NEWS

തന്‍റെ ആദ്യ ചിത്രമായ 'ഗു' വിശേഷങ്ങളുമായി അഭിജിത്ത്

News

നാടകവേദിയിലെ കയ്യടികള്‍ തന്ന ആത്മവിശ്വാസം തന്നെയാണ് അഭിജിത്തിനെ സിനിമയിലേക്ക് എത്തിച്ചതും. വലിയൊരു ഗ്യാപ്പിനുശേഷം ഹൊറര്‍ മിസ്റ്ററി ചിത്രമായ ഗു തിയേറ്ററുകളില്‍ എത്തിയപ്പോള്‍ അതിലൂടെ ഒരുപിടി പുതുമുഖങ്ങളോടൊപ്പം അഭിജിത്തും മലയാള സിനിമയുടെ ഓരം ചേര്‍ന്നു. തന്‍റെ ആദ്യസിനിമ 'ഗു' വിശേഷങ്ങളുമായി അഭിജിത്ത് 

മഹാസാഗരത്തിലൂടെ വന്ന ഭാഗ്യം

എം.ടി. വാസുദേവന്‍നായര്‍ സാറിന്‍റെ പന്ത്രണ്ട് കഥകള്‍ ഒരുമിച്ച് ചേര്‍ത്തിട്ടുള്ള പ്രശാന്ത് നാരായണന്‍ സാര്‍ ഒരുക്കിയ നാടകം മഹാസാഗരത്തിലെ മഞ്ഞ് എന്ന കഥയില്‍ ബുദ്ധു എന്ന വേഷം ചെയ്തിരുന്നു. അത് ഗു വിലെ പൊന്നുവുമായി ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രമായിരുന്നു. ഗുവിന്‍റെ അസോസിയേറ്റ് ഡയറക്ടര്‍ ജോബിന്‍ എന്‍റെ സുഹൃത്താണ്. അയാള്‍ നേരത്തെ മഞ്ഞിലെ ബുദ്ധുവിനെ കണ്ടിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഗുവിന് വേണ്ടി സജസ്റ്റ് ചെയ്തിരുന്നു. പക്ഷേ കുറച്ചുകൂടി വണ്ണം വേണമെന്ന കാരണം കൊണ്ട് ആദ്യം റിജക്ട് ചെയ്യുകയാണ് ഉണ്ടായത്.  യഥാര്‍ത്ഥത്തില്‍ ഡൗണ്‍ സിന്‍ഡ്രം ഉള്ള ഒരുപാട് പേരെ പൊന്നു എന്ന കഥാപാത്രത്തിനായി നോക്കിയിരുന്നു ടീം. പക്ഷേ ഒന്നും സെറ്റാവാതെ ഇരിക്കുന്ന സാഹചര്യത്തിലാണ് എന്നെ സംവിധായകന്‍ വളരെ യാദൃച്ഛികമായി കാണാന്‍ ഇടയാവുന്നത്. അതിന് പിറ്റേദിവസമാണ് ടീം വിളിച്ചു ക്ലീന്‍ഷേവ് ചെയ്ത് മഞ്ഞിലെ പ്പോലെയൊരു വീഡിയോ അയയ്ക്കാന്‍ എന്നോട് ആവശ്യപ്പെടുന്നത്. 

ഞാന്‍ അത് അയച്ചുകൊടുത്തപ്പോള്‍ അവര്‍ ഇമ്പ്രെസാവുകയും, നേരിട്ട് വരാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. മണിയന്‍പിള്ള രാജു സാര്‍ ആയിരുന്നു ഗുവിന്‍റെ പ്രൊഡക്ഷന്‍. അദ്ദേഹമായിരുന്നു എന്നെ ഓഡിഷന്‍ ചെയ്തത്. ഒരു വര്‍ക്ക് ഷോപ്പ് ഉണ്ടായിരുന്നു. അതിനുശേഷമാണ് കണ്‍ഫോം ചെയ്യുന്നത്. സിനിമ സ്വപ്നമായി നടക്കുന്ന ഒരാള്‍ ആയിരുന്നുവെങ്കിലും അപ്രതീക്ഷിതമായി ജീവിതത്തില്‍ പലതും സംഭവിക്കുന്നു. പെട്ടെന്ന് സിനിമയില്‍ എത്തിയപോലെ തോന്നി. നല്ലൊരു ടീമിനൊപ്പം തുടങ്ങാന്‍ കഴിഞ്ഞത് സന്തോഷം നല്‍കുന്ന കാര്യമാണ്.

പൊന്നുവിലേക്ക് എത്തിയപ്പോള്‍ നേരിട്ട വെല്ലുവിളികള്‍

മഞ്ഞിലെ ബുദ്ധുവില്‍ നിന്ന് ഒരുപാട് മാറിനില്‍ക്കുന്ന ഒരാളായിരുന്നു ഗുവിലെ പൊന്നു. മണിയന്‍പിള്ള രാജു സാറിന്‍റെ മകന്‍റെ വേഷമായിരുന്നു ഞാന്‍ ചെയ്ത പൊന്നു. നാടകത്തില്‍ നിന്ന് സിനിമയിലേക്ക് ഡൗണ്‍ സിന്‍ഡ്രമുള്ള പൊന്നുവായി എത്തുമ്പോള്‍ നാടകത്തേക്കാള്‍ മീറ്റര്‍ കുറച്ചുതന്നെ ഈ കഥാപാത്രം ചെയ്ത് വയ്ക്കണം എന്നതായിരുന്നു നേരിട്ടിരുന്നു പ്രധാന വെല്ലുവിളി.

മണിയന്‍പിള്ള രാജു സാര്‍ ഓഡിഷന്‍ സമയത്ത് പറഞ്ഞ കാര്യം പ്രചോദനമായിരുന്നു. അത് ഇങ്ങനെയായിരുന്നു. മണിയന്‍പിള്ള എന്ന സിനിമയില്‍ അദ്ദേഹവും ഇത്തരത്തിലുള്ള വേഷമാണ് ചെയ്തത്. സാറിനും ആ സമയത്ത് അതൊരു വെല്ലുവിളിയായിരുന്നെന്നും പക്ഷേ അത് തെളിയിക്കാന്‍ സാധിച്ചാല്‍ അതൊരു വലിയ കാര്യമാണെന്നായിരുന്നു. അതിന്‍റെ കോ-ഓര്‍ഡിനേറ്ററായി നില്‍ക്കുന്നത് ബ്രഹ്മനായകന്‍ സാറാണ്. അദ്ദേഹം ഇത്തരത്തില്‍ ഡിഫറന്‍റലി എബിളായ കുട്ടികളുടെ കൂടെ ഒരുപാട് ഇടപഴകുന്നു ആളാണ്. ഞാനും അദ്ദേഹത്തോടൊപ്പം ഒരുപാട് സ്പേസില്‍ പോയിട്ടുണ്ട്. സാര്‍ ആദ്യദിവസം കാണാനും വന്നിരുന്നു. അദ്ദേഹം എങ്ങനെയാണ് അതിനെ നോക്കി ക്കാണുക എന്ന എക്സൈറ്റ്മെന്‍റ് ഉണ്ടായിരുന്നു. അദ്ദേഹം സിനിമ കഴിഞ്ഞു നീ നന്നായി മിതമായി ചെയ്തുവെന്ന് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി.

ബിഗ്സ്ക്രീനില്‍ കണ്ടതിനുശേഷം

ഇരുപതോളം സുഹൃത്തുക്കള്‍ക്കും ഫാമിലിക്കും ഒപ്പമിരുന്നാണ് റിലീസ് ഡേറ്റില്‍ സിനിമ കാണുന്നത്. അതിന്‍റെയൊരു ഉത്സാഹവും ആഹ്ലാദവും ഉണ്ടായിരുന്നു. ഒപ്പം ഞാന്‍ ഗുരുവായി കാണുന്ന പ്രശാന്ത് സാര്‍ ഇന്ന് എന്‍റെ കൂടെ ഇല്ല എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും അദ്ദേഹത്തെയും ആ നിമിഷം ഞാന്‍ ഓര്‍ത്തിരുന്നു.

മേക്കോവറിലൂടെ പൊന്നുവായത്

എന്നെ അത്രമാത്രം അറിയുന്നവര്‍ക്ക് മാത്രമേ പൊന്നുവായി വേഷമിട്ടത് താനെന്ന് മനസ്സിലാവുകയുള്ളൂ. പ്രദീപ് ഏട്ടനായിരുന്നു മേക്കപ്പ്. അദ്ദേഹവും ടീമും എന്‍റെ മേക്കോവറില്‍ ഉണ്ടാക്കിയ മാറ്റം എന്നെത്തന്നെ അത്ഭുതപ്പെടുത്തിയിരുന്നു. രാജു സാറിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഒരു പല്ല് വച്ചത്. പിന്നെ മുടിയെല്ലാം വെട്ടി. അപ്പോള്‍തന്നെ പകുതി കഥാപാത്രത്തിലേക്ക് എത്തിയിരുന്നു. കസിന്‍സിന്‍റെ കഥ പറയുന്ന സിനിമയായതുകൊണ്ടുതന്നെ മാളുവായി അവതരിപ്പിച്ച അഞ്ച് വയസ്സുകാരി ആദ്യ മുതല്‍ ഒരുപാട് കുട്ടികള്‍ ഉള്‍പ്പെട്ട സിനിമയാണ്. വര്‍ക്ക്ഷോപ്പിനുശേഷം ഞങ്ങള്‍ക്കിടയില്‍ ഒരു ബോണ്ട് രൂപപ്പെടുകയും അത് അഭിനയിക്കുമ്പോള്‍ ഉപയോഗപ്പെടുകയും ചെയ്തു. സംവിധായകന്‍ മനു ചേട്ടനും ടീമും ഞങ്ങളെ എല്ലാം ഒരുപാട് ഹെല്‍പ് ചെയ്തിട്ടുണ്ട്. ചെറിയ കുട്ടികളെ ഹാന്‍ഡില്‍ ചെയ്തു അഭിനയിക്കുക എന്നത് തന്നെ വലിയ പാടുള്ള കാര്യമാണ്. അത്രയധികം എല്ലാവരെയും ഫ്രീയാക്കിയാണ് അഭിനയിപ്പിച്ചത്.

ചെറുപ്പം മുതലുള്ള സ്വപ്നം

കുഞ്ഞിലേ മുതല്‍ സിനിമയായിരുന്നു കൂടുതല്‍ സന്തോഷം നല്‍കിയത്. ആദ്യമായി മുഴുനീളം കണ്ടൊരു സിനിമ മണിച്ചിത്രത്താഴായിരുന്നു. സ്ക്കൂള്‍ കാലഘട്ടത്തില്‍ നാടകങ്ങളിലെ പങ്കാളിത്തം അഭിനയമാണ് തനിക്ക് ഇഷ്ടമെന്ന് തിരിച്ചറിയുകയായിരുന്നു. പിന്നീട് കോളേജ് കാലഘട്ടത്തിലും അത് തുടര്‍ന്നു. കോളേജില്‍നിന്ന് ഇറങ്ങിയതിനുശേഷമാണ് അഭിനയത്തെ പ്രൊഫഷണലായി കാണണമെന്ന് ചിന്തിക്കുന്നത്. നാടകക്കളരികളില്‍ പങ്കെടുത്തു.

വി.കെ. പ്രശാന്ത് സാറിന്‍റെ പിന്തുണ

എന്‍ജീനിയറിംഗ് പഠനശേഷം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരു പ്രോജക്ടിന്‍റെ ഭാഗമായി ജോലി ചെയ്തിരുന്നു. അന്ന് പ്രശാന്ത് സാര്‍ അവിടെ മേയറായിരുന്നു. അദ്ദേഹം എന്‍റെ കലാഭിരുചി മനസ്സിലാക്കി നാടകം തുടങ്ങി പല കലാപരമായ കാര്യങ്ങളിലേയ്ക്കും കണക്ട് ചെയ്തിരുന്നു. സാറിന്‍റെ ഇലക്ഷന്‍ പ്രചാരണത്തിന്‍റെ സമയത്ത് ഞങ്ങള്‍ അവതരിപ്പിച്ച തെരുവ് നാടകത്തില്‍ അദ്ദേഹമായി അഭിനയിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹം സോഷ്യല്‍മീഡിയയില്‍ എന്നെക്കുറിച്ച് എഴുതിയ കുറിപ്പ് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേത്തുടര്‍ന്ന് എന്നെ പലയിടങ്ങളിലും തിരിച്ചറിയപ്പെട്ടു എന്നതില്‍ വളരെയധികം സന്തോഷവുമുണ്ട്.

 


LATEST VIDEOS

Interviews