനിക്ക് പേടിയൊന്നും തോന്നിയില്ല. ചെറുപ്പം മുതല്‍ ക്യാമറ പരിചയമുള്ളതുകൊണ്ട് കുറച്ച് എളുപ്പമായി തോന്നി. പക്ഷേ എന്റെ പേരന്റ്‌സിന് പേടി ഉണ്ടായിരുന്നു, ഞാന്‍ എങ്ങനെ ചെയ്യുമെന്ന കാര്യത്തില്‍. എന്റെ സീനോടെയാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ആ സീന്‍ എടുത്തുകഴിഞ്ഞപ്പോള്‍ സംവിധായകന്‍ അവരോട് പറഞ്ഞു ഇവന്‍ അടിപൊളിയാണെന്ന്. അപ്പോഴാണ് അവര്‍ക്ക് എന്റെ കാര്യത്തില്‍ ആത്മവിശ്വാസം വന്നത്. അതുപോലെ എനിക്ക് ആഴ്ചയിലൊരിക്കല്‍ തുമ്മലും അലര്‍ജിയുമെല്ലാം വരുമായിരുന്നു. പക്ഷേ, ഗള്‍ഫില്‍ ഞങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് നല്ല തണുപ്പുള്ള കാലാവസ്ഥയായിരുന്നു. ഉമ്മ ഫാര്‍മസിസ്റ്റായതുകൊണ്ട് മരുന്നെല്ലാം കരുതിയിട്ടുണ്ടായിരുന്നു. പക്ഷേ എനിക്ക് യാതൊരുവിധ ശാരീരിക പ്രശ്‌നങ്ങളും ഉണ്ടായില്ല എന്നത് ഭാഗ്യമായി തോന്നി.
സ്‌ക്കൂളിലുള്ളവര്‍ കട്ട സപ്പോര്‍ട്ട്
തിരുവല്ല ബദനി അക്കാഡമിയിലാണ് പഠിക്കുന്നത്. ഇപ്പോള്‍ നാലാം ക്ലാസ്സിലാണ്. എനിക്ക് ഇങ്ങനെ അവസരം കിട്ടിയെന്ന് പറഞ്ഞപ്പോള്‍ തന്നെ ടീച്ചേഴ്‌സും, കൂട്ടുകാരുമെല്ലാം ഹാപ്പിയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ മാസമായിരുന്നു ഷൂട്ട്. രണ്ടുമാസത്തോളം സ്‌ക്കൂളില്‍ പോവാന്‍ കഴിഞ്ഞില്ല. അവര്‍ നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്തതുകൊണ്ടാണ് എക്‌സാമെല്ലാം നന്നായി എഴുതാന്‍ കഴിഞ്ഞത്. മിസ്സായ പാഠഭാഗങ്ങള്‍ എല്ലാവരുടേയും ഹെല്‍പ്പ് കൊണ്ട് മനസ്സിലാക്കിയെടുക്കാന്‍ കഴിഞ്ഞു.

സോഷ്യല്‍ മീഡിയ പരിചിതമാണ്
അതിന്റെ ഫുള്‍ക്രെഡിറ്റ് എന്റെ പേരന്റ്‌സിനാണ്. ബാക്കിയുള്ള കുട്ടികള്‍ കേള്‍ക്കുന്ന നോ ഞങ്ങള്‍ക്ക് അധികം കേള്‍ക്കേണ്ടി വന്നിട്ടില്ല. ചെറുപ്പം മുതല്‍ എന്നെയും ഏട്ടന്‍ ഇഷാനെയും അത്രയും സ്മാര്‍ട്ടായാണ് പേരന്റ്‌സ് വളര്‍ത്തിയത്. ഓട്ടവും ചാട്ടവുമെല്ലാം ഇഷ്ടമാണ്. പാര്‍കൗര്‍ ചെയ്യാന്‍ ഇഷ്ടമാണ്. പേരന്റ്‌സിനാണെങ്കിലും തുടക്കസമയത്ത് ഞങ്ങളെ ഇത്തരത്തില്‍ ട്രെയിന്‍ ചെയ്യിപ്പിക്കുമ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ വന്നിരുന്നു. പക്ഷേ അതെല്ലാം ഇത്തരത്തില്‍ നല്ലതിനായി എന്നതില്‍ ഞങ്ങള്‍ എല്ലാവരും ഹാപ്പിയാണ്.