NEWS

"ഒരു ആര്‍ട്ടിസ്റ്റ് തക്കം കിട്ടിയ സമയം മമ്മൂട്ടിയുടെ കരണത്ത് ഒരു അടി..അറിഞ്ഞോണ്ട് തന്നെ അടിച്ചു..."കുണ്ടറ ജോണി അന്ന് പറഞ്ഞത്...

News

ജോണി മമ്മൂട്ടിയെ തല്ലിയ ആളെ ഒറ്റ ഇടിയും ചുരുട്ടി വലിച്ചൊരു ഏറും കൊടുത്തു. എല്ലാം കഴിഞ്ഞു അയാളുടെ അടുത്ത് പോയി ക്ഷമാപണം നടത്തി

ഒട്ടേറെ ചിത്രങ്ങളിൽ വില്ലനായും സ്വഭാവ നടനായുമൊക്കെ അഭിനയിച്ച് ഏവരുടെയും  പ്രിയങ്കരനായ നടനായിരുന്ന കുണ്ടറ ജോണി ചൊവാഴ്ചയാണ് അന്തരിച്ചത്. 100-ലധികം ചലച്ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ അടുത്തിടെ ജോണി ഒരു അഭിമുഖത്തിൽ മമ്മൂട്ടിയുമൊത്തുള്ള ആവനാഴി എന്ന സിനിമയിലെ സെറ്റിലുണ്ടായ ഒരു സംഭവം വെളിപ്പെടുത്തിയിരുന്നു. ഇരുവർക്കുമിടയിലുള്ള ബന്ധത്തിന്‍റ ആഴം വെളിപ്പെടുത്തുന്ന സംഭവമായിരുന്നു അത്. 


"ആവനാഴി ഷൂട്ട് നടക്കുകയാണ്. മമ്മൂട്ടിയെ നാട്ടുകാര്‍ തല്ലുന്ന ഒരു രംഗമാണ് എടുക്കുന്നത്. അപ്പോള്‍ പോലീസ് ജീപ്പില്‍ വരുന്ന ജോണി ജനങ്ങളെ മാറ്റി മമ്മൂട്ടിയെ രക്ഷിക്കുന്നു. ഇതാണ് രംഗം. തല്ലുന്ന നാട്ടുകാരില്‍ ഒരു ആര്‍ട്ടിസ്റ്റ് തക്കം കിട്ടിയ സമയം മമ്മൂട്ടിയുടെ കരണത്ത് ഒരു അടി. അറിയാതെ പറ്റിയതല്ല, അറിഞ്ഞോണ്ട് തന്നെ അടിച്ചു.

"ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സംവിധായകൻ ഐ വി ശശി അയാളെ മാറ്റാൻ പറഞ്ഞു. അടുത്ത സീനിൽ അയാൾ വേണ്ടെന്നും പറഞ്ഞു. അപ്പോള്‍ ജോണി പറഞ്ഞു, മാറ്റേണ്ട. അയാള്‍ അവിടെ നിന്നോട്ടെ. അയാളെ മാറ്റാൻ ഐ വി ശശി വീണ്ടും പറഞ്ഞപ്പോള്‍ ജോണി റിക്വസ്റ്റ് ചെയ്തു, അയാള്‍ അവിടെ നിക്കട്ടെ ശശിയേട്ടാ എന്ന്."
 

"അടുത്ത സീൻ വന്നു. ജോണി മമ്മൂട്ടിയെ രക്ഷിക്കുന്ന രംഗം. ജീപ്പില്‍ നിന്ന് ഇറങ്ങി ഓടി ചെന്ന ജോണി മമ്മൂട്ടിയെ തല്ലിയ ആളെ ഒറ്റ ഇടിയും ചുരുട്ടി വലിച്ചൊരു ഏറും കൊടുത്തു. എല്ലാം കഴിഞ്ഞു അയാളുടെ അടുത്ത് പോയി ക്ഷമാപണം നടത്തി, ഇച്ചിരി സ്പീഡ് കൂടി പോയി എന്ന് പറഞ്ഞു. ഇത് കഴിഞ്ഞു മമ്മൂട്ടി ചോദിച്ചു, താൻ എന്തിനാ അങ്ങനെ ചെയ്തത് എന്ന്. അപ്പോൾ ജോണിയുടെ മറുപടി ഇങ്ങനെ, 'നിങ്ങളെ തല്ലിയിട്ട് അവൻ അങ്ങനെ പോകേണ്ട' എന്ന്"- കുണ്ടറ ജോണി പറഞ്ഞു.

ഒരുകാലത്ത് ഏറ്റവും കൂടുതൽ ബലാത്സംഗ സീനുകളിൽ അഭിനയിച്ചത് താനായിരുന്നുവെന്നും പിന്നീട് അത്തരം സീനുകൾ ചെയ്യാതിരുന്നതിന്റെ കാരണവും നടൻ മറ്റൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിരുന്നു. വിവാഹ ശേഷമാണ് റേപ്പ് സീനിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 'വൈഫ് കോളേജിലാണ് പഠിപ്പിക്കുന്നത്... ഇയാള് പോകുമ്പോൾ ആളുകൾ കമന്റ് പറയും. പിന്നെ പിള്ളേരൊക്കെ വളർന്നുവരികയാണെല്ലോ." കുണ്ടറ ജോണി വ്യക്തമാക്കി"

1979-ൽ പുറത്തിറങ്ങിയ 'നിത്യവസന്തം' എന്ന മലയാള ചിത്രത്തിലൂടെ 23-ാം വയസ്സിൽ 55 വയസ്സുള്ള കഥാപാത്രത്തെ അവതരിപ്പിച്ചാണ് ജോണി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ 'വാഴ്‌കൈ ചക്രം', 'നാഡിഗൻ', തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. കൂടാതെ ടെലിവിഷൻ സീരിലുകളിലും അദ്ദേഹം അഭിനയിച്ചു. 2022 ൽ പുറത്തിറങ്ങിയ മേപ്പടിയാനാണ് നടൻ്റെ അവസാന ചിത്രം.


LATEST VIDEOS

Top News