മലപ്പുറം കോട്ടക്കല്‍ എന്ന സ്ഥലത്താണ് ജനിച്ചത്. എന്നാല്‍ നാല് വയസ് മുതല്‍ സിനിമയുടെ ആസ്ഥാനം ആയ എറണാകുളം ജില്ലയിലേക്ക് വന്നു താമസം തുടങ്ങി. ഏതൊരു സാധാരണക്കാരനെയുംപോലെ സിനിമാമോഹം ഉള്ളിന്‍റെ ഉള്ളില്‍ എവിടെയോ ഉണ്ടായിരുന്നു. 2010 ല്‍ ട്രാവലേഴ്സിലും മറ്റും ജോലി ചെയ്തിരുന്ന സമയത്താണ് ഉള്ളിലെ സിനിമാമോഹത്തിന്‍റെ വേരിറങ്ങിയതിന്‍റെ ആഴം ഞാന്‍ മനസ്സിലാക്കിയത്. ഫാമിലിയോടൊപ്പവും കൂട്ടുകാരുടെയും കൂടെ തീയേറ്ററില്‍ പോയി സിനിമ കാണുന്ന പതിവ് ഉണ്ടായിരുന്നു. സിനിമ എന്ന മാധ്യമത്തെ ഏറെ ആരാധനയോടെയാണ് ഞാന്‍ കണ്ടിരുന്നത്. എന്നെങ്കിലും സ്വന്തം മുഖം സ്ക്രീനില്‍ കാണാന്‍ ആയിരുന്നെങ്കില്‍ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.

അക്കാലത്ത് ആണ് ഏഷ്യാനെറ്റ് 'മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍' എന്ന റിയാലിറ്റി ഷോ തുടങ്ങുന്നു എന്ന പരസ്യം കണ്ണിലുടക്കുന്നത്. അഭിനയമോഹം ഉള്ളില്‍ ശക്തമായതോടെ രണ്ടും കല്‍പ്പിച്ച് ഞാന്‍ അതിലേക്ക് അപേക്ഷിച്ചു. ആറായിരത്തിന് മുകളില്‍ ആളുകള്‍ പങ്കെടുത്ത ആ റിയാലിറ്റി ഷോയില്‍ ടെലികാസ്റ്റ് ചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പുള്ള റൗണ്ടില്‍ 21 പേരില്‍ ഒരാളായി ഞാനും എത്തിപ്പെട്ടു. അവസാനനിമിഷം എലിമിനേഷന്‍ നേരിടേണ്ടി വന്നെങ്കിലും ആ പരിപാടിയിലെ ഓരോ പങ്കാളിത്തവും എന്നില്‍ ആത്മവിശ്വാസത്തിന്‍റെ അളവുകൂട്ടി. അതോടെ ട്രാവലേഴ്സ് വിട്ടു, സിനിമയിലേക്കുള്ള ട്രാവലിംഗിലേക്കുള്ള ശ്രമങ്ങള്‍ തുടങ്ങി. അക്കാലത്ത് ഞാന്‍ പങ്കെടുത്ത ഓഡിഷനുകളുടെ എണ്ണത്തിന് കയ്യും കണക്കും ഇല്ല. ഇന്നത്തെ താരങ്ങള്‍ ആയ ടോവിനോ, വിനയ്ഫോര്‍ട്ട്, സുധി കോപ്പ എന്നിവരെല്ലാം എന്നോടൊപ്പം പല ഓഡിഷനുകളില്‍ പങ്കെടുത്തവരാണ്.
തുടക്കം സഹസംവിധായകന്‍ എന്ന ലേബലിലൂടെ:
സിനിമാമോഹവും, ചാന്‍സ് ചോദിക്കുന്ന ഏര്‍പ്പാടും തകൃതിയായി നടക്കുന്ന കാലത്ത് സക്കറിയായുടെ ഗര്‍ഭിണികള്‍ എന്ന സിനിമയുടെ സംവിധായകന്‍ ആയ അനീഷ് അന്‍വര്‍ ആണ് ആദ്യമായി എന്നോട്, 'കൂടെ കൂട്ടാം, പക്ഷേ അഭിനയിക്കാന്‍ അല്ല, എന്‍റെ സിനിമയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയിട്ടാണ്' എന്നുപറയുന്നത്. പോരുന്നോ കൂടെ എന്ന മട്ടിലെ ആ ചോദ്യം എന്‍റെ തലവര ആകെ മാറ്റിമറിച്ചു. മുന്നും പിന്നും നോക്കാതെ നടന്‍റെ വേഷം അണിയാന്‍ കാത്തിരുന്ന ഞാന്‍ സഹസംവിധായകന്‍റെ കുപ്പായം അണിഞ്ഞു.
സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് പറയുന്നത് പോലെ ചെന്നുപെട്ട സ്ഥലം, അതായത് അനീഷ് അന്‍വര്‍ എന്ന സംവിധായകന്‍ അസാധ്യ ടെക്നീഷ്യന്‍ ആയിരുന്നതുകൊണ്ടുതന്നെ, എനിക്ക് സിനിമ എന്തെന്ന് പഠിക്കാന്‍ സാധിച്ചു. അവിടെ മുതല്‍ ആണ് സിനിമാമോഹി എന്ന ഞാന്‍ ഔദ്യോഗികമായി സിനിമാക്കാരന്‍ ആവുന്നത്. സിനിമ എന്നത് പ്രയത്നത്തിന്‍റെയും ഭാഗ്യത്തിന്‍റെയും കഴിവിന്‍റെയും ബന്ധങ്ങളുടെയും ആകെത്തുകയാണ്.
സിനിമയിലെ അസിസ്റ്റന്‍റ് എന്ന പദവി പിന്നീട് അസോസിയേറ്റ് എന്ന നിലയിലേയ്ക്കും, ചീഫ് അസോസിയേറ്റ് എന്ന നിലയിലേയ്ക്കും വളര്‍ന്നു. ഒപ്പം സിനിമയില്‍ നല്ല ബന്ധങ്ങളുടെ എണ്ണവും കൂടി. സിനിമയിലെ എന്‍റെ സുഹൃത് വലയങ്ങളില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും എന്‍റെ അഭിനയമോഹം നന്നായി അറിയുന്നതുകൊണ്ടുതന്നെ അവരുടെ സിനിമകളില്‍ സംവിധാനമേഖലയിലോ, അഭിനേതാവ് എന്ന നിലയിലോ ഭാഗം ആവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. സിനിമയില്‍ നിലനില്‍ക്കുക എന്നത് കഷ്ടപ്പാടിന്‍റെയും പ്രയത്നത്തിന്‍റെയും കഴിവിന്‍റെയും ബന്ധങ്ങളുടെയും ആകെത്തുകയാണ് എന്നുറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.
അഭിനയിച്ചതില്‍ ഏറെ പ്രശംസിക്കപ്പെട്ടത് രോമാഞ്ചവും രേഖാചിത്രവും
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏറ്റവും ചുരുങ്ങിയ ബഡ്ജറ്റില്‍ ഞങ്ങള്‍ കൊരട്ടിപ്പട്ടണം റെയില്‍വേ ഗേറ്റ് എന്ന പേരില്‍ ഒരു സിനിമ ചെയ്തിരുന്നു. ആ സിനിമയില്‍ നായകന്മാരില്‍ ഒരാളായിരുന്നു ഞാന്‍. അന്ന് തീയേറ്ററില്‍ സ്വന്തം മുഖം കണ്ട അനുഭവം വലുതായിരുന്നു. ഏറെ ആഗ്രഹങ്ങളുള്ള ഒരു വ്യക്തി തന്‍റെ ഏറ്റവും ആഗ്രഹിച്ച നിമിഷം അനുഭവിക്കുന്നതില്‍പ്പരം സന്തോഷം വേറെ ഇല്ല. പക്ഷേ, ആ സിനിമയ്ക്ക് അതിന്‍റേതായ ഒരുപാട് പോരായ്മകള്‍ ഉണ്ടായിരുന്നു. സിനിമ ആളുകളിലേക്ക് എത്തിയതേ ഇല്ല.
എങ്കിലും ആ അനുഭവം ഒരുപാട് കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചു. പിന്നീട് ഇഷ്ക്, രോമാഞ്ചം, രേഖാചിത്രം, ആഭ്യന്തരകുറ്റവാളി അടക്കം ഏതാണ്ട് പതിനഞ്ചോളം പടത്തില്‍ അഭിനയിച്ചെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് ഈ എടുത്തുപറഞ്ഞ സിനിമകളില്‍ തന്നെയാണ്. രോമാഞ്ചം ഇറങ്ങിയ സമയത്ത് പലരും തിരിച്ചറിയുമായിരുന്നു. എടുത്തുപറയുന്ന വലിയ കഥാപാത്രങ്ങള്‍ അല്ലെങ്കിലും ചെയ്ത കഥാപാത്രങ്ങള്‍ ആളുകളുടെ ഉള്ളില്‍ എന്‍റെ മുഖം പരിചിതം ആക്കാന്‍ സഹായകം ആയിട്ടുണ്ട്. എവിടെയെങ്കിലും ചെല്ലുമ്പോള്‍ ആളുകള്‍ 'എവിടെയോ കണ്ടിട്ടുണ്ട്... സിനിമയില്‍ ഉണ്ടോ...' എന്നൊക്കെ അന്വേഷിക്കുന്നതില്‍ ഉള്ളിന്‍റെ ഉള്ളില്‍ ഒരുപാട് സന്തോഷം നല്‍കിയിട്ടുണ്ട്.
രേഖാചിത്രത്തില്‍ ചീഫ് അസ്സോസിയേറ്റ് എന്ന സ്ഥാനം വഹിക്കുമ്പോഴാണ് അതില്‍ ആ വേഷം ചെയ്യുന്നത്. അതിലെ കഥാപാത്രം കണ്ട് ആസിഫ് അലി ഉള്‍പ്പെടെ ഒരുപാട് പേര് പ്രശംസിച്ചത് പ്രചോദനം ആയിരുന്നു.

ലക്ഷ്യം സ്വന്തം സിനിമ
നിലവില്‍ മലയാളം കണ്ട ഏറ്റവും വലിയ സിനിമകളില്‍ ഒന്നായ ആട് 3 യുടെ ചീഫ് അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിക്കുകയാണ്. ഇപ്പോഴത്തെ വിശേഷം അതുതന്നെയാണ്. ഇത്ര വലിയ സിനിമയുടെ ഭാഗം ആകാന്‍ സാധിക്കുന്നതിന്‍റെ സന്തോഷം വിലമതിക്കാന്‍ ആവാത്തതാണ്. അഭിനയത്തോടൊപ്പം സംവിധാനക്കുപ്പായം അണിയുക എന്ന മോഹവും ഏതാണ്ട് അധികദൂരമില്ലാത്ത ഒരു സ്വപ്നമായി മുന്നില്‍ നില്‍ക്കുന്നുണ്ട്. പുതുമയുള്ള, പ്രേക്ഷകരെ ത്രസിപ്പിക്കുന്ന നല്ലൊരു കഥ കൈ വന്നാല്‍ ഉടന്‍ ചെയ്യും. പരിശ്രമിക്കുന്നത് ഒന്നും വെറുതെ ആവില്ല എന്ന ശുഭാപ്തിവിശ്വാസം കൂടെ ഉണ്ട്.