NEWS

അഭിനയം പാഷനായിരുന്നില്ല, പക്ഷേ ഇപ്പോഴാണ് -നാദിറ മെഹ്റിന്‍

News

മലയാളം സിനിമ ഒരുപാട് മുന്‍പോട്ടുപോയി എന്നുപറഞ്ഞാലും അവിടെ ക്വീര്‍ കമ്മ്യൂണിറ്റിയുടെ പ്രസന്‍സ് കുറവാണ് എന്നത് ഒരു പോരായ്മയായിട്ടാണ് കാണുന്നത്. നമ്മുടെ നിത്യജീവിതത്തില്‍ പലയിടങ്ങളിലായ് ക്വീര്‍ കമ്മ്യൂണിറ്റിയിലുള്ളവരുടെ പ്രസന്‍സ് നമ്മള്‍ കാണുന്നുണ്ടെങ്കിലും സിനിമകളില്‍ ആ പങ്കാളിത്തം കൊണ്ടുവരാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. അതില്‍ വിഷമം തോന്നുന്നുണ്ട്. ബോളിവുഡ് സിനിമകളില്‍ വളരെ നോര്‍മലൈസ് ചെയ്തുകൊണ്ട് തന്നെ ക്വീര്‍ കമ്മ്യൂണിറ്റിയെ കാണിക്കുന്നുണ്ടെങ്കിലും ഇവിടെ ഇപ്പോഴും അവിടെവരെ എത്തിയിട്ടില്ല. 'ബിഗ്ബോസ് മലയാളത്തിന്‍റെ കഴിഞ്ഞ സീസണില്‍ ജനഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിച്ച കണ്ടസ്റ്റന്‍റാണ് നാദിറ മൊഹ്റിന്‍. ഈ വര്‍ഷം ഇറങ്ങിയ ശ്രീനാഥ് ഭാസി ചിത്രം എല്‍.എല്‍.ബിയില്‍ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്തുകൊണ്ട് നാദിറ സിനിമാട്രാക്കിലേക്ക് കയറിയിരിക്കുകയാണ്. നാദിറയുടെ രണ്ടാമത്തെ ചിത്രമാണ് എല്‍.എല്‍.ബി. തന്‍റെ ഏറ്റവും പുതിയ വിശേഷങ്ങള്‍ നാനയോട് പങ്കുവച്ച് നാദിറ.

റോഷ്നിയുടെ തുടക്കം

സിനിമ സ്വപ്നം കണ്ടൊരു സ്പേസ് ഒന്നുമല്ല. പക്ഷേ റോഷ്നിയെ പ്രേക്ഷകര്‍ അംഗീകരിച്ചപ്പോള്‍ ഇനിയും നല്ല സിനിമകളുടെ ഭാഗമാവാന്‍ താല്‍പ്പര്യമുണ്ട്. ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ്(എല്‍.എല്‍.ബി) തികച്ചും കോളേജ് പശ്ചാത്തലത്തില്‍ എത്തിയ ചിത്രമായിരുന്നു. എ.എം. സിദ്ധിഖ് സാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനാഥ് ഭാസി, വിശാഖ് നായര്‍, അനൂപ് മേനോന്‍ തുടങ്ങി വലിയ താരനിര അണിനിരന്നിട്ടുണ്ട്. കോളേജ് യൂണിയന്‍ ചെയര്‍പേഴ്സനാണ് ഞാന്‍ അവതരിപ്പിച്ച റോഷ്നി.

ഞാനും എന്‍റെ ജീവിതത്തില്‍ കോളേജ് കാലഘട്ടത്തില്‍ കോളേജ് യൂണിയന്‍ ചെയര്‍പേഴ്സന്‍ സ്ഥാനത്ത് ഇരുന്ന ഒരാളാണ്. അതുകൊണ്ടുതന്നെ റോഷ്നിയെ കൂടുതല്‍ കണക്ട് ചെയ്യാന്‍ സാധിച്ചു. വളരെ സാധുവായ ഒരാളാണ് റോഷ്നി. സിനിമയില്‍ തന്നെ ഗാന്ധിയുടെ മകളാണെന്നാണ് അവളുടെ വിചാരം എന്ന ഒറ്റ ഡയലോഗിലൂടെ തന്നെ ആ ക്യാരക്ടര്‍ എസ്റ്റാബ്ലിഷ് ചെയ്യുന്നുണ്ട്. റോഷ്നിയെ പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നി. എനിക്ക് കിട്ടിയ കഥാപാത്രത്തെ പരമാവധി മനോഹരമാക്കാന്‍ ശ്രമിച്ചിരുന്നു.

ഓഡിഷന്‍ വഴി എല്‍.എല്‍.ബിയിലെത്തി

ട്രാന്‍സ് അഭിനേതാക്കളെ തിരയുന്ന കാസ്റ്റിംഗ് കാള്‍ വഴിയാണ് ഓഡിഷന് പങ്കെടുക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക ട്രാന്‍സ് പേഴ്സന്‍സും ഓഡിഷനില്‍ പങ്കെടുത്തിരുന്നു. വലിയ പ്രതീക്ഷകളൊന്നും ഇല്ലായിരുന്നെങ്കിലും പിറ്റേന്ന് എന്നെ സെലക്ട് ചെയ്തുവെന്ന കാള്‍ വന്നപ്പോള്‍ സന്തോഷം തോന്നി. വലിയൊരു സിനിമയുടെ ഭാഗമായി അഭിനയിക്കാമല്ലോ എന്ന സന്തോഷമായിരുന്നു. പിന്നെ ഷൂട്ടിംഗ് തുടങ്ങി സെറ്റിലാണെങ്കിലും കോളേജ് വൈബ് ആയിരുന്നു. കോളേജ് പശ്ചാത്തലം ആയതുകൊണ്ട് തന്നെ വീണ്ടും കോളേജില്‍ എത്തിപ്പെട്ട ഫീല്‍ ആയിരുന്നു. എല്ലാവര്‍ക്കും. ശ്രീനാഥ് ഭാസി ആണെങ്കിലും വിശാല്‍ ആണെങ്കിലും വളരെ നല്ല മനുഷ്യരാണ്. നമ്മളെ ചേര്‍ത്ത്  നിര്‍ത്തുന്നവരായിരുന്നു എല്‍.എല്‍.ബി. എപ്പോഴും സ്പെഷ്യലായി നില്‍ക്കും.

അഭിനയം പാഷനായിരുന്നില്ല, പക്ഷേ ഇപ്പോഴാണ്

സിനിമ വിദൂരതയില്‍ നില്‍ക്കുന്ന ഒന്നായിരുന്നു ചെറുപ്പം മുതല്‍. അതുകൊണ്ടുതന്നെ സിനിമയില്‍ എത്തിപ്പെടുമെന്നോ അഭിനയിക്കുമെന്നൊന്നും സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. പക്ഷേ ഇന്ന് സംഭവിച്ചിരിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ തീയേറ്റര്‍ സ്റ്റുഡന്‍റാണ്, അഭിനയിക്കാന്‍ ഇഷ്ടമാണ്. വ്യത്യസ്തമായ വേഷങ്ങള്‍ എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. നല്ല അവസരങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കുക തന്നെ ചെയ്യും.


LATEST VIDEOS

Top News