തമിഴിൽ ഈയിടെ റിലീസായി സൂപ്പർഹിറ്റായ ചിത്രമാണ് 'മഹാരാജ'. വിജയസേതുപതി നായകനായി വന്ന ഈ ചിത്രം താരത്തിന്റെ 50-മത്തെ ചിത്രമാണ്. 'കുരങ്ങു ബൊമ്മയ്' എന്ന ചിത്രത്തിന് ശേഷം നിത്തിലൻ സംവിധാനം ചെയ്ത ചിത്രമാണ് 'മഹാരാജ' ഈ ചിത്രം നിരൂപക പ്രശംസ നേടിയതിനൊപ്പം വമ്പൻ കളക്ഷനും നേടുകയുണ്ടായി. അതിനാൽ ഇപ്പോൾ ഈ ചിത്രം മറ്റുള്ള ഭാഷകളിൽ റീമേക്ക് ചെയ്യാനുള്ള അവകാശം നേടാനായി പലരും ചിത്രത്തിന്റെ സംവിധായകനേയും, നിർമ്മാതാവിനെയും സമീപിച്ചിരിക്കുന്നതായുള്ള വാർത്തകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അതിൽ ബോളിവുഡിലെ പ്രശസ്ത നടനും, നിർമ്മാതാവുമായ അമീർഖാൻ 'മഹാരാജ'യുടെ ഹിന്ദി റീമേക്ക് അവകാശം ഒരു വമ്പൻ തുകക്ക് നേടി എന്നാണു റിപ്പോർട്ട്.എന്നാൽ ഹിന്ദിയിൽ അമീർഖാൻ തന്നെയാണോ നായകനായി അഭിനയിക്കുന്നത്, സംവിധാനം ചെയ്യുന്നത് ആരാണ് എന്നുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അത് സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.