മലയാളത്തിലെന്ന പോലെ തമിഴിലും നിറയെ ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് അഭിരാമി! തമിഴ് സിനിമയിലെ മുൻനിര നായകന്മാരായ കമൽഹാസൻ, ശരത്കുമാർ, അർജുൻ, പ്രഭു, പ്രഭുദേവ തുടങ്ങിയവരോടൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള അഭിരാമി ഇപ്പോൾ കഥാനായകി കഥാപാത്രത്തിന് പ്രാധാന്യമുള്ള ഒരു തമിഴ് സിനിമയിൽ അഭിനയിച്ചു വരികയാണ്. ചിത്രത്തിന്റെ പേര് 'ബാബ ബ്ലാക്ക് ഷീപ്പ്' എന്നാണ്. യൂട്യൂബിൽ പരിപാടികൾ മൂലം പ്രശസ്തനായ രാജ്‌മോഹന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. സ്കൂൾ കുട്ടികളുടെ ജീവിതം കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കുന്നത്. സ്കൂൾ കുട്ടികളുടെ ബാലിശതയും, കളികളും, തമാശകളും, സന്തോഷങ്ങളും, സങ്കടങ്ങളും സമന്വയിപ്പിച്ച് ഒരുക്കുന്ന ഈ ചിത്രത്തിൽ അഭിരാമി ഒരമ്മയായാണ് അഭിനയിക്കുന്നത്. ചിത്രീകരണം കഴിഞ്ഞു അവസാനഘട്ട വർക്കുകൾ പുരോഗമിച്ചുവരുന്ന ഈ ചിത്രത്തിൽ അഭിരാമിക്കൊപ്പം ആർ.ജെ.വിഘ്നേഷ്കാന്ത്, സുബ്ബു പഞ്ചു, സുരേഷ് ചക്രവർത്തി, 'ബോസ്' വെങ്കട്ട് തുടങ്ങി തമിഴ് സിനിമയിലെ നിരവധി മുൻനിര താരങ്ങൾ അണിനിരക്കുന്നുണ്ട്. അഭിരാമി അഭിനയിച്ചു തമിഴിൽ അവസാനമായി പുറത്തു വന്ന ചിത്രം 'നിത്തം ഒരു വാനം' ആണ്. കഴിഞ്ഞ വർഷം റിലീസായ ചിത്രമാണ് ഇത്.