ആക്ഷൻ ഒരു സിനിമയുടെ വാണിജ്യഘടകത്തിന് ഏറ്റവും അനുയോജ്യമായ ഘടകമാണ്. മികച്ച വിജയം നേടിയിട്ടുള്ള ചിത്രങ്ങളിൽ ആക്ഷൻ രംഗങ്ങൾ ഏറെ ഗുണകരമായിട്ടുണ്ട്. നമ്മുടെ ജനപ്രിയരായ താരങ്ങളിൽ ഏറെയും പേർ ആക്ഷൻ രംഗങ്ങളിൽ മികവ് കാട്ടിയാണ് ഈ താരപദവിയിലെത്തിയിരിക്കുന്നത്. സാധാരണക്കാരന് ചെയ്യാൻ കഴിയാത്ത ഇത്തരം ആക്ഷൻ രംഗങ്ങൾ അഭിനേതാക്കൾ മികവോടെ ചെയ്യുമ്പോൾ കിട്ടുന്ന കയ്യടിയാണ് അഭിനേതാക്കളെ പ്രേക്ഷകരുടെ ഹീറോയാക്കി മാറ്റുന്നത്.
സംഘട്ടനരംഗങ്ങൾ അഭിനേതാക്കൾ ഭംഗിയായി ചെയ്യുന്നതിന് പിന്നിൽ സംഘട്ടനസംവിധായകരുടെ നിർണ്ണായകമായ പങ്കുണ്ട്. സ്റ്റണ്ട് മാസ്റ്റർ എന്ന് എളുപ്പത്തിൽ ഇവരെക്കുറിച്ച് പറയാം.
ത്യാഗരാജൻ മാസ്റ്ററും മാഫിയാശശിയും ഉൾപ്പെടെ നിരവധി സ്റ്റണ്ട് മാസ്റ്റേഴ്‌സ് ഏറെ പോപ്പുലറാണ്.
കനൽ കണ്ണനും, സുപ്രീം സുന്ദറും രാജശേഖരനും തുടങ്ങി പുലിമുരുകനിലൂടെ ഏറെ തിളങ്ങിയ പീറ്റർ ഹെയ്ൻ വരെ പ്രേക്ഷകർക്ക് ഏറെ ചർച്ചചെയ്യപ്പെട്ടവരാണ്. ഈ പട്ടികയിൽ ഇന്ന് ഏറെ തിരക്കുള്ള സ്റ്റണ്ട് മാസ്റ്ററാണ് ബില്ലാജഗൻ. പീറ്റർ ഹെയ്ൻ, കനൽക്കണ്ണൻ, വിക്രം ധർമ്മ തുടങ്ങിയ നിരവധി പ്രശസ്തരായ സ്റ്റണ്ട് മാസ്‌റ്റേഴ്‌സിന്റെ കൂടെ സഹായിയായി ദീർഘകാലം പ്രവർത്തിച്ചുകൊണ്ടാണ് ബില്ലാജഗൻ ഇപ്പോൾ സ്വതന്ത്ര ആക്ഷൻ ഡയറക്ടർ ആയിരിക്കുന്നത്. സുരേഷ്‌ഗോപിയും ബിജുമേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അരുൺവർമ്മ സംവിധാനം ചെയ്യുന്ന ഗരുഡൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ കൊച്ചി സിൽവർ സാന്റ് ഐലന്റിലെ ലൊക്കേഷനിൽ വച്ചാണ് ബില്ലാ ജഗനുമായി അൽപ്പനേരം പങ്കിട്ടത്.
തുടക്കകാലത്ത് ആർട്ടിസ്റ്റുകളുടെ ഡ്യൂപ്പായിട്ടായിരുന്നു, ക്രമേണ അസിസ്റ്റന്റായി. വിവിധ ഭാഷകളിലായി ഇതിനകം അഞ്ഞൂറിലധികം ചിത്രങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതായി ബില്ലാജഗൻ പറഞ്ഞു.
മലയാളത്തിലെയും ഇതരഭാഷകളിലെയും നിരവധി സൂപ്പർതാരങ്ങൾക്ക് ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പായി അഭിനയിച്ചിരുന്നതായി ബില്ലാജഗൻ പറഞ്ഞു. പുതുമയാണ് ഈ രംഗത്തും ആവശ്യമായി വേണ്ടത്. അത് ഓരോ സ്റ്റണ്ട് മാസ്റ്റേഴ്‌സും മനസ്സിലാക്കിയാൽ മാത്രമേ ഈ രംഗത്ത് നിലനിൽക്കാൻ കഴിയൂ എന്നാണ് ബില്ലാജഗന്റെ അഭിപ്രായം.
ആക്ഷൻ ചെയ്യാൻ ഏറെ താൽപ്പര്യമുള്ള താരങ്ങളും വൈമനസ്യമുള്ളവരുമുണ്ടെന്ന് ജഗൻ പറഞ്ഞു.
മോഹൻലാൽ സാറിന് ആക്ഷൻ ഏറെ ഹരമാണ്. ഏറെ വിജയം നേടിയ ജനഗണമന എന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കിയ ബില്ലാജഗൻ ഇപ്പോൾ നിവിൻ പോളിയുടെ പുതിയ ചിത്രം കാസർഗോഡ്, ഗരുഡൻ എന്നീ ചിത്രങ്ങളുടെ സംഘട്ടനസംവിധാനം ഒരുക്കിയിരിക്കുന്നു.
മാറിവരുന്ന സിനിമയുടെ ഗതി അനുസരിച്ച് ഈ രംഗത്തു കാതലായ മാറ്റങ്ങളോട പ്രവർത്തിക്കുകയാണ് ബില്ലാജഗൻ.
വാഴൂർ ജോസ്
(9840156608)