അമിതാഭ് ബച്ചൻ ഒഴികെയുള്ള താരങ്ങളും തിരുവനന്തപുരത്തെത്തും.
ജയിലർ എന്ന ചിത്രത്തിന്റെ ചരിത്ര വിജയത്തിന് ശേഷം സൂപ്പർസ്റ്റാർ രജനീകാന്തിൻ്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി നടൻ ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. പത്തുദിവസമാകും രജനികാന്ത് തിരുവനന്തപുരത്തു ഉണ്ടാവുക. 'തലൈവർ 170' എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് നടക്കുക. ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് നടൻ എത്തുന്നത്.
വെള്ളായണി കാർഷിക കോളേജിലും, ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം നടക്കുക. ഇതാദ്യമായാണ് നടൻ രജനികാന്ത് തലസ്ഥാനത്ത് ഒരു സിനിമയുടെ ചിത്രീകരണം നടത്തുന്നത്. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും. രജനി ചിത്രങ്ങളായ രാജാധിരാജ, മുത്ത് എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ നേരത്തെ അതിരപ്പിള്ളിയിൽ ചിത്രീകരിച്ചിരുന്നു.
ജയ് ഭീം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രശസ്തി നേടിയ ടി ജെ ജ്ഞാനവേലാണ് സംവിധായകൻ. തമിഴ് നിർമ്മാണ കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനരിൽ സുബാഷ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി എന്നിവരാണ് മറ്റ് താരങ്ങൾ. 32 വർഷങ്ങൾക്ക് ശേഷം രജനിയും ബച്ചനും ഒന്നിച്ച് അഭിനയിക്കുന്നു ചിത്രം കൂടിയാണ്. അമിതാഭ് ബച്ചൻ ഒഴികെയുള്ള താരങ്ങളും തിരുവനന്തപുരത്തെത്തും.