NEWS

ഒരു ട്രെയിന്‍ യാത്രയാണ് ഹേമന്ദിനെ സിനിമയിലേക്ക് എത്തിച്ചത്...

News

ജീവിതത്തില്‍ അപ്രതീക്ഷിതമായി ചിലതൊക്കെ സംഭവിക്കുമ്പോഴാണ് ഭാഗ്യവും അനുഗ്രഹവും ഒക്കെ നമ്മുടെ കൂടെയുണ്ടെന്നുള്ള കാര്യം നമ്മള്‍ തിരിച്ചറിയുന്നത്.

നടന്‍ ഹേമന്ദ് മേനോനുമായി സംസാരിക്കുമ്പോള്‍ മനസ്സിലായ ഒരു കാര്യമാണിത്. ഹേമന്ദ് മേനോന്‍ ഒരിക്കലും ഒരു സിനിമാനടനാകണമെന്ന് ആഗ്രഹിക്കുകയോ, അങ്ങനെയൊരു ലക്ഷ്യം വച്ച് ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. ഫാസിലിനെപ്പോലെ ഒരു പ്രമുഖ സംവിധായകന്‍റെ സിനിമയിലൂടെ നായകനായി എത്തുക എന്നതുതന്നെ ഭാഗ്യമല്ലാതെ മറ്റെന്താണ്?

ഹേമന്ദ് പഠിച്ചുവന്നത് ബി.ടെക് എഞ്ചിനീയറിംഗ്. ആ രീതിയില്‍ ഒരു ഉദ്യോഗം കരസ്ഥമാക്കണമെന്ന ലക്ഷ്യമല്ലാതെ സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. ഒരു ട്രെയിന്‍ യാത്രയാണ് ഹേമന്ദിനെ സിനിമയിലേക്ക് എത്തിച്ചതെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.

മുതിര്‍ന്ന നടന്‍ ജോസ് പ്രകാശിന്‍റെ മകന്‍ രാജന്‍ പ്രകാശ് അന്ന് ഹേമന്ദിന്‍റെ സഹയാത്രികനായി ആ ട്രെയിനിലുണ്ടായിരുന്നു. ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയായ രാജന്‍ പ്രകാശിനറിയാമായിരുന്നു, ഫാസില്‍ തന്‍റെ പുതിയ സിനിമയ്ക്കുവേണ്ടി ഒരു പുതുമുഖ നായകനെഅന്വേഷിക്കുന്നുണ്ടെന്ന്. ആ ട്രെയിന്‍ യാത്രയ്ക്കിടയില്‍ രാജന്‍ പ്രകാശ് ഹേമന്ദിനെ പരിചയപ്പെടുകയും ഫാസിലിന്‍റെ അരികിലേക്ക് ഒരു പച്ചക്കൊടി വീശുകയും ചെയ്തു.

ലിവിംഗ് ടുഗെദറായിരുന്നു ആ സിനിമ. അതിനുശേഷം മലയാളത്തില്‍ കുറെ സിനിമകളിലൂടെ അഭിനയിച്ചു. ഇപ്പോള്‍ തമിഴില്‍ രണ്ട് സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഹേമന്ദിന്‍റെ അഭിനയജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ഭാഗ്യമാണ് 'ഔസേപ്പിന്‍റെ ഒസ്യത്തി'ലെ റോയ് എന്ന നായകകഥാപാത്രം.

ഹേമന്ദ് ഇപ്പോള്‍ അഭിനയിക്കുന്നതും റിലീസാകാനുള്ള സിനിമകളെക്കുറിച്ച്?

നടന്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമ അടുത്തുതന്നെ തീയേറ്ററിലെത്തും. തൊടുപുഴയില്‍ കുറച്ചുദിവസം ഷൂട്ടുചെയ്ത ഈ സിനിമ ഭൂരിഭാഗവും ലണ്ടനിലാണ് ചിത്രീകരിച്ചത്. ഒരുപാട് പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞ ഒരു കഥാപാത്രമാണ് ആ സിനിമയില്‍ എനിക്ക് കിട്ടിയത്.

പിന്നെ തമിഴില്‍ അഭിനയിച്ച രണ്ട് സിനിമകള്‍ റിലീസിനൊരുങ്ങി നില്‍ക്കുന്നു. ഒരു സിനിമ 'ക്യാന്‍' ആണ്. അതില്‍ തമിഴിലെ കലയരശനും ഞാനും പ്രധാന വേഷം ചെയ്യുന്നു. ഞാന്‍ ഹീറോ. കലയരശന്‍ സെക്കന്‍റ് ഹീറോ. ഇത് ഞാന്‍ തമിഴില്‍ ചെയ്യുന്ന ആദ്യ സിനിമയാണ്. ഹീറോ എന്ന നിലയില്‍ 'ക്യാന്‍' സിനിമ നല്ലൊരു എന്‍ട്രി ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ട്രയാംഗിള്‍ ലവ് സ്റ്റോറിയാണ്.

മറ്റൊന്ന്?

ഹു?(ംവീ) എന്ന തമിഴ് സിനിമയുമുണ്ട്. നായിക ധന്യാബാലകൃഷ്ണന്‍. ഒരു ഡിഫറന്‍റ് സ്റ്റോറിയാണ്. ഷിബിന്‍ എന്നൊരു പുതിയ ആളാണ് ഡയറക്ടര്‍. മേയ്-ജൂണ്‍ മാസങ്ങളിലായി രണ്ടും റിലീസുണ്ടാകും.

കുടുംബം?

എന്‍റെ വീട് തിരൂരിലാണെങ്കിലും ഞാനിപ്പോള്‍ എറണാകുളത്ത് കാക്കനാട് താമസിക്കുന്നു. വൈഫ് ലണ്ടനില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്‍റില്‍ ജോലി ചെയ്തുവരുന്നു.

 


LATEST VIDEOS

Interviews