കാക്കനാട്: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യേണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. മൂന്ന് തവണ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതിരുന്നതിനെ തുടർന്ന് നടന്റെ ലൈസൻസ് ഉടൻ റദ്ദാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, സിനിമാ താരമെന്ന നിലയിലെ തിരക്കുകൾ പരിഗണിച്ച് സുരാജിന് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ കുറച്ചുസമയം കൂടി അനുവദിച്ചു. വാഹനാപകടത്തിൽ പോലീസിന്റെ എഫ് ഐ ആർ മാത്രം പരിശോധിച്ച് ആരുടെയും ഡ്രൈവിംഗ് ലൈസൻസ് ചെയ്യരുതെന്നും ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് നിർദ്ദേശം പുറപ്പെടുവിച്ചു.
എറണാകുളം ആർ ടി ഓഫീസിൽ നിന്നാണ് സുരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാനുള്ള സമയം നീട്ടിനൽകിയത്. എഫ് ഐ ആർ വിശദമായി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്ത ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നും ആർ ടി ഒ, ജോയ്ന്റ് ആർ ടി ഒ ഓഫീസുസുകൾക്ക് നിർദ്ദേശം ലഭിച്ചു. നടൻ സൂരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന വാർത്തകൾ മാധ്യമങ്ങളിൽ വന്നിതിന് പിന്നാലെയാണ് പുതിയ നിർദ്ദേശം എന്നാണ് സൂചന.
കഴിഞ്ഞ ജൂലായ് 29 ന് രാത്രി സുരാജ് വെഞ്ഞാറമൂട് അമിത വേഗതയിൽ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ പാലാരിവട്ടം പോലീസാണ് കേസെടുത്തത്. തുടർ നടപടിക്കായി മോട്ടോർ വാഹന വകുപ്പിന് കൈമാറി. ഈ അപകടത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണം എന്ന് ചൂണ്ടിക്കാട്ടി എറണാകുളം ആർ ടി ഓഫീസിൽ നിന്ന് നോട്ടീസ് നൽകി. സുരാജിന് രജിസ്ട്രേഡ് തപാലിൽ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്റെ രസീത് ആർ ടി ഒ യ്ക്ക് മടക്ക തപാലിൽ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടാമതും മൂന്നാമതും സുരാജിന് നോട്ടീസ് അയച്ചിരുന്നെങ്കിലും നടൻ വിശദീകരണം നൽകാൻ തയ്യാറായിരുന്നില്ല.