തമിഴില്‍ തിളങ്ങി, മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന മലയാളിയായ യുവനടനാണ് ആദി ഷാന്‍. വളരെ ചെറിയ സമയം കൊണ്ടുതന്നെ നിരവധി ഹ്രസ്വചിത്രങ്ങളിലും വെബ് സീരീസുകളിലും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുകയും, ഒന്നിന് പിറകെ ഒന്നായി മികച്ച നടനുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്തിരിക്കുന്ന ഈ ചെറുപ്പക്കാരന്‍ സിനിമാലോകത്തിന് ഒരു മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ല.
പോക്കറ്റ് എഫെമ്മിനുവേണ്ടി ആദി അഭിനയിച്ച 'കിംഗ്' എന്ന തമിഴ് വെബ്സീരീസാണ് കാണികള്‍ക്കിടയില്‍ ഇപ്പോള്‍ ഓളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
തമിഴിലും മലയാളത്തിലും പ്രേക്ഷകരിലേക്ക് എത്തിയ പില്ലര്‍ നമ്പര്‍ 581 എന്ന ഹ്രസ്വചിത്രത്തിലെ കരളലിയിപ്പിക്കുന്ന പ്രകടനം ആദിയുടെ ഭാവിയെ മാറ്റിക്കുറിക്കുന്ന ഒന്നുതന്നെ ആയിരുന്നു. ഒട്ടനവധി അവാര്‍ഡുകള്‍ അതിലൂടെ ആദിക്ക് സ്വന്തമായി. പല പരസ്യചിത്രങ്ങളിലും ആദിയുടെ സാന്നിധ്യം ചെറുതല്ല. അതോടൊപ്പം തന്നെ മാര്‍ഷ്യല്‍ ആര്‍ട്ട്സിലും പ്രാവീണ്യം നേടിയിട്ടുണ്ട് ഈ ചെറുപ്പക്കാരന്‍.
സന്ദീപ് അജിത്കുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ക്രൗര്യം എന്ന സിനിമയിലൂടെയാണ് ആദി മലയാള സിനിമയില്‍ അരങ്ങേറുന്നത്. ക്രൗര്യം റിലീസിന് തയ്യാറെടുക്കാനിരിക്കെ ആദിയുടെ കഥാപാത്രത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ഏറെ പ്രതീക്ഷപുലര്‍ത്തുകയാണ്.
ഇനിയും വെല്ലുവിളികള്‍ നിറഞ്ഞ ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ആദിഷാന്‍.