രാമായണ കഥയുടെ ആവിഷ്‌കാരമായി ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിവരുന്ന സിനമായാണ് 'ആദിപുരുഷ്'. ഓം റാവത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രാമനായി പ്രഭാസും, രാവണനായി സെയ്ഫ് അലിഖാനും, സീതയായി കീർത്തി സനോനുമാണ് അഭിനയിക്കുന്നത്. 3D സാങ്കേതികവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ 5 ഭാഷകളിൽ ഒരേ സമയം ഈ മാസം (ജൂൺ) 16-ന് റിലീസാകാനിരിക്കുകയാണ്.
രണ്ടു ഭാഗങ്ങളായി പുറത്തുവന്നു സൂപ്പർ ഡ്യൂപ്പർ ഹിറ്റായ 'ബാഹുബലി' എന്ന ചിത്രത്തിന് ശേഷം പ്രഭാസിന്റേതായി പുറത്തുവന്ന ചിത്രങ്ങളൊന്നും ഹിറ്റാവുകയുണ്ടായില്ല. അതുകൊണ്ട് തന്നെ വളരെ പ്രതീക്ഷകളോടെയാണ് ഈ ചിത്രം റിലീസാകുന്നത്. 'ആദിപുരുഷി'ൽ ഹനുമാൻ കഥാപാത്രവും പ്രധാനപെട്ടതാണ്. അതിനാൽ ‘ആദിപുരുഷ്' റിലീസാകുന്ന ഒരോ തിയേറ്ററിലും, ഓരോ ഷോയിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിവാക്കി പ്രദർശനം നടത്തുവാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചു അതിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസത്തിന്റെ ഭാഗമായി ഭക്തിയുടെയും വിശ്വാസത്തിന്റെയും പ്രതിരൂപമായ ഹനുമാനു ആദരവ് നൽകുന്ന ഈ കാര്യം ഇപ്പോൾ കോളിവുഡിലും, ടോളിവുഡിലും, ബോളിവുഡിലും സംസാര വിഷയമായിട്ടുണ്ട്.