NEWS

ജിതിന്‍ പൊളിച്ചല്ലോ!

News

 

പടക്കളം തിയേറ്ററുകളിലെത്തിയപ്പോള്‍, അതില്‍ ജിതിന്‍  നായക വേഷത്തിലെത്തിയപ്പോള്‍ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞു, സന്ദീപിന്‍റെ റേഞ്ച് മാറിയെന്ന്. സന്ദീപിന്‍റെ രണ്ടാമത്തെ ഹിറ്റാണ് പടക്കളം. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാനയിലെ ഷിഫാസ് നായകനോളം കയ്യടി നേടിയിരുന്നു.  ഇനി വരാനിരിക്കുന്ന കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ സ്വീകാര്യത നേടിയ കിഷ്കിന്ധാകാണ്ഡം ടീമിന്‍റെ വരാനിരിക്കുന്ന ചിത്രത്തില്‍ നായക വേഷത്തില്‍ സന്ദീപ് എത്തുന്നുവെന്ന സന്തോഷം പറഞ്ഞുകൊണ്ട് സന്ദീപ് 'നാന'യോട് സംസാരിച്ചു.

ജിതിന്‍ പൊളിച്ചല്ലോ, എത്രത്തോളം ഹാപ്പിയാണ്?

ആലപ്പുഴ ജിംഖാനയുടെ ചിത്രീകരണ സമയത്താണ് ഫ്രൈഡേ ഫിലിംസില്‍നിന്ന് പടക്കളത്തിന് വേണ്ടിയുള്ള ഫസ്റ്റ് കാള്‍ വരുന്നത്. ഫാമിലിയിലെ എന്‍റെ പെര്‍ഫോമന്‍സ് കണ്ടാണ് അവര്‍ വിളിച്ചത്. വളരെ എക്സൈറ്റ്മെന്‍റോടെ കേട്ട ഒരു സ്ക്രിപ്റ്റായിരുന്നു പടക്കളത്തില്‍. ഫാന്‍റസി- കോമഡി ടോണറില്‍ വരുന്ന കഥ. ഇത് വെര്‍ബലി പറഞ്ഞു കണ്‍വിന്‍സ് ചെയ്യിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ സംവിധായകന്‍ മനു ഗംഭീര സ്റ്റോറി നരേറ്ററാണ്. അതുകൊണ്ടുതന്നെ കഥ വളരെ ത്രില്ലിങ്ങായി എന്‍ജോയ് ചെയ്യാന്‍ സാധിച്ചു. മനു കഥ പറയുമ്പോള്‍ തന്നെ വിഷ്വല്‍ കിട്ടുന്നുണ്ടായിരുന്നു. അതുപോലെ ജിതിന്‍ എന്ന കഥാപാത്രം രണ്ട് ഷെയ്ഡുള്ള ആക്ടര്‍ എന്ന നിലയില്‍ പരമാവധി എക്സ്പ്ലോര്‍ ചെയ്യാന്‍ കഴിയുന്ന കഥാപാത്രമാണ്. എന്നെ സംബന്ധിച്ച് ആദ്യപകുതിയിലെ ജിതിനുമായി പേഴ്സണലി എനിക്കൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ വളരെ എക്സൈറ്റിങ്ങായി മറ്റൊരാളെ പ്ലേ ചെയ്യുകയാണ് ചെയ്തത്. അത് എല്ലാരിലേക്കും എത്തിയതിലും മികച്ച പ്രതികരണം വരുന്നതിലും ഞാന്‍ ഹാപ്പിയാണ്.

സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദ്ദീന്‍ ഇവര്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍?

മിന്നല്‍ മുരളിയുടെ സംവിധാനടീമിലെല്ലാം മനു ഉണ്ടായിരുന്നു. അന്നുമുതല്‍ ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ട്. മനു ഈ കഥ പറയുമ്പോള്‍തന്നെ ജിതിന്‍, ഷാജി, രഞ്ജിത്ത് ഇവര്‍ മൂന്നുപേരിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. സാഹചര്യങ്ങളില്‍ സംഭവിക്കുന്ന തമാശകളായതുകൊണ്ടുതന്നെ സുരാജേട്ടനായാലും ഷറഫുദ്ദീനിക്കയായാലും കോമഡി കിങ്ങുകളാണ്. അവരുടെ കൂടെ പിടിച്ചുനില്‍ക്കുക എന്നത് വെല്ലുവിളിയായിരുന്നു. പടക്കളത്തില്‍ നമ്മള്‍ സാധാരണ രീതിയില്‍ കണ്ട ഫാന്‍റസി എലമെന്‍റുകളല്ല. സാഹചര്യങ്ങളില്‍ സംഭവിക്കുന്നതാണ്. എന്നെ ഏറ്റവും കൂടുതല്‍ കഥാപാത്രം ചെയ്യാന്‍ സഹായിച്ചതും അവരായിരുന്നു. ഓഫ് സ്ക്രീനില്‍ അവര്‍ എന്നെ അത്രയും കംഫര്‍ട്ടാക്കിയപ്പോള്‍ തന്നെ, ഞങ്ങള്‍ തമ്മിലുണ്ടായ ബോണ്ട് ജിതിനെ നന്നായി ചെയ്യാന്‍ സഹായിച്ചിട്ടുണ്ട്. ഞങ്ങള്‍ മൂന്നുപേര്‍ക്കും പരസ്പരം മൂന്നുപേരുടെയും കഥാപാത്രത്തെക്കുറിച്ച് ക്ലാരിറ്റി ഉണ്ടായിരുന്നു. ഓരോരുത്തരുടെ പോയിന്‍റ് ഓഫ് വ്യൂയില്‍ ആ കഥാപാത്രത്തെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കുമ്പോള്‍ അത് ഓരോ സീനുകള്‍ എടുക്കുമ്പോള്‍ സഹായകമായിട്ടുണ്ട്.

ആലപ്പുഴ ജിംഖാനയായിരുന്നു ആദ്യത്തെ ഹിറ്റ്?

ഞാന്‍ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരുപാട് സംവിധായകരുണ്ട്. അതില്‍ ഒരാളായിരുന്നു ഖാലിദ് റഹ്മാന്‍ എന്ന സംവിധായകന്‍. ആക്ടര്‍ എന്ന രീതിയില്‍ എന്നെത്തന്നെ എനിക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞ ഒരു കഥാപാത്രമായിരുന്നു ആലപ്പുഴ ജിംഖാനയിലേത്. ഫാമിലി റിലീസ് ചെയ്തു ഒരു മാസമായപ്പോഴേക്കും റഹ്മാനിക്കയുടെ കാള്‍ വന്നിരുന്നു. ഞാന്‍ അതുവരെ ചെയ്യാത്ത ഒരുപാട് കാര്യങ്ങള്‍ അതില്‍ എനിക്ക് ചെയ്യാന്‍ സാധിച്ചു. ഫിസിക്കല്‍ ട്രാന്‍സ്ഫോര്‍മേഷന്‍, ബോക്സര്‍ അതുപോലെ ലൗഡായ ഓവര്‍ കോണ്‍ഫിഡന്‍റായ കഥാപാത്രം. ഞാന്‍ ലൈഫില്‍ അന്നുവരെ എക്സ്പ്ലോര്‍ ചെയ്യാത്തതാണ് ഷിഫാസിനെ അവതരിപ്പിച്ചപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞത്. ഷിഫാസിന് കിട്ടിയ മാസ്സ് സീനുകളും കയ്യടികളും എന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു.

ഫാമിലിക്ക് ശേഷമാണോ കരിയറിനെ സീരിയസായി കണ്ടുതുടങ്ങിയത്?

സിനിമ എനിക്ക് പണ്ടും ഇപ്പോഴുമെല്ലാം സീരിയസാണ്. പതിനെട്ടാംപടിയില്‍ ഓഡിഷന്‍ വഴിയാണ് എത്തുന്നത്. രണ്ടാമത്തെ ഒരു ഫെസ്റ്റിവല്‍ ചിത്രത്തില്‍ നായകനായി അഭിനയിച്ചു. പക്ഷേ അത് റിലീസ് ചെയ്തില്ല. പക്ഷേ ഒരുപാട് നല്ല നിരൂപണങ്ങള്‍ വന്ന വര്‍ക്കായിരുന്നു. പിന്നീട് അന്താക്ഷരിയില്‍ അഭിനയിച്ചു. പക്ഷേ എനിക്ക് ഒരു ഐഡന്‍റിറ്റി കിട്ടുന്നത് ഫാമിലിയിലെ വേഷമായിരുന്നു. എന്നെ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നതും ഇഷ്ടപ്പെടുന്നതും അതിന്‍റെ ഭാഗമായതില്‍ പിന്നെയാണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിന് താഴെ പോകാത്ത കഥാപാത്രമായിരിക്കണം ചെയ്യേണ്ടതെന്ന നിര്‍ബന്ധവും ഉത്തരവാദിത്തവും എനിക്കുണ്ടെന്ന് വിശ്വസിക്കുന്നുണ്ട്. എനിക്ക് വരുന്ന പ്രോജക്ടുകള്‍ എപ്പോഴും നല്ലതായി വരുകയും ചെയ്തുവെന്നത് ലക്ക് ഫാക്ടര്‍ കൂടിയാണ്. നല്ല സിനിമകളുടെ ഭാഗമാവുക എന്നത് ഞാന്‍ തുടക്കത്തിലെ എടുത്ത തീരുമാനമാണ്. നമുക്ക് മുന്നില്‍തന്നെ എത്രപേരാണ് വര്‍ഷങ്ങളോളം സ്ട്രഗിള്‍ ചെയ്തിട്ടാണ് നായകനിരയിലേക്ക് എത്തുന്നത്. പക്ഷേ എന്നെ സംബന്ധിച്ച് ഭാഗ്യം വന്നുചേര്‍ന്നതായിരിക്കണം.

സിനിമയില്‍ എത്തിപ്പെടാന്‍ എളുപ്പമായിരുന്നോ?

ഓര്‍മ്മവച്ച കാലം മുതലുള്ള സ്വപ്നമായിരുന്നു സിനിമ. അതെന്‍റെയുള്ളില്‍ എപ്പോഴാണ് പൊട്ടിമുളച്ചതെന്ന് എനിക്കറിയില്ല. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ ടീച്ചറുടെ ആരാവണമെന്ന ചോദ്യത്തിന് എന്‍റെ ചുറ്റും ഇരിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഉത്തരം ഉണ്ടായപ്പോള്‍ എനിക്ക് ഉണ്ടായിരുന്നില്ല. അന്ന് ടീച്ചര്‍ എന്നോട് പറഞ്ഞു, എന്തെങ്കിലുമൊരു ലക്ഷ്യം വേണമെന്നും, അത് എന്തായാലും കുഴപ്പമില്ലെന്നും പക്ഷേ നമ്മള്‍ ആരാവണമെന്നത് നമ്മളില്‍ ഒരു ബോധം വേണമെന്നും പറഞ്ഞു. അത് എന്നെ ഉറങ്ങാന്‍ പോലും സാധിക്കാതെ അലോസരപ്പെടുത്തിയ ഒന്നായിരുന്നു. പിന്നീട് എന്‍റെ തീരുമാനത്തില്‍ വന്നതായിരുന്നു സിനിമ എന്നത്. കാണുന്ന സിനിമകളിലെ കഥാപാത്രങ്ങള്‍ സ്ലോമോഷനെല്ലാം ചേര്‍ത്ത് ഞാന്‍ തന്നെ അഭിനയിക്കും. സ്ക്രീനില്‍ ഓരോരുത്തര്‍ക്കും കിട്ടുന്ന സ്വാഗ് എനിക്കും വേണമെന്ന് തോന്നും. അങ്ങനെയാണ് ആ പ്രായത്തില്‍ ഞാനൊരു നടനാകുമെന്ന് ഉറപ്പിക്കുന്നത്. വലിയ സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബമായിരുന്നില്ല, പക്ഷേ എന്നെക്കാള്‍ എന്നില്‍ അവര്‍ക്ക് വിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് എന്നോട് എന്‍റെ സ്വപ്നങ്ങളില്‍ നിന്ന് മാറാന്‍ അവര്‍ ഒരിക്കല്‍ പോലും പറഞ്ഞില്ല.

 


LATEST VIDEOS

Interviews