സ്പാർക്ക് മീഡിയയുടെ ബാനറിൽ എ.കെ. സത്താർ രചനയും സംവിധാനവും നിർവ്വഹിച്ച ദ ബ്ലാക്ക് മൂൺ എന്ന ഹൊറർ ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ ബാലതാരമാണ് റിഷികേശ്(കണ്ണൻ). രാഹുൽ എന്ന കേന്ദ്ര കഥാപാത്രത്തെ വളരെ തന്മയത്ത്വത്തോടെ അഭിനയിച്ച് ദ ബ്ലാക്ക് മൂൺ ടീമിന്റെ പ്രശംസ പിടിച്ചുപറ്റിയ മാസ്റ്റർ റിഷികേശ് മലയാള ചലച്ചിത്ര ലോകത്തിന് മുതൽക്കൂട്ടാണ്.
പത്തുവയസ്സുകാരനിൽ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന ദ ബ്ലാക്ക് മൂൺ സാധാരണ ഹൊറർ ചിത്രങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്നു. മുത്തച്ഛന്റെ കഥകളിൽ നിന്നും കേട്ടറിഞ്ഞ അമാനുഷിക ശക്തി കൈവരിക്കാൻ അർദ്ധരാത്രിയിൽ സെമിത്തേരിയിലെത്തുന്ന രാഹുലിന് സംഭവിക്കുന്ന ചില മാറ്റങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. കുടുംബപശ്ചാത്തലത്തിൽ ഒരുക്കിയ കുട്ടികളുടെ ഹൊറർ ചിത്രമായ ദ ബ്ലാക്ക് മൂണിലെ നായകൻ മാസ്റ്റർ റിഷികേശാണ്.
കോഴിക്കോട്ടെ ബിസിനസ്സുകാരനായ കത്തലാട്ട് രഞ്ജിത്തിന്റേയും ലിഷിതയുടേയും മകനാണ് റിഷികേശ്, നൃത്തച്ചുവടുകളിലൂടെ സ്‌ക്കൂൾ തലത്തിൽ തന്റേതായ ഒരിടം കണ്ടെത്തിയ മികച്ച ഡാൻസറും മോഡലുമാണ് റിഷികേശ് കുണ്ടായിത്തോട് സെന്റ് ഫ്രാൻസിസ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.
ചെന്നൈയിലെ എസ്.ആർ.എം. കോളേജിലെ ബി.ബി.എ വിദ്യാർത്ഥിനിയും മോഡലും അഭിനേത്രിയുമായ ഗോപിക രഞ്ജിത്ത്(അമ്മു) സഹോദരിയാണ്.
നിഷ്‌ക്കളങ്കമായ അഭിനയചാരുതയിലൂടെ കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സ് കീഴടക്കുന്ന കഥാപാത്രമായാണ് ഈ കൊച്ചുകലാകാരൻ ദ ബ്ലാക്ക് മൂണിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. പപ്പയുടെയും മമ്മിയുടെയും ചേച്ചിയുടെയും പ്രോത്സാഹനമാണ് റിഷികേശിനെ ഒരു കലാകാരനാക്കി മാറ്റിയത്.
കോഴിക്കോടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ദ ബ്ലാക്ക് മൂൺ ഉടൻ പ്രദർശനത്തിനെത്തും.
അനീഷ് രവി, ഡൊമനിക്ക് ചിറ്റേട്ട്, വിനോദ് കോഴിക്കോട്, ബാബുസ്വാമി, ടി.ജി. ബാലൻ, അനുപമ, ഗോപിക, നിഥില എന്നിവരും നിരവധി പുതുമുഖതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.