NEWS

അഭിനയം രക്തത്തില്‍ അലിഞ്ഞത് -Kuriakose Oonnittan

News

അഭിനയം പാഷന്‍ മാത്രമല്ല, അതെന്‍റെ രക്തത്തില്‍ അലിഞ്ഞതാണ്. അഭിനയത്തെക്കുറിച്ചോ മറ്റൊന്നിനെക്കുറിച്ചോ എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.

വ്യത്യസ്തമായ അഭിനയശൈലികൊണ്ട് ചലച്ചിത്രലോകത്ത് തന്‍റേതായ ഒരിടം കണ്ടെത്തിയ പ്രവാസിതാരമായ കുര്യാക്കോസ് ഉണ്ണിട്ടന്‍റെ വാക്കുകളാണിത്. യു.കെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ കുര്യാക്കോസ് ഹിന്ദി, തമിഴ്, മലയാളം ചിത്രങ്ങളിലും ഹോളിവുഡ്ഡിലും തന്‍റെ സാന്നിദ്ധ്യം അറിയിച്ച കലാകാരനാണ്.  മലയാളത്തിന്‍റെ പ്രിയനടന്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന എറിക്ക് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമായി കുര്യാക്കോസ് എത്തുന്നു.

എറിക്കിലൂടെ മലയാളത്തില്‍ സജീവമാകാനൊരുങ്ങുന്ന കുര്യാക്കോസ് കവിയും ഗാനരചയിതാവുമാണ്. കലാലയകാലത്ത് അഭിനയവും രാഷ്ട്രീയവും തലയ്ക്ക് പിടിച്ചതുകൊണ്ടുതന്നെ റാന്നി സെന്‍റ് തോമസ് കോളേജിന്‍റെ ചെയര്‍മാനാകുവാനും കുര്യാക്കോസിന് കഴിഞ്ഞു. കോളേജിലെ ജൂബിലി ആഘോഷത്തിന് കുര്യാക്കോസ് എഴുതി അവതരിപ്പിച്ച കലാലയ സ്മരണകള്‍ എന്ന കവിത കൂട്ടുകാര്‍ക്കിടയില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. നിരവധി ആല്‍ബങ്ങള്‍ക്കും സിനിമകള്‍ക്കും ഗാനരചന നിര്‍വ്വഹിച്ച കുര്യാക്കോസിന് നടനായി അറിയപ്പെടാനാണ് ആഗ്രഹം. സ്വപ്നരാജ്യം എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തിന് ജീവന്‍ നല്‍കിയപ്പോഴും ആ ചിത്രത്തില്‍ ഹരിഹരന്‍ ആലപിച്ച പാട്ടിന് ഗാനരചന നിര്‍വ്വഹിച്ചതും കുര്യാക്കോസ് ഉണ്ണിട്ടനാണ്.

യു.കെ മലയാളിയായ ജോയ് ഈശ്വര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 8119 മൈല്‍സ് എന്ന അന്താരാഷ്ട്ര ചിത്രത്തിലും കുര്യാക്കോസിന്‍റെ സാന്നിധ്യമുണ്ട്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച് പ്രശംസ നേടിയ ചിത്രം റഷ്യ, ചൈന ഉള്‍പ്പെടെ പത്ത് രാജ്യങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മൂന്നാംഘട്ടം എന്ന ചിത്രത്തില്‍ വില്ലനായി എത്തുന്ന കുര്യാക്കോസ് ധനുഷിനൊപ്പവും തമിഴില്‍ അഭിനയിച്ചിട്ടുണ്ട്. ശങ്കര്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ എറിക്കില്‍ കുര്യാക്കോസിന്‍റെ കഥാപാത്രത്തിലൂടെയാണ് ചിത്രം തുടങ്ങുന്നതുതന്നെ. ഏറെ പ്രതീക്ഷ നല്‍കുന്ന കഥാപാത്രമാണ് എറിക്കില്‍. എല്ലാവര്‍ക്കും നന്മ ആഗ്രഹിക്കുന്ന കുര്യാക്കോസ് സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും ഏറെ വിലകല്‍പ്പിക്കുന്നു.

 


LATEST VIDEOS

Latest