ഈയിടെ ലോകം മുഴുവനും റിലീസായി 400 കോടിയിലധികം കളക്ഷൻ നേടി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് 'ജയിലർ'. നെൽസൺ, രജനികാന്ത് കൂട്ടുകെട്ടിൽ പുറത്തുവന്നിരിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം താരങ്ങളായ മോഹൻലാലും, വിനായകനും പ്രധാന കഥാപാത്രങ്ങളിൽ വന്നു ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 'ജയിലർ' റിലീസായ എല്ലാ കേന്ദ്രങ്ങളിലും വൻ വിജയമായി തുടർന്ന് പ്രദർശനം നടന്നു വരുന്ന സാഹചര്യത്തിലാണ് ഈ ചിത്രത്തിന് എതിരെ ഹൈക്കോടതിയില്‍ ഒരു ഹർജി നൽകിയിരിക്കുന്നത്. ഈ ചിത്രത്തിന് സെൻസര്‍ ബോർഡ് 'U/A' സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്. ഇപ്പോൾ ഈ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ എം.എല്‍.രവി ചിത്രത്തിനെതിരെ ചെന്നൈ ഹൈക്കോടതിയെ സമീപിചിരിക്കുന്നത്. എന്നാൽ അമേരിക്കയിലും, യു.കെ.യിലും ഈ ചിത്രത്തിന് 'A' സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്.
ചിത്രത്തിൽ ഒരുപാട് ക്രൂരമായ കൊലപാതക ദൃശ്യങ്ങൾ ഉണ്ട്. എതിരാളിയുടെ തല ചുറ്റിക കൊണ്ട് തകർക്കുന്നതും, ചെവി മുറിക്കുന്നതും തല വെട്ടുന്നതും എല്ലാം കുട്ടികൾക്ക് കാണാൻ യോഗ്യമല്ലാത്ത അക്രമ രംഗങ്ങളാണെന്നും, ഇത് അനുവദീയമല്ല, അതുകൊണ്ടു ചിത്രത്തിന് നൽകിയിരിക്കുന്ന U/A സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്ന് വാദിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ ഹർജിയുടെ പേരിൽ ഹൈക്കോടതി എന്ത് തീരുമാനമെടുക്കും എന്നറിയുവാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ കോളിവുഡിലുള്ള സിനിമാ ആരാധകരും, ചിത്രത്തിന്റെ അണിയറപ്രവർത്തകരും!