NEWS

"ഈ സിനിമ ഫുൾ നെഗറ്റീവാണ്.. ക്ലൈമാക്സിൽ അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല..ഇതിന് എങ്ങനെ സെൻസറിങ് ലഭിച്ചെന്ന് എനിക്കറിയില്ല.."ഇടവേള ബാബു

News

അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിനെതിരെ വിമർശനവുമായി നടൻ ഇടവേള ബാബു. സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും ഇടവേള ബാബു പറഞ്ഞു.

''മുകുന്ദൻ ഉണ്ണി എന്നൊരു സിനിമ ഇറങ്ങി, അതിന് എങ്ങനെ സെൻസറിങ് ലഭിച്ചെന്ന് എനിക്കറിയില്ല. കാരണം ഫുൾ നെഗറ്റീവാണ്. തുടങ്ങുന്നത് തന്നെ ഞങ്ങൾക്കാർക്കും നന്ദി പറയാനില്ല എന്ന വാചകത്തോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാൻ ആവർത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല. ഈ സിനിമ ഫുൾ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആർക്കാണ് മൂല്യച്യുതി സംഭവിച്ചത്, പ്രേക്ഷകൾക്കാണോ സിനിമാക്കാർക്കാണോ? പ്രൊഡ്യൂസർക്ക് ലാഭം കിട്ടിയ സിനിമയാണ് അത്...

അങ്ങനെ ഒരു സിനിമയെ പറ്റി എനിക്കെന്നും ചിന്തിക്കാൻ പറ്റില്ല. ഞാൻ ഇതിനെ പറ്റി വിനീത് ശ്രീനിവാസനോട് വിളിച്ച് ചോദിച്ചു. ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും തയ്യാറായില്ല പക്ഷേ വിനീതിന് ഒഴിഞ്ഞുമാറാൻ പറ്റില്ല. കാരണം വിനീതിന്‍റെ അസിസ്റ്റന്റാണ് ആ പടം സംവിധാനം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാൾ എനിക്ക് അത്ഭുതം തോന്നിയത് പ്രേക്ഷകൻ എങ്ങോട്ടേക്കാണ് പോകുന്നതെന്നാണ്", ഇടവേള ബാബു പറഞ്ഞു.

നവംബർ 11ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് തുടങ്ങിയത് ജനുവരി 13ാം തീയതിയാണ്. വിമല്‍ ഗോപാലകൃഷ്ണനും അഭിനവ് സുന്ദര്‍ നായകും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.


LATEST VIDEOS

Top News