ആങ്കറിംഗ് രംഗത്തും നൃത്തരംഗത്തും കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചുമൊക്കെ പരിചയസമ്പന്നനായ ഡോ. കൃഷ്ണ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് 'ആലി.'
അനൂപ് മേനോന്‍ നായകനായി അഭിനയിച്ച ഒരു ശ്രീലങ്കന്‍ സുന്ദരിയാണ് കൃഷ്ണപ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പ്രഥമ സിനിമ. ആ സിനിമയുടെ റിലീസിനുശേഷം ഇപ്പോള്‍ സംവിധാനം ചെയ്തിരിക്കുന്ന 'ആലി' എന്ന സിനിമ സമൂഹത്തിന് നല്ലൊരു മെസേജ് നല്‍കുന്ന സിനിമയാണ്.
രചനാവൈഭവം മുന്‍കാലത്തെയുണ്ടായിരുന്നു കൃഷ്ണയ്ക്ക്. നാടകവുമായി ബന്ധങ്ങളുണ്ട്. ഈ പരിചയങ്ങള്‍ കൈമുതലായുള്ള ഡോ. കൃഷ്ണ പ്രിയദര്‍ശന്‍ സ്വന്തമായി കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ആലി എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഷാര്‍ജയിലും ദുബായിലുമായി നടന്നുകൊണ്ടിരിക്കുന്നു.
തിരുവനന്തപുരം സ്വദേശിയായ കൃഷ്ണ കൈരളി ടി.വിയില്‍ ആങ്കറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവാഹശേഷം യു.എ.ഇയിലേക്ക് പോയ കൃഷ്ണ അവിടെയും കലാസാംസ്കാരിക രംഗത്ത് പ്രവര്‍ത്തിച്ചുവന്നു. അഞ്ചുവര്‍ഷക്കാലം യു.എ.ഇയിലെ ആള്‍ സ്കൂള്‍ പ്രോഗ്രാമുകള്‍ നടത്തുന്നതിന്‍റെ ചെയര്‍പേഴ്സണായിരുന്നു.
കോവിഡ് ടൈമില്‍ വെറുതെയിരുന്നപ്പോള്‍ പാട്ടെഴുതുമായിരുന്നു. ആ പാട്ടുകള്‍ കമ്പോസ് ചെയ്തു വന്നപ്പോള്‍ നല്ല പാട്ടുകളായി മാറി. ആ നല്ല പാട്ടുകള്‍ വിഷ്വലൈസ് ചെയ്താല്‍ നന്നായിരിക്കുമല്ലോയെന്ന് തോന്നിയപ്പോള്‍ അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അങ്ങനെ അത് ചെയ്തുകഴിഞ്ഞപ്പോള്‍ ഷോര്‍ട്ട് ഫിലിം ചെയ്തുകൂടെയെന്ന് ചോദ്യം വന്നു.
അങ്ങനെയാണ് ഷോര്‍ട്ട് ഫിലിം ചെയ്തുതുടങ്ങിയത്. ആയിടയ്ക്ക് ചില്‍ഡ്രന്‍സ് ഷോര്‍ട്ട് ഫിലിം ചെയ്തു. പല ഫെസ്റ്റിവലിനും അയച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നോക്കിയാല്‍ പലയിടങ്ങളില്‍ നിന്നും അവാര്‍ഡ് ലഭിച്ചു. ചൈല്‍ഡ് തെറാപ്പിസ്റ്റ് കൂടിയായ എനിക്ക് എന്‍റെയൊരു കുട്ടിയെത്തന്നെ പേരന്‍റ്സിന്‍റെ അനുവാദത്തോടെ അഭിനയിക്കാന്‍ കിട്ടി. ഒരു പ്രധാന കഥാപാത്രം ഞാനും ചെയ്തു. എന്‍റെ ഫസ്റ്റ് ഡയറക്ഷന്‍ ഈ ഷോര്‍ട്ട് ഫിലിം തന്നെയാണ്.
നല്ല സ്ക്രിപ്റ്റിംഗായിരുന്നുവെന്നാണ് പൊതുവെ അഭിപ്രായം കിട്ടിയത്. ആ വാക്കുകള്‍ നല്ലൊരു ആത്മവിശ്വാസം പകര്‍ന്നുതന്നിരുന്നു. അങ്ങനെയാണ് പിന്നീട് സിനിമ എന്ന ബിഗ്സ്ക്രീനിലേക്ക് എത്തിപ്പെട്ടത്. ആദ്യ സിനിമയ്ക്ക് ആദ്യം തന്നെ ചില പ്രതിസന്ധികളുണ്ടായിരുന്നു. ഒടുവില്‍ ഞാന്‍ തന്നെ ആ സിനിമയുടെ സംവിധാനച്ചുമതല ഏറ്റെടുക്കുകയായിരുന്നു.
രണ്ടാമത്തെ സിനിമയായ ആലിയെക്കുറിച്ച്?
ആലി ഒരു റൊമാന്‍റിക് മൂവിയാണ്. കോമഡിക്കും പ്രാധാന്യമുണ്ട്. യുവാക്കള്‍ക്കിഷ്ടപ്പെടുന്ന ഒരു സിനിമയായിരിക്കും ആലി. മകള്‍ ഓടിപ്പോകാതിരിക്കാന്‍ വേണ്ടി അച്ഛനും അമ്മയും ചെയ്തുകൂട്ടുന്ന കുറെ കാര്യങ്ങളുണ്ട്. പെണ്‍കുട്ടിക്ക് ചില കല്യാണ ആലോചനകള്‍ വരുന്നുണ്ട്. ആ രംഗങ്ങളൊക്കെ കോമഡി സീക്വന്‍സായി മാറുകയാണ്. ഒടുവില്‍ പെണ്‍കുട്ടി എല്ലാം തിരിച്ചറിയുന്നു. സമൂഹത്തിന് ഇത്തരമൊരു കഥയിലൂടെ നല്ലൊരു മെസ്സേജ് കൊടുക്കാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്.-കൃഷ്ണ പ്രിയദര്‍ശന്‍ പറഞ്ഞു.
മന്‍ഹാര്‍ സിനിമാസിന്‍റെ ബാനറില്‍ തിരക്കഥയും സംഭാഷണവുമെഴുതി ഡോ. കൃഷ്ണപ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത് സിനിമയാണ് ആലി.
ക്യാമറ റിനാസ്, സംഗീതസംവിധാനം കിളിമാനൂര്‍ രാമവര്‍മ്മതമ്പുരാന്‍(കലാനിധി ട്രസ്റ്റ് അംഗം) സുരേഷ് എരുമേലി, ഡോ. ശ്രദ്ധാപാര്‍വതി(കലാനിധി പ്രതിഭ), രതീഷ് റോയ് എന്നിവര്‍ നിര്‍വ്വഹിക്കുന്നു.
സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ഇക്കഴിഞ്ഞ ജനുവരി 22 ന് പ്രശസ്ത നടന്‍ മധു നിര്‍മ്മാതാവും കലാനിധി ട്രസ്റ്റിന്‍റെ മുഖ്യരക്ഷാധികാരിയുമായ കിരീടം ഉണ്ണിക്ക് നല്‍കി പ്രകാശനം ചെയ്തു. നടന്‍ എം.ആര്‍. ഗോപകുമാര്‍, ഡോ. പ്രമോദ് പയ്യന്നൂര്‍, ശ്രീമതി ഗീതാരാജേന്ദ്രന്‍(കലാനിധി) ചെയര്‍പേഴ്സണ്‍& മാനേജിംഗ്ട്രസ്റ്റി) തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്.
പുതുമുഖ നായകനായ സൗരവ് ശ്യാം, കൈലാഷ്, കൃഷ്ണപ്രസാദ്, തമിഴ്നടന്‍ പ്രജിന്‍ പത്മനാഭന്‍, ജോബി, ലതാദാസ്, മണക്കാട് ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍.
കന്യാകുമാരി, നാഗര്‍കോവില്‍, യു.എ.ഇ എന്നിവിടങ്ങളിലായി ചിത്രീകരണം നടന്ന 'ആലി'യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരുന്നു. തമിഴിലും മലയാളത്തിലുമായി ചിത്രം റിലീസ് ചെയ്യും.