മലയാള സിനിമയിൽ വിവിധ കഥാപാത്രങ്ങളിലൂടെ ഏവരുടേയും മനസ്സ് കീഴടക്കിയ നടനാണ് ഇന്ദ്രൻസ്. മിനുട്ടുകൾ മാത്രം വന്ന് പോവുന്ന കോമഡി റോളുകളായിരുന്ന് ആദ്യകാലത്ത്. ഇപ്പൊൾ വളരെ തിരക്കുള്ള നടൻ കൂടിയാണ് ഇന്ദ്രൻസ്. ഹോം എന്ന സിനിമയ്ക്ക് ശേഷം കരിയർ ഗ്രാഫ് കുത്തനെ ഉയർന്ന ഇന്ദ്രൻസിന് കൈ നിറയെ അവസരങ്ങളാണ്. എല്ലാവരോടും വിനയത്തോടെടും സൗമ്യതയോടെയും സംസാരിക്കുന്ന നടന് ഹേറ്റേഴ്സും കുറവാണ്. ഇപ്പോഴിതാ താൻ മുമ്പ് ഒപ്പം പ്രവർത്തിച്ച താരങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ദ്രൻസ്.
"ജഗതി ചേട്ടൻ എന്നെ കൂടെ ചേർത്ത് നിർത്തി താളവും കാര്യങ്ങളുമൊക്കെ പഠിപ്പിച്ച ആളാണ്. കോസ്റ്റ്യൂമറായി വർക്ക് ചെയ്യുന്ന സമയത്ത് ആ വേഷം ഇന്ദ്രൻ ചെയ്യുമെന്ന് അദ്ദേഹം പറയും. ഗുരു സ്ഥാനീയനാണ്. ഒരു പടത്തിന് വേണ്ടി കാത്തിരിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യം വരുന്ന ബസിൽ കയറി അങ്ങ് പോണം. എത്ര ചെറുതായാലും വലിയ പടം വന്നാൽ അത് ഇട്ട് പോവരുതെന്നും'
'കെപിഎസി ലളിത ചേച്ചിയെ പോലെയായിരുന്നു. ഒരുപാട് ശകാരിക്കും. മാറി നിന്നാൽ ഓ ഇരിക്കുന്നത് കണ്ടില്ലേ ഇങ്ങ് വാ എന്ന് പറഞ്ഞ് വിളിക്കും. സുകുമാരി ചേച്ചിയും അങ്ങനെ ആയിരുന്നു'
'അഭിനയിക്കാൻ നിൽക്കുമ്പോൾ കോസ്റ്റ്യൂമും ഇടുന്ന ചെരുപ്പും കറക്ട് അല്ലെങ്കിൽ ലളിത ചേച്ചി ഒരുപാട് ഇറിറ്റേറ്റ് ആവും. അത് നമ്മൾ ശ്രദ്ധിക്കണം. അത്രയും ആത്മാർത്ഥത ഉള്ളത് കൊണ്ടാണത്. അതൊക്കെ എന്നെ നന്നാക്കിയിട്ടേ ഉള്ളൂ,' ഇന്ദ്രൻസ് പറഞ്ഞു.
'ഇവരെ പോലെ ക്വാളിറ്റി ഉള്ള ഒരു ചെറുപ്പക്കാരിയായിരുന്നു സിൽക് സ്മിത. പടത്തിൽ അവർക്ക് വേറെ ഇമേജ് ആണെങ്കിലും അവരും ഇത് പോലെ ആണ്. പാവം സ്ത്രീ ആണ്. കമ്പനി ആയിരുന്നില്ല. ഞാനവരുടെ അടുത്ത് ബഹുമാനത്തോടെയേ നിന്നിട്ടുള്ളൂ'..ഇന്ദ്രൻസ് പറഞ്ഞു