തൃഷ, നടി ഖുശ്ബു, നടൻ ചിരഞ്ജീവി തുടങ്ങിയവർക്കെതിരെയാണ് നടൻ കേസ് ഫയൽ ചെയ്തിരിക്കുന്നത്
തെന്നിന്ത്യൻ നടി തൃഷയ്ക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന പേരിൽ വിവാദങ്ങളിൽപ്പെട്ട നടൻ മൻസൂർ അലി ഖാൻ ഹൈകോടതിയിലേക്ക്. മാനനഷ്ടക്കേസുമായാണ് നടൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
തനിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച തൃഷ, നടി ഖുശ്ബു, നടൻ ചിരഞ്ജീവി തുടങ്ങിയവർക്കെതിരെയാണ് നടൻ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇവർ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ നടൻ ആവശ്യപ്പെടുന്നുണ്ട്.
തമാശയായി പറഞ്ഞ കാര്യങ്ങൾ തെറ്റായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും വീഡിയോ പൂർണമായി കാണാതെയാണ് വിമർശനങ്ങൾ ഉന്നയിച്ചതെന്നും നടൻ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
കഴിഞ്ഞമാസം നവംബർ 19ന് ആയിരുന്നു നടൻ മൻസൂർ അലി ഖാൻ തൃഷയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ലോകമെമ്പാടുമായി 600 കോടിയിലധികം കളക്ഷൻ നേടിയ ദളപതി വിജയുടെ 'ലിയോ' സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു നടൻ്റെ സ്ത്രീവിരുദ്ധ പരാമർശം.
തൃഷയ്‌ക്കൊപ്പം ലിയോയിൽ അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് താൻ കരുതിയെന്ന് നടൻ പറഞ്ഞു. പഴയ സിനിമകളിൽ ബലാത്സംഗ സീനുകൾ ചെയ്തിട്ടുണ്ട്. മറ്റ് നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ തൃഷയേയും കൊണ്ടുപോകാമെന്ന് കരുതി. എന്നാൽ കാശ്മീരിലെ ഷൂട്ടിംഗ് സെറ്റിൽ തൃഷയെ അവർ കാണിച്ചില്ല"- നടൻ അഭിമുഖത്തിൽ പറഞ്ഞത്
സംഭവത്തിൽ തൃഷ നടൻ്റെ അഭിമുഖത്തിൻ്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ചുട്ട മറുപടി കൊടുക്കുകയും ചെയ്തിരുന്നു. വെറുപ്പുളവാക്കുന്ന രീതിയിൽ മൻസൂർ സംസാരിക്കുന്നതിന്റെ വീഡിയോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാമർശത്തെ ശക്തമായി അപലപിക്കുകയാണെന്നും നടി എക്സിൽ കുറിച്ചിരുന്നു. വളരെ മോശം സ്വഭാവമുള്ള ഒരാളുടെ പ്രസ്താവനയാണിത്. മൻസൂറിന് ആഗ്രഹിക്കാം. പക്ഷേ അദ്ദേഹത്തെപ്പോലുള്ള ഒരാളുമായി ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തത് ആശ്വാസകരമാണെന്നും ഇനിയൊരിക്കലും അദ്ദേഹത്തെപ്പോലൊരാളുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.
പരാമർശത്തിൽ നിന്നും പിന്നോട്ടില്ലെന്നും മാപ്പ് പറയില്ലെന്നും പറഞ്ഞ നടൻ ഒടുവിൽ മാപ്പ് പറയുകയും ചെയ്തിരുന്നു. കൂടാതെ നടൻ്റെ സ്ത്രീവിരുദ്ധ പരാമർശ പ്രസംഗത്തിന് ശേഷം, നടിഗർ സംഘം (ചലച്ചിത്ര സംഘം) നടനെ താൽക്കാലികമായി വിളക്കും ഏർപ്പെടുത്തിയിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾചുമത്തിയാണ് നടനെതിരെ കേസെടുത്തിരുന്നത്.