NEWS

നടൻ അജിത്തിന്റെ പിതാവ് അന്തരിച്ചു

News

തമിഴ് സിനിമയിൽ 'തല' എന്ന വിളിപ്പേരോടുകൂടിയ പ്രശസ്തനായ താരമാണ് അജിത്ത്. ഇദ്ദേഹത്തിന്റെ പിതാവ് പി.എസ്.മണി (84) ഇന്ന് അതികാലെ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം ചെന്നൈയിലുള്ള ബസന്ത് നഗറിലെ ശ്മശാനത്തിലാണ് നടക്കുന്നത്. അജിത്തിന്റെ പിതാവ് പി.എസ്.മണി പാലക്കാട് സ്വദേശിയാണ് അമ്മ മോഹിനി കൊൽക്കത്ത സ്വദേശിയാണ്. അജിത്തിന് അനുപ് കുമാർ, അനിൽ കുമാർ എന്നീ രണ്ടു സഹോദരന്മാരുണ്ട്.അജിത്തും, സഹോദരങ്ങളായ അനുപ് കുമാറും, അനിൽ കുമാറും തങ്ങളുടെ പിതാവിന്റെ മരണത്തിനെ തുടർന്ന് ഹൃദയസ്പർശിയായ ഒരു പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

അതിൽ, "ഞങ്ങളുടെ അച്ഛൻ ശ്രീ പി.എസ്.മണി (85 വയസ്സ്) കുറെ ദിവസങ്ങളായി കിടപ്പിലായിരുന്നു. ഇന്ന് (24-3-23) പുലർച്ചെ ഉറക്കത്തിൽ ആയിരുന്നു അന്ത്യം. കഴിഞ്ഞ നാല് വർഷമായി പക്ഷാഘാതം ബാധിച്ച അച്ഛനെ സ്നേഹത്തോടെയും കരുതലോടെയും പരിചരിച്ച ഡോക്ടർമാർക്ക് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. അറുപത് വർഷത്തോളം അമ്മയുടെ സ്നേഹവും, സമർപ്പണവും കൊണ്ട് ഞങ്ങളുടെ അച്ഛൻ നല്ല ജീവിതം നയിച്ചു. ഈ ദുഃഖ സമയത്ത്, അച്ഛന്റെ മരണവാർത്ത അറിയാനും ഞങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും നിരവധി ആളുകൾ ഞങ്ങളെ ഫോണിൽ ബന്ധപ്പെടുന്നുണ്ട്..

ഇപ്പോഴുള്ള സാഹചര്യത്തിൽ ഞങ്ങളെ ബന്ധപ്പെടുന്നവർക്ക് മറുപടി നൽകുന്നതിനുള്ള കഴിവില്ലായ്മ നിങ്ങൾ മനസ്സിലാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ പിതാവിന്റെ ശവസംസ്കാര ചടങ്ങുകൾ ഒരു കുടുംബകാര്യമായി മാത്രം നടക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടു ഈ മരണവാർത്ത അറിയുന്ന എല്ലാവരും ഞങ്ങളുടെ ദുഃഖവും, നഷ്ടവും മനസ്സിലാക്കി പിതാവിന്റെ അന്ത്യകർമങ്ങൾ കുടുംബത്തോടുകൂടി മാത്രം നടത്തുവാൻ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു'' എന്നാണു ആ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.


Feactures